വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നത് തടയാന്‍ ഡി.ജി ലോക്കര്‍ സംവിധാനം പ്രയോജനപ്പെടുത്തും: കേരളാ വി.സി

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നത് തടയാന്‍ ഡി.ജി ലോക്കര്‍ സംവിധാനം പ്രയോജനപ്പെടുത്തും: കേരളാ വി.സി

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നത് തടയാന്‍ ഡി.ജി ലോക്കര്‍ സംവിധാനം പ്രയോജനപ്പെടുത്തുമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍.

കേന്ദ്ര സര്‍ക്കാരിന്റെ ഡി.ജി ലോക്കര്‍ വാലറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ അത് സര്‍വകലാശാലയ്ക്ക് പരിശോധിക്കാനും യാത്ഥാര്‍ഥ്യം കണ്ടെത്താനും സാധിക്കുമെന്ന് വി.സി വ്യക്തമാക്കി.

സര്‍വകലാശാല ചട്ടപ്രകാരം മറ്റ് സര്‍വകലാശാലകളില്‍ പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ അത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം അതാത് കോളജുകള്‍ക്കാണ്.

ഇത്രയും കാലം സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമാണോയെന്ന് പരിശോധിക്കുന്നതില്‍ കര്‍ശന ഇടപെടല്‍ നടന്നിട്ടില്ല. അതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്‍സിപ്പല്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന ചട്ടം കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോളജുകള്‍ക്കും സര്‍വകലാശാലയ്ക്കും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് പരിമിതിയുണ്ട്. അതിനാല്‍ തന്നെ ഏതെങ്കിലും വിദ്യാര്‍ത്ഥി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രഥമദൃഷ്ട്യാ തന്നെ സംശയം തോന്നിയാല്‍ അക്കാര്യം സര്‍വകലാശാലയെ അറിയിക്കണമെന്നും വി.സി നിര്‍ദേശിച്ചു.

നിഖില്‍ തോമസിന്റെ പി.ജി പ്രവേശനത്തില്‍ സിന്‍ഡിക്കറ്റ് അംഗങ്ങളില്‍ ആര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നതിന് തെളിവില്ല. നിഖിലിന്റെ വിഷയത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.