പഴയകാലം:
കുടുംബങ്ങളിൽ നിന്നു തന്നെ തുടങ്ങാം. വെളുപ്പിനെ ജോലിക്കായി പോകുന്ന ഗൃഹനാഥൻമാർ, പാടത്തും പറമ്പിലുമൊക്കെയായി കഠിനാദ്ധ്വാനം ചെയ്യാനായി അതിരാവിലെ ഇറങ്ങുകയായി. കയ്യും മെയ്യും മറന്നുള്ള അദ്ധ്വാനം. സ്ഥിരം ജോലിയുള്ളവർക്കോ സ്വന്തമായി വണ്ടികളൊന്നുമില്ലാത്ത കാലം. പലരും നടന്നു തന്നെ ജോലി സ്ഥലത്തേക്കു പോകുന്നു. വളരെ അകലെയുള്ളവരോ കെ എസ് ആർ ടി സി ബസ്സുകളെ ആശ്രയിക്കുന്നു. അടുക്കളയിലോ, അടുപ്പുമായി അമ്മച്ചിമാരൊക്കെ വെളുപ്പിനെ പടവെട്ടി തുടങ്ങും. കൈകളായിരുന്നു അന്നു യന്ത്രങ്ങൾ. ചപ്പാത്തി ചുടാനും, കഞ്ഞിവെക്കാനും, അരയ്ക്കാനും, ഇടിക്കാനും, പൊടിക്കാനുമൊക്കെ തുടങ്ങിയാൽ തീരാത്ത ജോലികൾ. എങ്കിലും തീഷ്ണതയോടെ, സന്തോഷത്തോടെ അവർ കാര്യങ്ങൾ നീക്കിയിരുന്നു. കുട്ടികളോ, രാവിലെ എഴുന്നേറ്റു പഠിച്ചു, പിന്നീടു കൂട്ടുകാരുമൊത്തു പുഴയിൽ കുളിച്ചു റെഡിയായി സ്ക്കൂളുകളിലേക്കു നടന്നു നീങ്ങും. പലരും കിലോമീറ്ററോളം നടന്നായിരുന്നു സ്ക്കൂളുകളിൽ എത്തിയിരുന്നത്. വൈകുന്നേരം അതേപോലെ നടന്നു വീടുകളിലെത്തും. കഠിനാധ്വാനം ചെയ്തു ജീവിച്ചിരുന്ന കാലം. അവർക്കു ജീവിതം മുന്നോട്ടു നീങ്ങുവാൻ അതനിവാര്യതയായിരുന്നു. ആരും ശങ്കിച്ചു നിൽക്കുമായിരുന്നില്ല. ആത്മവിശ്വാസത്തോടെ അവർ തുഴഞ്ഞുനീങ്ങി.
പുതിയകാലം:
കാലചക്രം ഉരുണ്ടു നീങ്ങി. ആധുനികതയുടെ പരിവേഷം എങ്ങും പടർന്നു. ലോകം മുന്നേറുമ്പോൾ പകച്ചു നിൽക്കാതെ നാം മുന്നേറിയേ മതിയാകു. കുടുംബങ്ങളിലൊക്കെ വിദേശത്തോ സ്വദേശത്തോ ഒക്കെയായി ജോലിയുള്ളവരാണു ഭൂരിപക്ഷവും. ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നു. കുറഞ്ഞപക്ഷം കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും ജോലിയുണ്ട്. സാമ്പത്തികഭദ്രത കൈവരിച്ചു. വീടുകളിലൊക്കെ വണ്ടിയായി. കമ്പ്യൂട്ടറുകളും ലാപ്റ്റോപ്പുകളും സ്മാർട്ട്ഫോണുകളും വിലസുന്ന കാലം. ഇന്നു നടന്നു കാര്യങ്ങൾ സാധിക്കേണ്ട ആവശ്യമില്ല. ശാരീരികായാസങ്ങൾ കുറഞ്ഞു. ശാസ്ത്രസാങ്കേതികവിദ്യയിലുള്ള കുതിപ്പ് മനുഷ്യനെ മറ്റൊരു തലത്തേക്കാനയിച്ചു. സമയം കളയാതെ, ചടുലതയിൽ കാര്യങ്ങൾ നിയന്ത്രിക്കാനും പ്രവർത്തനങ്ങൾ ക്രമീകരിക്കാനും ജോലികൾ പൂർത്തീകരിക്കാനും ഇന്നു നമുക്കു സാധിക്കുന്നു. കാലഘട്ടം വീണ്ടും കുതിക്കുകയാണ്. ഒപ്പംതന്നെ മനുഷ്യന്റെ ചിന്തകളും കണ്ടുപിടിത്തങ്ങളും. ഓരോ നിമിഷവും പ്രപഞ്ചത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ മനുഷ്യരാശിയെ പുതുമയുടെ വിസ്മയലോകത്തേക്കെത്തിക്കുകയാണ്. ഇന്നു കണ്ടതല്ല നാം നാളെ കാണുന്നത്. ഇന്നു നയനങ്ങളിൽ മനോഹാരിത പകർന്ന പലതും നാളെ അരോചകമാകുന്നു. വിരൽത്തുമ്പിൽ എല്ലാം നിയന്ത്രിക്കുന്ന അഭൂതപൂർവമായ നേട്ടങ്ങളിലേക്കു നാം വളർന്നിരിക്കുന്നു. മാറ്റങ്ങൾ ഉൾക്കൊള്ളുകയും അതിനനുശ്രുതം പരിവപ്പെടുകയും ചെയ്യേണ്ടതു നമ്മുടെ നിലനിൽപ്പിന്റെ അനിവാര്യതയാണ്.
