'ജീവനോപാധി സിപിഎം നശിപ്പിച്ചു, മുന്നിലുള്ളത് മരണം'; മരണക്കുറിപ്പെഴുതി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വ്യവസായി

'ജീവനോപാധി സിപിഎം നശിപ്പിച്ചു, മുന്നിലുള്ളത് മരണം'; മരണക്കുറിപ്പെഴുതി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വ്യവസായി

കൊച്ചി: കളമശേരി മണ്ഡലത്തിലെ സിപിഎം നേതാക്കളുടെ അനാവശ്യ ഇടപെടലുകളില്‍ വഴിമുട്ടി വ്യവസായിയുടെ ജീവിതം. സിപിഎം നേതാക്കളുടെ അനാവശ്യ ഇടപെടലുകളെ തുടര്‍ന്ന് വ്യവസായം നടത്തിക്കൊണ്ടുപോകാനാകുന്നില്ലെന്നും ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നും കാണിച്ചാണ് വ്യവസായി മരണക്കുറിപ്പ് എഴുതിയിരിക്കുന്നത്. വ്യവസായ മന്ത്രി പി. രാജീവിന്റെ മണ്ഡലത്തിലെ വോട്ടര്‍ക്കാണ് ഈ ദുര്‍ഗതി.

ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എന്‍.എ മുഹമ്മദ്കുട്ടിയാണ് മന്ത്രിയുടെയും സിപിഎം പ്രാദേശിക നേതാക്കളുടെയും പേരെടുത്തു പറഞ്ഞുകൊണ്ട് ആറ് പേജ് വരുന്ന മരണക്കുറിപ്പ് തയാറാക്കിയിരിക്കുന്നത്. മരണക്കുറിപ്പില്‍ പറയുന്ന എല്ലാ ആരോപണങ്ങള്‍ക്കും ഉള്‍പ്പെടെയുള്ള തെളിവുകള്‍ കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസിനെ ഏല്‍പിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

ദാരുണമായ അന്ത്യം തന്നെ പിന്തുടരുന്നെന്ന ബോധ്യത്തിലാണ് മരണക്കുറിപ്പ് തയാറാക്കിയിട്ടുള്ളതെന്നും കോട്ടയ്ക്കലില്‍ രണ്ടുതവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന വ്യവസായി പറയുന്നു.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചെറിയ വികസന പ്രവര്‍ത്തനം പോലും നടത്താന്‍ അനുവദിക്കാതെ തന്റെ ജീവിതം വഴിമുട്ടിക്കുകയാണെന്ന് മുഹമ്മദ്കുട്ടി പറയുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മരണക്കുറിപ്പില്‍ പറയുന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെടുന്നു. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന തന്റെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുവാന്‍ നേതാക്കള്‍ നിര്‍ദേശിക്കുന്ന പാര്‍ട്ടി സംഘത്തെ നിയോഗിക്കണമെന്നും മരണക്കുറിപ്പിലൂടെ വ്യവസായി അഭ്യര്‍ഥിക്കുന്നു.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 43 കോടി രൂപ നഷ്ടം സംഭവിച്ചിട്ടും എല്ലാ ആനുകൂല്യങ്ങളും നല്‍കി 100 തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും 500 പേര്‍ക്കു പരോക്ഷമായും തൊഴില്‍ നല്‍കുന്ന സ്ഥാപനം 20 ലക്ഷം രൂപ നികുതിയായി ഏലൂര്‍ നഗരസഭയ്ക്കും നല്‍കുന്നുണ്ട്. എന്നാല്‍ സ്ഥാപനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടയുന്ന ഉത്തരവുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഹൈക്കോടതി ഈ നോട്ടിസുകള്‍ക്കു സ്റ്റേ അനുവദിച്ചിട്ടും നിര്‍മ്മാണം തടയുകയാണ്.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുവെങ്കിലും ലഭിക്കുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.