ഒട്ടാവ: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച, ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച വൈകുന്നേരം ഗുരുദ്വാരയ്ക്കുള്ളില്‍ അജ്ഞാതരായ രണ്ട് യുവാക്കളാണ് നിജ്ജാറിന് നേരെ വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം. കാനഡയില്‍ സിക്കുകാര്‍ കൂടുതലുള്ള ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ സറെ സിറ്റിയില്‍ വെച്ചാണ് വെടിവെപ്പ് ഉണ്ടായത്. കാനഡയിലെയും യുഎസിലെയും ഇന്ത്യന്‍ എംബസികള്‍ക്കു നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം എന്‍.ഐ.എ (ദേശീയ അന്വേഷണ ഏജന്‍സി) ഏറ്റെടുത്തെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവന്‍ കൊല്ലപ്പെടുന്നത്.
ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊലപ്പെടുത്തി പഞ്ചാബിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിജ്ജാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യ അടുത്തിടെ പുറത്തുവിട്ട 40 ഭീകരരുടെ പട്ടികയിലും 46 വയസുകാരനായ ഹര്‍ദീപ് സിങ് നിജ്ജാറുണ്ട്. കാലങ്ങളായി എന്‍ഐഎയുടെ വാണ്ടഡ് പട്ടികയിലുള്ള നിജ്ജാര്‍ കാനഡയില്‍ ഖലിസ്ഥാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടിരിക്കുകയായിരുന്നു.
എന്‍ഐഎയുടെ നാലിലധികം കേസുകളില്‍ പ്രതിയായ നിജ്ജാറിന്റെ തലയ്ക്ക് എന്‍ഐഎ കഴിഞ്ഞ ജൂലൈയില്‍ 10 ലക്ഷം രൂപ വിലയിട്ടത്. ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള 'സിഖ് ഫോര്‍ ജസ്റ്റിസ്' പ്രസ്ഥാനവുമായും അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ പല വിഘടനവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു.
അടുത്തിടെയായി ഖലിസ്ഥാന്‍ നേതാക്കള്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്ന സംഭവ പരമ്പരകളിലെ അവസാന സംഭവമാണിത്. ബ്രിട്ടനിലെ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് (കെഎല്‍എഫ്) തലവന്‍ അവതാര്‍ സിങ് ഖണ്ഡ (35) അടുത്തിടെ ആശുപത്രിയില്‍ കൊല്ലപ്പെട്ടതിനു പിന്നിലും ദുരൂഹതയുള്ളതായി ആരോപണമുണ്ടായിരുന്നു. രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ബര്‍മിങ്ങാം നഗരത്തിലെ സാന്‍ഡ് വെല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് ഖണ്ഡ മരിച്ചത്. ഖണ്ഡയെ വിഷം കൊടുത്തു കൊന്നതാണെന്നാണ് അനുയായികളുടെ ആരോപണം.
ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് തലവനും ഭീകരവാദിയുമായ പരംജിത് സിങ് പഞ്ച്വാറും (മാലിക് സര്‍ദാര്‍ സിങ്) അടുത്തിടെ പാകിസ്ഥാനിലെ ലഹോറിലുള്ള ജോഹര്‍ ടൗണില്‍ രണ്ട് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.