ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ മണിപ്പുര്‍ സന്ദര്‍ശനത്തേയും പ്രതിപക്ഷ ഐക്യ യോഗത്തേയും വിമര്‍ശിച്ച ബി.ജെ.പിക്കെതിരേ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. ബി.ജെ.പിക്കാര്‍ ഏകാധിപത്യ ചിന്താഗതിക്കാരാണെന്നും അവര്‍ എല്ലായിപ്പോഴും ആസൂയയോടെയാണ് സംസാരിക്കുന്നതെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. രാഹുലിന്റെ മണിപ്പുര്‍ സന്ദര്‍ശനം നാടകമാണെന്ന ബി.ജെ.പി പരാമര്‍ശം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കാര്‍ എല്ലായിപ്പോഴും അസൂയയോടെയാണ് സംസാരിക്കുക. ജനങ്ങളുടെ പ്രയാസങ്ങള്‍ മനസിലാക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവ് മണിപ്പുരിലേക്ക് പോവുകയാണെങ്കില്‍ അതിനെ നാടകമെന്നാണ് അവര്‍ പറയുക. പാട്നയിലെ പ്രതിപക്ഷ യോഗത്തെ ഫോട്ടോ സെഷന്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ബിജെപിക്കാര്‍ ജനാധിപത്യ ചിന്താഗതിക്കാരല്ല, ഏകാധിപത്യ ചിന്താഗതിക്കാരാണ്. അത്തരമൊരു ചിന്താഗതിയെ അപലപിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അമിത് ഷാ മണിപ്പുരില്‍ സന്ദര്‍ശനം നടത്തിയതു പോലെ ഒരു പ്രതിപക്ഷ നേതാവിന് അവിടേക്ക് പോകാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? രാഹുല്‍ അവിടേക്ക് പോയത് നാടകമാണെങ്കില്‍ അമിത് ഷായുടെ സന്ദര്‍ശനം മഹാ നാടകമാണോയെന്നും ഖാര്‍ഗെ ചോദിച്ചു. നാല് ദിവസങ്ങള്‍ക്ക് മുമ്പു തന്നെ രാഹുലിന്റെ സന്ദര്‍ശന വിവരം അറിഞ്ഞിരുന്നതിനാല്‍ ആവശ്യമായ ഒരുക്കങ്ങള്‍ അവര്‍ക്ക് നടത്താമായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് സുരക്ഷ നല്‍കാതിരുന്നതെന്നും ഖാര്‍ഗെ ചോദിച്ചു.
മണിപ്പുരിലെ കലാപ ബാധിത പ്രദേശത്തെ ജനങ്ങളെ സന്ദര്‍ശിക്കുന്നതിനായെത്തിയ രാഹുലിനെ വ്യാഴാഴ്ചയാണ് പൊലീസ് ബിഷ്ണുപുരില്‍വെച്ച് തടഞ്ഞത്. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാണിച്ച് റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നിര്‍ദേശാനുസരണം ഹെലികോപ്റ്ററിലാണ് രാഹുല്‍ മുന്‍നിശ്ചയിച്ച പ്രകാരം ചുരാചന്ദ്പുരിലെത്തി ക്യാംപുകളില്‍ കഴിയുന്ന ജനങ്ങളെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.