2015ലെ യുഎസ് സന്ദര്‍ശന വേളയില്‍ ടെസ്ല ഫാക്റ്ററിയില്‍ ഇലോണ്‍ മസ്‌കുമായി ചര്‍ച്ച നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി.
വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുന്ന 24 പേരില്‍ ടെസ്‌ലയുടെയും ട്വിറ്ററിന്റെയും ഉടമ ഇലോണ്‍ മസ്‌കും. യുഎസ് സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കു പുറമേയാണ് നൊബേല്‍ സമ്മാന ജേതാക്കളും സാമ്പത്തിക വിദഗ്ധരും കലാപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും വ്യവസായികളും അടക്കം 24 പേര്‍ക്ക് മോഡിയുമായി ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്.
ആഗോള വിപണിയില്‍ ഇലക്ട്രിക് വാഹന വിപ്ലവത്തിനു തുടക്കം കുറിച്ച ടെസ്‌ല ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ നികുതി ഇളവ് വേണമെന്നത് മസ്‌കിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്നാല്‍, ഇറക്കുമതിക്ക് നികുതി ഇളവ് അനുവദിക്കാനാവില്ലെന്നും ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിച്ച് ഉല്‍പാദനം നടത്താമെങ്കില്‍ സാധ്യമായ ഇളവുകള്‍ നല്‍കാമെന്നുമുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്.
എന്നാല്‍, മോഡിയുമായുള്ള മസ്‌കിന്റെ കൂടിക്കാഴ്ചയില്‍ ഈ വിഷയം ചര്‍ച്ചയാകുമോ എന്നു വ്യക്തമല്ല. ഇന്ത്യയില്‍ കാര്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലം അന്വേഷിക്കുകയാണെന്ന സൂചന ഇതിനിടെ മസ്‌ക് ഒരു അഭിമുഖത്തില്‍ നല്‍കുകയും ചെയ്തിരുന്നു.
നേരത്തെ 2015-ല്‍ കാലിഫോര്‍ണിയയിലെ ടെസ്‌ല മോട്ടോഴ്‌സ് ഫാക്ടറി സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയും മസ്‌കും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവര്‍മാരുള്ള വ്യക്തികളിലൊരാളായ മസ്‌ക് ഫോളോ ചെയ്യുന്ന ചുരുക്കം നേതാക്കളില്‍ മോഡിയുമുണ്ട്.
മസ്‌കിന് പുറമെ എഴുത്തുകാരനും ജ്യോതി ശാസ്ത്രജ്ഞനുമായ നീല്‍ ഡിഗ്രാസ് ടൈസണ്‍, സാമ്പത്തിക വിദഗ്ധന്‍ പോള്‍ റോമര്‍, സ്റ്റാറ്റിസ്റ്റിഷ്യന്‍ നിക്കോളാസ് നാസിം തലേബ്, നിക്ഷേപകനായ റേ ഡാലിയോ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ഇന്തോ-അമേരിക്കന്‍ ഗായകന്‍ ഫാലു ഷാ, എഴുത്തുകാരനും ഗവേഷകനുമായ ജെഫ് സ്മിത്ത്, മുന്‍ യു.എസ് വ്യാപാര പ്രതിനിധി മൈക്കല്‍ ഫ്രോമാന്‍, നയതന്ത്രജ്ഞന്‍ ഡാനിയല്‍ റസല്‍, പ്രതിരോധ വിദഗ്ധന്‍ എല്‍ബ്രിഡ്ജ് കോള്‍ബി, ഫിസിഷ്യനും നോബല്‍ സമ്മാന ജേതാവുമായ ഡോ. പീറ്റര്‍ ആഗ്രെ, ആരോഗ്യ വിദഗ്ധന്‍ ഡോ. സ്റ്റീഫന്‍ ക്ലാസ്‌കോ, ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായിയും കലാകാരിയുമായ ചന്ദ്രിക ഠണ്ടന്‍ എന്നിവരും പട്ടികയിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.