റഷ്യ‍ ബെലാറസിൽ ആണവ ആയുധങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പുടിൻ; യുക്രെയ്നെതിരെ പ്രയോഗിക്കാനുളള സാധ്യത തളളി അമേരിക്ക

റഷ്യ‍ ബെലാറസിൽ ആണവ ആയുധങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പുടിൻ; യുക്രെയ്നെതിരെ പ്രയോഗിക്കാനുളള സാധ്യത തളളി അമേരിക്ക

മോസ്കോ: യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ, തന്ത്ര പ്രധാനമായ ആണവായുധങ്ങളുടെ ആദ്യ ശേഖരം അയൽ രാജ്യമായ ബെലാറുസിൽ വിന്യസിപ്പിച്ച് റഷ്യ. മുൻ‌ നിശ്ചയിച്ച പദ്ധതി പ്രകാരം ബെലാറൂസിന് ആദ്യഘട്ട ആണവായുധങ്ങൾ കൈമാറിയെന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനാണ് അറിയിച്ചത്. പദ്ധതി പ്രഖ്യാപിച്ച് മൂന്നു മാസത്തിനകമാണ് നടപടി.

എന്നാൽ, യുക്രെയ്നു നേരെ റഷ്യ ആണവായുധം പ്രയോഗിക്കാൻ സാധ്യത കാണുന്നില്ലെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. റഷ്യക്കെതിരേ യുക്രെയ്ൻ പ്രത്യാക്രമണം കടുപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് ആണവായുധങ്ങൾ ബെലാറുസിലെത്തുന്നത്. റഷ്യയുടെ പ്രധാന സഖ്യകക്ഷിയാണ് യുക്രെയ്ന്റെയും അയൽരാജ്യമായ ബെലാറുസ്.

വെള്ളിയാഴ്ച സെയ്ന്റ് പീറ്റേഴ്‌സ്‌ ബർഗിൽനടന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറം സംഘടിപ്പിച്ച ചർച്ചയിലാണ് ആണവായുധങ്ങൾ ബെലാറുസിൽ വിന്യസിച്ച കാര്യം സ്ഥിരീകരിച്ചത്. റഷ്യയുടെ ഈ നീക്കം ഒരു അടക്കിനിർത്തൽമാത്രമാണ്. ഒപ്പം, തന്ത്രപരമായി റഷ്യക്കു മേൽ പരാജയം അടിച്ചേൽപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്കുള്ള ഓർമപ്പെടുത്തലാകുമിതെന്നും പുടിൻ പറഞ്ഞു.

ആഫ്രിക്കൻ നേതാക്കൾ സമാധാന ചർച്ചക്കായി ഉക്രെയ്നിൽ എത്തിയപ്പോൾ നടത്തിയ ചർച്ചക്കിടെ, ആണവായുധ പ്രയോഗത്തിനുള്ള സാധ്യതയെ സംബന്ധിച്ച മോഡറേറ്ററുടെ ചോദ്യത്തിന് എന്തിനാണ് തങ്ങൾ മുഴുവൻ ലോകത്തെയും ഭീഷണിപ്പെടുത്തുന്നതെന്ന് പുട്ടിൻ തിരിച്ചു ചോദിച്ചു. റഷ്യൻ ഭരണകൂടത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലോ അതിർത്തിക്കുള്ളിലേക്ക് ആരെങ്കിലും പ്രകോപനമുണ്ടാക്കിയാലോ മാത്രമേ ആണവായുധം പ്രയോഗിക്കുകയുള്ളൂവെന്ന് നേരത്തേത്തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പ്രസിഡന്റ് മറുപടിയും കൊടുത്തു.

റഷ്യയിൽ നിന്നുള്ള ബോംബുകളും മിസൈലുകളും അടങ്ങിയ ആണവായുധ ശേഖരം രാജ്യത്തെത്തിയതായി ബെലാറുസ്‌ പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ ഈയാഴ്ച ആദ്യം അവകാശപ്പെട്ടിരുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും പ്രയോഗിച്ചതിനെക്കാൾ മൂന്നുമടങ്ങ് ആണവ ശേഷിയുള്ള ബോംബുകളാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനു പിന്നാലെയാണ് റഷ്യൻ പ്രസിഡന്റിന്റെ സ്ഥിരീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.