കൂട്ടിച്ചേർത്തു പറയട്ടേ, അന്നുള്ളവർ കായികമായി അദ്ധ്വാനിച്ചിരുന്നു. നടന്നുള്ള യാത്രകൾ, ഇന്നതു യന്ത്രങ്ങൾ കയ്യടക്കി. എഴുത്തും വായനയുമില്ലാതെ പഠിക്കാൻ വേറേ വഴികളില്ലായിരുന്നു. ഇന്നതെല്ലാം സ്മാർട്ട്‌ഫോണുകളും ഇന്റർനെറ്റും ലാപ്ടോപ്പും ആപ്പുകളുമെല്ലാം ഏറ്റെടുത്തു. മനുഷ്യൻ വെറുതെ ഇരുന്നു അമർത്തിയാൽ മാത്രം മതി കാര്യങ്ങൾ നിയന്ത്രിക്കാമെന്ന അവസ്ഥ സംജാതമായി. വളരെ ചുരുങ്ങിയ സമയത്തിൽ ഇതെല്ലാം നാം ചെയ്യുന്നു. അന്നു നരൻ ചിന്തിച്ചു തന്നെ കാര്യങ്ങൾ ചെയ്യേണ്ടിയിരുന്നു. ഇന്നോ ചിന്തയും തിരച്ചിലുമെല്ലാം കമ്പ്യൂട്ടറുകൾ ഏറ്റെടുത്തു. പറഞ്ഞുവന്നതു ഉടലും ഉള്ളും അനങ്ങിയിരുന്ന നാളുകളിൽ നിന്നും മെയ്യും മസ്തിഷ്ക്കവും ചലിക്കാത്ത ദിനങ്ങളിലേക്കു നാം വഴിമാറി. പരസഹായമില്ലാതെ പലതും നാം ചെയ്യുന്നു. സ്വയംപര്യാപ്തനായ മനുഷ്യൻ സ്വയം ഉൾവലിഞ്ഞു.
സമയത്തേയും സർവ്വത്തേയും വരുതിയിലാക്കാൻ ഒരു പരിധി വരെ നമുക്കു സാധിച്ചു. പക്ഷേ എന്തൊക്കെയോ കുറവു നാം അനുഭവിക്കുന്നില്ലേ? സമയം യഥാർത്ഥത്തിൽ നമുക്കു കുറക്കാൻ സാധിച്ചോ? കാൽനൂറ്റാണ്ടു മുൻപുള്ള തലമുറകൾ വിശകലനം ചെയ്താൽ നമുക്കു മനസ്സിലാക്കാൻ സാധിക്കും, ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ് ഏകദേശം 85 നും 100 നും ഇടയിലായിരുന്നു എന്ന യാഥാർത്ഥ്യം. അവരുടെ ജീവിതകാലഘട്ടത്തിൽ അസുഖങ്ങളും കുറവായിരുന്നു. എന്നാൽ ഇന്നോ മനുഷ്യന്റെ ജീവിതകാലയളവ് ഏകദേശം 70 നും 85 നും ഇടയിലായി കുറഞ്ഞിരിക്കുന്നു. ചെറുപ്രായത്തിൽ തന്നെ അസുഖങ്ങൾ പിടിമുറുക്കുന്നു. സമ്മർദ്ദങ്ങൾ ഏറുന്നു. അങ്ങനെ ചിന്തിക്കുമ്പോൾ സത്യത്തിൽ സമയം ലാഭിക്കാൻ നമുക്കാകുന്നുണ്ടോ? മെയ്യനങ്ങാതെ കാര്യങ്ങൾ സാധിച്ചപ്പോൾ മെയ്യിലാകെ അസുഖങ്ങൾ ചുറ്റിവരിഞ്ഞു. മസ്തിഷ്ക്കത്തിന്റെ പണി സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും ഏറ്റെടുത്തപ്പോൾ നമ്മുടെ ബൗദ്ധികമണ്ഡലം ചിതളരിച്ചു തുടങ്ങി. ഒപ്പം ഓർമ്മശക്തിയും ചോർന്നുതുടങ്ങി. എഴുത്തും വായനയുമെല്ലാം ടച്ച് സ്ക്രീനിലേക്കു വഴിമാറിയപ്പോൾ അറിവും ജ്ഞാനവുമൊക്കെ അകന്നു