അമേരിക്കയിൽ രണ്ട് ദിവസത്തിനിടെ വെടിയേറ്റത് 38 പേർക്ക്

അമേരിക്കയിൽ രണ്ട് ദിവസത്തിനിടെ വെടിയേറ്റത് 38 പേർക്ക്

വാഷിം​ഗ്ടൺ ഡിസി: അമേരിക്കയിൽ വെടിവെയ്പ്പുകൾ തുടർക്കഥയാകുന്നു. യു.എസിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ചയും ഞായറാഴ്ചയുമായി റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് വ്യത്യസ്ത കൂട്ട വെടിവയ്പ്പുകളിൽ 38 പേർക്ക് വെടിയേറ്റു. ഈ വർഷം ഇതുവരെ യുഎസിൽ നടന്നത് 305 ലധികം കൂട്ട വെടിവയ്പ്പുകൾ.

ഞായറാഴ്ച പുലർച്ചെ 1.45 ഓടെ മിസോറിയിലെ സെന്റ് ലൂയിസ് നഗരത്തിലെ കെട്ടിടത്തിലുണ്ടായ വെടിവെയ്പ്പിൽ പ്രായ പൂർത്തിയാകാത്ത ഒരാൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടയാളുടെയും പരിക്കേറ്റവരുടെയും പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

അതിനിടെ, ഇല്ലിനോയിസിലെ വില്ലോബ്രൂക്കിൽ ഞായറാഴ്ച പുലർച്ചെ 12.30 ന് 20 പേർക്ക് വെടിയേറ്റു. വെടിവെയ്പ്പിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റവരെ ആംബുലൻസിൽ വിവിധ ആശുപത്രികളിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു.

യുഎസ് ആഭ്യന്തര യുദ്ധത്തിന്റെ അവസാനത്തിൽ അടിമകളാക്കിയ കറുത്ത വർഗ്ഗക്കാരുടെ വിമോചനം ആഘോഷിക്കുന്ന അവധി ദിനമായ ജൂണടീന്ത് ആഘോഷത്തിനിടെയാണ് വില്ലോബ്രൂക്ക് വെടിവയ്പ്പ് നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ തെക്കൻ കാലിഫോർണിയയിലെ ഒരു വീട്ടിൽ നടന്ന വെടിവെപ്പിൽ എട്ട് പേർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സെന്റ് ലൂയിസിലും വില്ലോബ്രൂക്കിലും വെടിവയ്പ്പ് നടന്നത്.

ലോസ് ഏഞ്ചൽസിന്റെ തെക്ക് ഭാഗത്തുള്ള കാർസണിലെ ഒരു പൂൾ പാർട്ടിയിൽ അർദ്ധ രാത്രിക്ക് ശേഷം വെടിവയ്പ്പ് നടന്നതായി കെഎബിസി റിപ്പോർട്ട് ചെയ്തു. 16 നും 24 നും ഇടയിൽ പ്രായമുള്ളവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ അഞ്ച് പേരുടെ തലയിലും പുറകിലും ശരീരത്തിന്റെ മുകളിലും താഴെയുമുള്ള ഭാഗങ്ങളിൽ മുറിവുകളുണ്ടെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് വകുപ്പ് അറിയിച്ചു.

കാർസൺ വെടിവയ്പ്പ് നടക്കുമ്പോൾ ഒരു കാർ സമീപത്തെ മതിലിൽ ഇടിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് വെടിയുണ്ടയേറ്റ നിലയിൽ പതിനാറുകാരനെ കണ്ടെത്തി. യുഎസിലുടനീളം നടക്കുന്ന വെടിവെയ്പ്പിനു പിന്നാലെ ഫെഡറൽ തോക്ക് നിയമത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സർക്കാരിനു മേൽ സമ്മർദ്ധം വർ‌ധിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.