ടൈറ്റാനിക് കാണാന്‍ വിനോദസഞ്ചാരികളുമായി പോയ അന്തര്‍വാഹിനി 12500 അടി താഴ്ചയില്‍ കാണാതായി; പ്രാണവായു നിലനില്‍ക്കുക 96 മണിക്കൂര്‍

ടൈറ്റാനിക് കാണാന്‍ വിനോദസഞ്ചാരികളുമായി പോയ അന്തര്‍വാഹിനി 12500 അടി താഴ്ചയില്‍ കാണാതായി; പ്രാണവായു നിലനില്‍ക്കുക 96 മണിക്കൂര്‍

ബോസ്റ്റണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചരികളെ കൊണ്ടുപോകുന്ന അന്തര്‍വാഹിനി (സബ്മെര്‍സിബിള്‍) കടലില്‍ കാണാതായി. അന്തര്‍വാഹിനിക്കായി ന്യൂഫൗണ്ട്ലാന്‍ഡ് തീരത്ത് തെരച്ചില്‍ നടത്തുന്നതായി ബോസ്റ്റണ്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. അഞ്ച് പേര്‍ ഈ അന്തര്‍വാഹിനിയിലുണ്ടായിരുന്നതായി റിയര്‍ അഡ്മിറല്‍ ജോണ്‍ മൗഗര്‍ സ്ഥിരീകരിച്ചു

സമുദ്രോപരിതലത്തില്‍ നിന്നും ഏകദേശം 3,800 മീറ്റര്‍ (12,500 അടി) താഴെയാണ് ലോകപ്രശസ്തമായ ടൈറ്റാനിക്ക് കപ്പലുള്ളത്. ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പ്രത്യേകം നിര്‍മിച്ച മുങ്ങിക്കപ്പല്‍ ഉപയോഗിച്ചേ സാധിക്കുകയുള്ളു. ഇത്തരത്തിലുള്ള ചെറിയ സബ്മെര്‍സിബിളുകള്‍ വിനോദസഞ്ചാരികളെയും വിദഗ്ധരെയും ഫീസ് വാങ്ങി ആഴക്കടലിലേക്ക് കൊണ്ടുപോകാറുണ്ട്.

96 മണിക്കൂര്‍ മാത്രമാണ് അന്തര്‍വാഹിനിയില്‍ പ്രാണവായു നിലനില്‍ക്കുക. എത്രയും പെട്ടെന്ന് മുങ്ങിക്കപ്പല്‍ കണ്ടെത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ തുടരുകയാണെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന റിയര്‍ അഡ്മിറല്‍ ജോണ്‍ മൗഗര്‍ അറിയിച്ചു. തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



ആഴക്കടല്‍ പര്യവേഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്. കപ്പലിലുള്ള ക്രൂവിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ വഴികളും തേടുന്നതായി കമ്പനി അറിയിച്ചു.

തീരത്ത് നിന്ന് പുറപ്പെട്ട് ഒരുമണിക്കൂര്‍ 45 മിനിറ്റിന് ശേഷമാണ് അന്തര്‍വാഹിനിയുടെ സിഗ്‌നല്‍ നഷ്ടപ്പെട്ടത്. ഒരു ട്രക്കിന്റെ വലുപ്പമുള്ള അന്തര്‍വാഹിനിക്ക് ഏകദേശം 10,432 കിലോഗ്രാം ഭാരമുണ്ട്. ഗവണ്‍മെന്റ് ഏജന്‍സികളും യു.എസ്, കനേഡിയന്‍ നാവികസേനകളും വാണിജ്യ ആഴക്കടല്‍ സ്ഥാപനങ്ങളും രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 13,000 അടി താഴ്ച വരെ തെരയാന്‍ കഴിയുന്ന സോണാര്‍ ബോയ്കള്‍ സജ്ജീകരിച്ചിട്ടുണ്ട്.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തില്‍ സഞ്ചാരികളില്‍ നിന്നും ഈടാക്കുന്നത് 250000 ഡോളറുകളാണ് (ഏകദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ). ഒരു സബ്മെര്‍സിബിളില്‍ അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കും. ഒരു പൈലറ്റിനെയും ഒരു കണ്ടന്റ് സ്പേര്‍ട്ടുകള്‍ക്ക് ഒപ്പം മൂന്നു സഞ്ചാരികള്‍ ഒരു മുങ്ങിക്കപ്പലില്‍ ഉണ്ടാകും. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂര്‍ സമയമെടുക്കും.



1912 ഏപ്രില്‍ 15 ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലേക്കുള്ള കന്നി യാത്രയ്ക്കിടെ മഞ്ഞുമലയില്‍ ഇടിച്ച് വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ കപ്പലായിരുന്നു ആര്‍എംഎസ് ടൈറ്റാനിക്. കപ്പലിലുണ്ടായിരുന്ന 2224 പേരില്‍ 1500 ലധികം പേരുടെ മരണം രേഖപ്പെടുത്തി. 1985-ലാണ് കപ്പലിന്റെ അവശിഷ്ടം സമുദ്രത്തില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന്, ധാരാളം പര്യവേക്ഷണ പദ്ധതികള്‍ ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റി നടന്നിരുന്നു.

200 മണിക്കൂറിലേറെ കടലിന്റെ അടിത്തട്ടില്‍ ചിലവഴിച്ച് ചിത്രീകരിച്ച ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി പ്രസിദ്ധീകരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.