ടൈറ്റന്‍ അപകടം വിവിധ രാജ്യങ്ങളിലെ അഞ്ച് ഏജന്‍സികള്‍ അന്വേഷിക്കും; മാതൃകപ്പലിലെ ശബ്ദരേഖകള്‍ പരിശോധനയ്ക്ക്

ടൈറ്റന്‍ അപകടം വിവിധ രാജ്യങ്ങളിലെ അഞ്ച് ഏജന്‍സികള്‍ അന്വേഷിക്കും; മാതൃകപ്പലിലെ ശബ്ദരേഖകള്‍ പരിശോധനയ്ക്ക്

വാഷിങ്ടണ്‍: ടൈറ്റന്‍ സമുദ്രപേടകം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിനായി മാതൃകപ്പലില്‍ നിന്നുള്ള ശബ്ദരേഖകളും മറ്റു വിവരങ്ങളും പരിശോധിക്കും. കനേഡിയന്‍ അന്വേഷണ ഏജന്‍സിയാണ് വിവരങ്ങള്‍ പരിശോധിക്കുക. ഇതിനായി കപ്പലിന്റെ വോയേജ് ഡാറ്റ റെക്കോര്‍ഡറില്‍ നിന്നടക്കം ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കപ്പലില്‍ വച്ച് തന്നെ ക്രൂവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഏജന്‍സിയുടെ ലക്ഷ്യം ആരെയും പ്രതിയാക്കാനല്ലെന്നും മറിച്ച് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്തുകയും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പഠിക്കുകയുമാണെന്ന് കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡ് മേധാവി കാത്തി ഫോക്‌സ് വ്യക്തമാക്കി. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ഉണ്ടായോ എന്ന് സംഘം പരിശോധിച്ച് വരികയാണ്.

വിഷയത്തില്‍ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഒരു മറൈന്‍ ബോര്‍ഡ് രുപീകരിച്ചിട്ടുണ്ടെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ക്യാപ്റ്റന്‍ ജേസണ്‍ ന്യൂബവര്‍ പറഞ്ഞു. കോസ്റ്റ് ഗാര്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള അന്വേഷണമാണിത്.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള അവശിഷ്ടങ്ങളിലും ബന്ധപ്പെട്ടവരുമായുള്ള അഭിമുഖങ്ങളിലുമാണ് അന്വേഷണത്തിന്റെ അദ്യ ഘട്ടത്തില്‍ ശ്രദ്ധയൂന്നുക. ആവശ്യമെങ്കില്‍ സാക്ഷികളില്‍ നിന്ന് കൂടുതല്‍ മൊഴി രേഖപ്പെടുത്തും. അതിനുശേഷം തെളിവുകളും നിഗമനങ്ങളും ശിപാര്‍ശകളും സഹിതം റിപ്പോര്‍ട്ട് നല്‍കും.

യുഎസ് കോസ്റ്റ് ഗാര്‍ഡിനെ കൂടാതെ യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ഓഫ് കാനഡ, ഫ്രഞ്ച് മറൈന്‍ കാഷ്വാലിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ്, യുണൈറ്റഡ് കിംഗ്ഡം മറൈന്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് എന്നീ ഏജന്‍സികളാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. അപകടത്തിന്റെ കാരണം കണ്ടെത്തലാണ് അന്വേഷണത്തിന്റെ പ്രാഥമിക ലക്ഷ്യം. തുടര്‍ നടപടികള്‍ എങ്ങനെ സ്വീകരിക്കണമെന്ന് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. ടൈറ്റന്റെ ഘടന സംബന്ധിച്ചും സുരക്ഷാ സംവിധാനങ്ങളില്‍ വീഴ്ച സംബന്ധിച്ചും വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് വിവിധ ഏജന്‍സികളുടെ അന്വേഷണം നടക്കുന്നത്.

അതേസമയം തകര്‍ന്ന ടൈറ്റന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ തുടരുകയാണ്. ദുരന്തത്തില്‍ അകപ്പെട്ട അഞ്ചു പേരുടെയും മൃതദേങ്ങള്‍ വീണ്ടെടുക്കാമെന്ന പ്രതീക്ഷ മങ്ങിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.