അണ്ഡവും ബീജവുമില്ലാതെ മൂലകോശങ്ങള്‍ ഉപയോഗിച്ച് കൃത്രിമ മനുഷ്യ ഭ്രൂണം നിര്‍മിച്ച് ഗവേഷകര്‍

അണ്ഡവും ബീജവുമില്ലാതെ മൂലകോശങ്ങള്‍ ഉപയോഗിച്ച് കൃത്രിമ മനുഷ്യ ഭ്രൂണം നിര്‍മിച്ച് ഗവേഷകര്‍

ന്യുയോര്‍ക്ക്:  ബീജവും അണ്ഡവുമില്ലാതെ കൃത്രിമ മാര്‍ഗത്തിലൂടെ പുതിയൊരു ജീവന്റെ ആദ്യഘട്ടം സൃഷ്ടിച്ചെടുത്തിരിക്കുകയാണ് ഗവേഷകര്‍. ജീവന്റെ സ്വാഭാവിക പ്രക്രിയയായ അണ്ഡ - ബീജ സങ്കലനം ഇല്ലാതെ മൂലകോശങ്ങളില്‍ (stem cells) നിന്ന് മനുഷ്യഭ്രൂണത്തിന് സമാനമായ കൃത്രിമ സിന്തറ്റിക് ഭ്രൂണം (synthetic human embryo) ലാബില്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ്‌ ഗവേഷകര്‍. അന്താരാഷ്ട്ര മാധ്യമമായ 'ദി ഗാര്‍ഡിയനാണ്' ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 

ബീജവും അണ്ഡവുമില്ലാതെ, ഇവ പരസ്പരം സംയോജിക്കാതെ ഭ്രൂണമുണ്ടാകില്ലെന്ന പ്രകൃതി നിയമത്തെ ശാസ്ത്രത്തിന്റെ സഹായത്തോടെ മറികടന്നിരിക്കുകയാണ് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും കേംബ്രിഡ്ജ് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍.

അതേസമയം, ഗവേഷകര്‍ നിലവില്‍ നിര്‍മിച്ചിരിക്കുന്ന ഭ്രൂണത്തിന് മനുഷ്യക്കുഞ്ഞുങ്ങളെ പോലെ ഹൃദയമോ തലച്ചോറോ ഒന്നുമില്ല. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഈ മോഡല്‍ ഭ്രൂണങ്ങള്‍ക്ക് ജനിതക വൈകല്യങ്ങളുടെ കാരണങ്ങളെക്കുറിച്ചും ആവര്‍ത്തിച്ച് ഗര്‍ഭം അലസാനുള്ള കാരണങ്ങളെക്കുറിച്ചുമുള്ള നിര്‍ണായക ഉള്‍ക്കാഴ്ച നല്‍കാന്‍ സാധിക്കും. ഈ ഘടനകള്‍ക്ക് സ്പന്ദിക്കുന്ന ഹൃദയവും വികസിക്കുന്ന മസ്തിഷ്‌കവും ഇല്ലെങ്കിലും പ്ലാസന്റ, ഭ്രൂണം എന്നിവയിലേക്ക് വികസിക്കുന്ന കോശങ്ങളും അവയില്‍ അടങ്ങിയിരിക്കുന്നു.

നിലവില്‍ ഗവേഷകര്‍ സൃഷ്ടിച്ചിരിക്കുന്ന മനുഷ്യന്റേതിന് സമാനമായ ഭ്രൂണത്തെ വിവിധ പഠനങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുക

'ഇത് മനുഷ്യന്റെ ഭ്രൂണമല്ല- അക്കാര്യം ഞങ്ങള്‍ ഉറപ്പിച്ച് പറയുന്നു. മനുഷ്യ ഭ്രൂണത്തിന്റെ മാതൃകയാണിത്. എന്തുകൊണ്ട് ഗര്‍ഭധാരണം പരാജയപ്പെടുന്നു, എന്തുകൊണ്ട് ഗര്‍ഭാവസ്ഥയിലിരിക്കെ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടുന്നു, എന്തുകൊണ്ട് ഗര്‍ഭാവസ്ഥയിലിരിക്കെ തന്നെ അവരെ പല അസുഖങ്ങളും ബാധിക്കുന്നു തുടങ്ങിയ നിര്‍ണായകമായ വിവരങ്ങളെല്ലാം മനസിലാക്കുന്നതിലേക്ക് ഈ കണ്ടെത്തല്‍ വെളിച്ചം വീശുക തന്നെ ചെയ്യും....'- ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊ. മഗ്ദലെന്‍സ സെര്‍നിക ഗോയറ്റ്സ് പറയുന്നു.

ജീവന്‍ സൃഷ്ടിക്കുകയല്ല, മറിച്ച് ആ നഷ്ടം തടയുക എന്നതാണ് തന്റെ ഗവേഷണത്തിന്റെ ലക്ഷ്യമെന്ന് പ്രൊ. മഗ്ദലെന്‍സ പറഞ്ഞു.

അതേസമയം, ഇവയുടെ സൃഷ്ടി നിയമപരവും ധാര്‍മ്മികവുമായ പ്രത്യാഘാതങ്ങള്‍ ഉയര്‍ത്തുന്നു. കണ്ടുപിടിത്തം നടത്തിയ ലാബിന്റെ പ്രവര്‍ത്തനം ബ്രിട്ടനിലും മറ്റ് രാജ്യങ്ങളിലും നിലവിലുള്ള നിയമത്തിന് പുറത്തായതിനാല്‍ നിയമ പ്രശ്നങ്ങളും ഉയര്‍ത്തുന്നുണ്ട്. ആണും പെണ്ണുമില്ലാതെ ജീവന്‍ സൃഷ്ടിക്കുന്നത് അപകടകരമാണെന്ന ആശങ്ക ഉയരുന്നുണ്ട്.

ഒരു രോഗിയുടെ ഗര്‍ഭപാത്രത്തില്‍ സിന്തറ്റിക് ഭ്രൂണങ്ങള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. മാത്രമല്ല ഈ ഘടനകള്‍ക്ക് വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങള്‍ക്കപ്പുറം പക്വത പ്രാപിക്കാന്‍ കഴിയുമോ എന്നത് സംബന്ധിച്ചും വിശദമായ പഠനങ്ങള്‍ ആവശ്യമാണ്.

ശാസ്ത്രജ്ഞര്‍ക്ക് നിലവില്‍ ലാബില്‍ ഭ്രൂണങ്ങള്‍ വളര്‍ത്താന്‍ 14 ദിവസത്തെ നിയമപരമായ പരിധി മാത്രമേ അനുവദിക്കുന്നുള്ളൂ. ശാസ്ത്രജ്ഞര്‍ക്ക് 'ബ്ലാക്ക് ബോക്‌സ്' വികസന കാലഘട്ടം മനസിലാക്കാനാണിതെന്ന് 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു.

കൃത്രിമ ഭ്രൂണം വികസിപ്പിക്കുന്നതിനുള്ള ആദ്യ പഠനമല്ല ഇത്. ഇസ്രായേലി ശാസ്ത്രജ്ഞര്‍ അടുത്തിടെ പെട്രി ഡിഷില്‍ സംസ്‌കരിച്ച സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് ഗര്‍ഭാശയത്തിന് പുറത്ത് ഒരു കൃത്രിമ ഭ്രൂണം വികസിപ്പിച്ചെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.