വാഷിങ്ടണ്‍: അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്ന ടൈറ്റന്‍ സമുദ്ര പേടകത്തില്‍ കയറുന്നതില്‍ നിന്ന് അവസാന നിമിഷം താനും 20 വയസുകാരനായ മകനും പിന്‍മാറിയെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ വ്യവസായി ജേ ബ്ലൂം. തനിക്കും മകനും പകരമാണ് പാക് പൗരന്‍മാരായ ഷഹ്‌സാദയും മകന്‍ സുലൈമാന്‍ ദാവൂദും യാത്ര പോയതെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
'ഒരു വര്‍ഷത്തോളമായി ടൈറ്റന്‍ സി.ഇ.ഒ ആയിരുന്ന സ്റ്റോക്ടന്‍ റഷ് തന്നെ യാത്രയ്ക്കായി പ്രേരിപ്പിക്കുകയായിരുന്നു. ഒരിക്കല്‍ നേരിട്ടു വന്നു കണ്ടു. യാത്രയ്ക്കുള്ള തുകയില്‍ വലിയ കിഴിവും വാഗ്ദാനം ചെയ്തു.
താന്‍ ഒരു ഹെലികോപ്റ്റര്‍ പൈലറ്റാണെന്ന് അറിയാമായിരുന്ന സ്റ്റോക്ടന്‍ റഷ് 'ഇത് ഹെലികോപ്റ്റര്‍ പറപ്പിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണെന്നാണ് അന്നു പറഞ്ഞത്. ഇത് സ്‌കൂബ ഡൈവിങ്ങിനേക്കാളും റോഡ് മുറിച്ചുകടക്കുന്നതിനേക്കാളും സുരക്ഷിതമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അദ്ദേഹം ചെയ്യുന്നതിലും പറയുന്നതിലും ഉറച്ചു വിശ്വസിച്ചു. എന്നാല്‍ സ്വന്തം ലോകവീക്ഷണത്തിന് വിരുദ്ധമായ ഒന്നും കേള്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല, അത് തള്ളിക്കളയുകയും ചെയ്തിരുന്നു - ജേ ബ്ലൂം ചൂണ്ടിക്കാട്ടി. യാത്രയ്ക്കായി നിര്‍ബന്ധിച്ചുകൊണ്ട് സ്റ്റോക്ടന്‍ റഷ് നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും ബ്ലൂം ഫേസ്ബുക്കില്‍ പങ്കുവച്ചു. ഈ യാത്ര അപകടകരമാണെന്ന ആശങ്കകളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധ്യമാകുന്ന ആ അതിശയ കാഴ്ച കാണുന്നതിനായി താന്‍ മാനസികമായി തയ്യാറെടുത്തിരുന്നുവെന്നും ബ്ലൂം അഭിമുഖത്തില്‍ പറയുന്നു. സുരക്ഷയെ കുറിച്ചുള്ള ആശങ്ക വര്‍ധിച്ചതോടെ ഒഴിവാക്കാനാവാത്ത തിരക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പിന്‍മാറുകയായിരുന്നുവെന്നും ബ്ലൂം വ്യക്തമാക്കുന്നു.
ടൈറ്റന്‍ അപകടത്തില്‍ മരിച്ച പാക് പൗരന്റെയും മകന്റെയും ചിത്രങ്ങള്‍ കാണുമ്പോള്‍ താനും തന്റെ മകന്‍ സീനുമാകേണ്ടതായിരുന്നുവല്ലോ ആ
സ്ഥാനത്തെന്ന് ഓര്‍ക്കാറുണ്ടെന്നും ദൈവത്തിന്റെ കൃപയിലാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും ബ്ലൂം കൂട്ടിച്ചേര്‍ത്തു.
ടൈറ്റന്റെ സുരക്ഷയില്‍ മകന്‍ ആശങ്ക അറിയിച്ചിരുന്നുവെന്നും വീഡിയോ ഗെയിമിന്റെ ജോയ്സ്റ്റിക് ഉപയോഗിച്ച് പേടകം നിയന്ത്രിക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സ്വന്തമായി ഹെലികോപ്ടറുള്ള ബ്ലൂം വെളിപ്പെടുത്തി. അടിയന്തര ഘട്ടത്തില്‍ പോലും അകത്ത് നിന്ന് തുറക്കാനാവില്ലെന്നതും തന്നെ ആശങ്കപ്പെടുത്തിയിരുന്നുവെന്നും യാത്രയെ കുറിച്ച് കൂടുതല്‍ പഠിക്കുംതോറും പിന്‍മാറാനുള്ള തോന്നല്‍ വര്‍ധിച്ചുവെന്നും ബ്ലൂം കൂട്ടിച്ചേര്‍ത്തു.
'അതൊരു ചെറിയ അന്തര്‍വാഹിനിയാണ്, അതിനുള്ളില്‍ അഞ്ച് പേര്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. ഇത് ഒട്ടും സുരക്ഷിതമല്ലെന്ന് തോന്നിയതായി സീന്‍ പറഞ്ഞു.
2018 മുതല്‍ തന്നെ ടൈറ്റന്റെ രൂപത്തെയും സുരക്ഷയെയും കുറിച്ച് കടുത്ത ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും പക്ഷേ ദൗത്യത്തില്‍ വിജയിക്കാമെന്ന റഷിന്റെ ആത്മവിശ്വാസം അചഞ്ചലമായിരുന്നുവെന്നും ബ്ലൂം ഓര്‍ത്തെടുത്തു. സ്റ്റോക്ടന്‍ സ്വയം അപകടസാധ്യത മനസിലാക്കിയതായി താന്‍ കരുതുന്നില്ല, അല്ലെങ്കില്‍ അപകടസാധ്യത മനസിലാക്കാന്‍ ആഗ്രഹിച്ചില്ല - ബ്ലൂം കൂട്ടിച്ചേര്‍ത്തു.
ടൈറ്റന്റെ സുരക്ഷയെ കുറിച്ച് പാക് വ്യവസായിയുടെ മകനായ സുലൈമാനും ആശങ്കയുണ്ടായിരുന്നു. സാഹസിക പ്രിയനായ പിതാവിനെ സന്തോഷിപ്പിക്കുന്നതിനായാണ് 19കാരനായ സുലൈമാന്‍ യാത്ര പോയതെന്ന് മാതൃസഹോദരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.