തുടങ്ങി. ഒത്തുചേരലുകളും സൗഹൃദങ്ങളുമെല്ലാം ഫെസ്ബുക്കിലും വാട്ട്സ്ആപ്പിലുമൊക്കെയായി ഒതുങ്ങിനിന്നപ്പോൾ വിഷാദങ്ങളും പിരിമുറുക്കങ്ങളും പിടിമുറുക്കി. സൗഹൃദങ്ങളോ നാമമാത്ര ചങ്ങാത്തങ്ങളിലേക്കു നീങ്ങിമാറി. തുറന്നു സംസാരിക്കാൻ ഇന്നു നാം കൂട്ടുകൂടുന്ന കമ്പ്യൂട്ടറിനും ലാപ്ടോപ്പിനും ടാബ്‌ലറ്റിനും സ്മാർട്ട്ഫോണിനും കണ്ണും കാതുമില്ലാത്തതിനാൽ നമ്മളിൽ പലരും ചെറിയ വിഷമങ്ങൾ അലട്ടിയപ്പോൾ തന്നെ മറ്റൊരു ലോകത്തേക്കു ചേക്കേറി. ഇങ്ങനെ തുടർന്നാൽ വരും തലമുറകളുടെ ജീവിതദൈർഘ്യം ഇനിയും ചുരുങ്ങാം.
പുതുമ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്. ശാസ്ത്രസാങ്കേതികവിദ്യകൾ ലോകത്തെ മാറ്റിമറിച്ചു പായുമ്പോൾ നാമും ഒപ്പം കൂടിയില്ലെങ്കിൽ ഒറ്റപ്പെട്ടുപോകുമെന്നുറപ്പാണ്. കാലഘട്ടത്തിനനുശ്രുത മാറ്റങ്ങൾ അനിവാര്യതയാണ്. എന്നാൽ ഈ മാറ്റങ്ങൾ നമ്മെ തകർക്കുന്നവയാകരുത്. ഇവിടെയാണു "പഴമയുടെ പെരുമ" നാം കണേണ്ടത്. മാറ്റങ്ങൾ മനുഷ്യനെ തളർത്തുവാനുള്ളതല്ല; വളർത്തുവാനുള്ളതാണ്. അങ്ങനെയാകണമെങ്കിൽ നാം മുന്നേറുമ്പോൾ പഴമയിലെ നന്മയും ഒപ്പം കൂട്ടിയേ തീരൂ. അല്ലാത്തപക്ഷം ഒരുഘട്ടത്തിൽ കുതിപ്പു നിലക്കുകയും തിരികെ നടക്കേണ്ടി വരികയും ചെയ്യും. അതിനുള്ള ഉദാഹരണങ്ങളാണു ഇന്നു നാം കാശു കൊടുത്തു ജിമ്മുകളിൽ പോകേണ്ടിവരുന്നത്. അദ്ധ്വാനമില്ല. ഒന്നും രണ്ടും വണ്ടികളുണ്ടായിരുന്നിട്ടും ഡോക്ട്ടറിന്റെ നിർദ്ദേശപ്രകാശം രാവിലേയും വൈകിട്ടും നടക്കുവാൻ നാം നിർബന്ധിതരാകുന്നു. പുതുമകളുമായി നാം മുന്നോട്ടു നീങ്ങുമ്പോൾ പഴമകളേയും കൂടെക്കൂട്ടാം. സാങ്കേതികമികവു നമുക്കുണ്ടെങ്കിലും അനുഭവസമ്പത്തു കുറവാണ്. സ്വർണ്ണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നതുപോലെ നേടിയെടുക്കപ്പെട്ടവയാണു പഴമയുടെ സത്ശീലങ്ങളും അനുഭവസമ്പത്തും. അറിവും സാങ്കേതികമികവും അനുഭവസമ്പത്തും ഒന്നിക്കുമ്പോഴാണു നമുക്കു വിജയിക്കാനാകുന്നത്. പഴമയിലും ഒരു പുതുമയുണ്ട്. പുതുമയോടെ നമുക്കു കുതിക്കാം; പഴമയുടെ ചാരുത ചോരാതെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.