വാഷിങ്ടണ്‍: 'ടൈറ്റാനിക് കപ്പല്‍ തിരിച്ചുവരവില്ലാത്തവിധം സമുദ്രത്തില്‍ അലിയുകയാണ്. അത് പൂര്‍ണമാവും മുന്‍പ് പരമാവധി വിവരങ്ങള്‍ നമുക്ക് ശേഖരിക്കേണ്ടതുണ്ട്' - അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ കാണാതായ ടൈറ്റന്‍ എന്ന സമുദ്ര പേടകത്തിലെ യാത്രക്കാരനും ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സിന്റെ ഉടമയുമായ സ്‌റ്റോക്ടന്‍ റഷ് രണ്ടു വര്‍ഷം മുന്‍പ് പറഞ്ഞ വാക്കുകളാണിത്.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികളെ കൊണ്ടുപോകുന്നതിനിടെ അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ സമുദ്ര പേടകം കാണാതായതിനെതുടര്‍ന്ന് സ്‌റ്റോക്ടന്‍ റഷിന്റെ വാക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
പൈലറ്റായിട്ടാണ് തന്റെ കരിയര്‍ ആരംഭിച്ചതെങ്കിലും ആഴക്കടലിലെ അത്ഭുതങ്ങള്‍ തേടി കണ്ടെത്താനായിരുന്നു സ്‌റ്റോക്ടന്‍ റഷിന്റെ ഉള്ളിലെ സാഹസികന്‍ സ്വപ്‌നം കണ്ടത്. 2009-ലാണ് ഇദ്ദേഹം വാഷിംഗ്ടണ്‍ ആസ്ഥാനമാക്കി ഓഷ്യന്‍ഗേറ്റ് സ്ഥാപിച്ചത്. 2021-ല്‍ ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രകള്‍ തുടങ്ങിയതോടെയാണ് സ്‌റ്റോക്ടന്‍ ലോകശ്രദ്ധ നേടിയത്.
ഇലോണ്‍ മസ്‌കും ജെഫ് ബെസോസും ബഹിരാകാശ യാത്രകളില്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ ആഴക്കടല്‍ യാത്രകളിലെ പുതിയ സാധ്യതകളിലായിരുന്നു സ്‌റ്റോക്ടന്‍ റഷിന്റെ കണ്ണ്. സമുദ്ര പര്യവേഷണത്തിനൊപ്പം സമുദ്രത്തിന്റെ അടിത്തട്ടിലെ സാഹസിക ടൂറിസത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കാണാന്‍ അദ്ദേഹത്തിനു പ്രേരകമായത് ഓരോ ദിവസവും സമുദ്രത്തില്‍ അലിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക്കിന്റെ അവസ്ഥയാണ്.
1985-ല്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തിയ ടൈറ്റാനിക് അല്ല ഇപ്പോഴുള്ളത് എന്നാണ് സമുദ്ര ഗവേഷകര്‍ പറയുന്നത്. ടൈറ്റാനിക്കിന്റെ രൂപം ഏറെ മാറിക്കഴിഞ്ഞു. ഉപ്പുവെള്ളത്തിന്റെ പ്രവര്‍ത്തനവും സമുദ്രജല പ്രവാഹവും ലോഹം തിന്നുന്ന ബാക്ടീരികളുമാണ് 109 വര്‍ഷം പഴക്കമുള്ള ടൈറ്റാനിക് അവശിഷ്ടങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്.
