പുല്‍പള്ളി ബാങ്ക് തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളില്‍ പൊലീസ് പിടിയില്‍

പുല്‍പള്ളി ബാങ്ക് തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളില്‍ പൊലീസ് പിടിയില്‍

പുല്‍പള്ളി: പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളി പിടിയില്‍. ബത്തേരി ഡിവൈ.എസ്.പി. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സജീവനെ പിടികൂടിയത്. വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.

ചൊവ്വാഴ്ച വൈകുന്നേരം മൈസൂരുവില്‍ നിന്ന് ബത്തേരിയിലെത്തിയ സജീവന്‍ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പൊലീസ് പിടികൂടിയത്. സജീവന്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന് അസംപ്ഷന്‍ ജങ്ഷന് സമീപം വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കും.

സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനിരയായ പുല്‍പള്ളി കേളക്കവല കിഴക്കേ ഇടയിളത്ത് രാജേന്ദ്രന്‍ നായര്‍(60) മേയ് 30 ന് ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് സജീവന്‍ ഒളിവില്‍ പോയത്. സജീവനായി പുല്‍പള്ളി പോലീസ് കര്‍ണാടകയിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒരു മാസത്തോളമായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.

വായ്പാ തട്ടിപ്പിനിരയായ പറമ്പേക്കാട്ട് ഡാനിയലിന്റെ പരാതിയിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഈ പരാതിയില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ. അബ്രഹാം, മുന്‍ സെക്രട്ടറി കെ.ടി രമാദേവി, ബാങ്ക് മുന്‍ ഡയറക്ടറും കോണ്‍ഗ്രസ് പുല്‍പള്ളി മണ്ഡലം പ്രസിഡന്റുമായ വി.എം പൗലോസ് എന്നിവരെ പുല്‍പള്ളി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മൂവരും ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.

രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും വായ്പാ തട്ടിപ്പിലെ മുഖ്യസൂത്രധാരനായ സജീവനെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് രാജേന്ദ്രന്‍ നായരുടെ കുടുംബം പുല്‍പള്ളി പോലീസ് സ്റ്റേഷനു മുന്‍പിന്‍ സത്യാഗ്രഹസമരം നടത്തുകയും ചെയ്്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.