ലോഹം തിന്നുന്ന ബാക്ടീരിയകള്‍ ദിവസവും ടൈറ്റാനിക്കിന്റെ ഭാഗമായ കിലോക്കണക്കിന് ഇരുമ്പാണ് ജലത്തില്‍ ലയിപ്പിക്കുന്നത്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ടൈറ്റാനിക്കിന്റെ ഒരു അവശിഷ്ടവും സമുദ്ര അടിത്തട്ടില്‍ ഉണ്ടാവില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. 1985 ല്‍ ടൈറ്റാനിക്ക് ആവശിഷ്ടങ്ങള്‍ കണ്ടെത്തുമ്പോള്‍ ഉണ്ടായിരുന്നു പായ്മരം, അതിലെ നീരിക്ഷണ സ്ഥലം, ജിംനേഷ്യം, ബാത്ത് ടബ് എന്നിവയെല്ലാം അപ്രത്യക്ഷമായി എന്ന് 2019-ല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ടൈറ്റാനിക്കിലെ 'കാക്കക്കൂട്' (crow's nest)
ടൈറ്റാനിക്കിന്റെ കൂട്ടിയിടിക്ക് തൊട്ടുമുന്‍പ് കൂറ്റന്‍ മഞ്ഞുമലയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയവര്‍ നിന്നിരുന്ന, 30 മീറ്റര്‍ നീളമുള്ള പായ്മരത്തിലെ 'കാക്കക്കൂട്' ഉള്‍പ്പെടെ അപ്രത്യക്ഷമായത് ഗവേഷകരെ അമ്പരിപ്പിച്ചിരുന്നു.
തുരുമ്പ് തിന്ന് തീര്‍ക്കുന്നത് 'ഹാലോമോണസ് ടൈറ്റാനികേ' എന്ന പേരിലറിയപ്പെടുന്ന ബാക്ടീരിയകളാണ്. നഗ്നനേത്രങ്ങളാല്‍ കാണാന്‍ പോലും സാധിക്കാത്ത, വെറും രണ്ട് മൈക്രോ മീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ഹാലോമോണസ് ബാക്ടീരിയകള്‍ അടുത്ത ഒന്നോ രണ്ടോ ദശകങ്ങള്‍ക്കുള്ളില്‍ ടൈറ്റാനിക്കിനെ പൂര്‍ണമായും അകത്താക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കട്ടിയുള്ള ഇരുമ്പ് എങ്ങനെയാണ് ബാക്ടീരിയകള്‍ കഴിക്കുന്നതെന്നായിരുന്നു ഗവേഷകര്‍ പരിശോധിച്ചത്. രാസവസ്തുവിന്റെ പ്രയോഗത്തിലൂടെ ഇരുമ്പിനെ അല്‍പ്പാല്‍പ്പമായി തുരുമ്പ് രൂപത്തിലാക്കി ദ്രവിപ്പിച്ചാണ് ബാക്ടീരിയകള്‍ ടൈറ്റാനിക്കിനെ തിന്നു തീര്‍ക്കുന്നത്.
സമുദ്രോപരിതലത്തിന് ഏതാണ് 12,600 അടി താഴെയാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഉള്ളത്. ഈ സ്ഥലം നേരത്തെ തന്നെ കണ്ടെത്താനായെങ്കിലും അവിടെ എത്തിയുള്ള പഠനം, സാങ്കേതിക പരിമിതി മൂലം 75 വര്‍ഷത്തോളം വൈകി. തുടര്‍ന്നാണ് ഇത് സമുദ്ര ശാസ്ത്രജ്ഞരുടെയും പുരാവസ്തു ഗവേഷകരുടെയും കോടീശ്വരന്മാരായ വിനോദ സഞ്ചാരികളുടെയും സ്വപ്‌ന ഭൂമിയായി മാറിയത്. കപ്പല്‍ തകര്‍ന്ന സ്ഥലം പൈതൃക പ്രദേശമായി സംരക്ഷിക്കുകയാണ് യുനെസ്‌കോ.
അപ്രത്യക്ഷമായ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്തിന്റെ ബാത്ത് ടബ്ബ്
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളില്‍ ഏറ്റവും ആകര്‍ഷകമായ ഘടകമായിരുന്നു ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്തിന്റെ ബാത്ത് ടബ്ബ്. ക്യാപ്റ്റന്റെ കാബിന്റെ ചുമര് തകര്‍ന്നതോടെ ദൃശ്യമായ ബാത്ത്ടബ്, പത്തു വര്‍ഷം മുന്‍പുള്ള ഫോട്ടോകളിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ വ്യക്തമായി കാണാം. എന്നാല്‍ പിന്നീടിത് അപ്രത്യക്ഷമായെന്ന് 2019-ലെ പര്യവേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.