ഒബാമയുടെ വസതിയിലേക്ക് സ്‌ഫോടക വസ്തുക്കളുമായി കടക്കാന്‍ ശ്രമം: ക്യാപിറ്റോള്‍ ആക്രമണത്തിലെ പിടികിട്ടാപ്പുള്ളി പിടിയില്‍

ഒബാമയുടെ വസതിയിലേക്ക് സ്‌ഫോടക വസ്തുക്കളുമായി  കടക്കാന്‍ ശ്രമം: ക്യാപിറ്റോള്‍ ആക്രമണത്തിലെ പിടികിട്ടാപ്പുള്ളി പിടിയില്‍

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വസതിയിലേക്ക് സ്‌ഫോടക വസ്തുക്കളുമായെത്തിയ യുവാവ് പിടിയില്‍. സിയാറ്റില്‍ സ്വദേശിയായ ടെയ്‌ലര്‍ ടറന്റോയാണ് അറസ്റ്റിലായത്. ഒബാമയുടെ വാഷിങ്ടണ്‍ ഡിസിയിലെ വസതിക്ക് സമീപത്ത് നിന്നും വ്യാഴാഴ്ചയാണ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. 2021 ല്‍ യുഎസ് ക്യാപിറ്റോള്‍ സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതിയാണ് 37-കാരനായ ടറന്റോ.

ഒബാമയുടെ വസതിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ടറന്റോയെ സീക്രട്ട് സര്‍വീസ് ഏജന്റ് പിന്തുടരുകയായിരുന്നു. ഒബാമയുടെ വസതിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ടറന്റോയെ അവിടെ എത്തുന്നതിന് മുമ്പ് തന്നെ അധികൃതര്‍ പിടികൂടി.

അറസ്റ്റിന് പിന്നാലെ പ്രദേശത്തിന് നിര്‍ത്തിയിട്ടിരുന്ന ടറന്റോയുടെ വാഹനത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാനുള്ള സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍ ബോംബ് അടക്കം ഉണ്ടായിരുന്നുവെന്നാണ് സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതിയെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സ്ഥിരമായി സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നതായി കണ്ടെത്തി. അതിന് പുറമെ, 2021 ജനുവരി ആറിന് നടന്ന ക്യാപിറ്റോള്‍ കലാപത്തില്‍ പങ്കെടുത്തതിന് വാറന്റ് നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.

ഡിസ്ട്രിക്റ്റ് ഓഫ് കൊളമ്പിയ ജയിലിന് സമീപം ക്യാമ്പിങ് വാനില്‍ ഇയാള്‍ ഇടയ്ക്കിടെ എത്തി താമസിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജനുവരി ആറിലെ കലാപശ്രമത്തിലെ പ്രതികളില്‍ പലരും തടവില്‍ കഴിയുന്ന ഡിസി ജയിലിന് സമീപത്ത് നിന്നുമാണ് ഇയാളുടെ വാഹനം കണ്ടെത്തിയത്.

നിലവില്‍ ടറന്റോയ്ക്കെതിരായ കുറ്റങ്ങളില്‍ ഒളിവില്‍ പോയിരുന്നതായും മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു. സംഭവസമയത്ത് ഒബാമ വീട്ടിലുണ്ടായിരുന്നോ എന്നത് സംബന്ധിച്ച കാര്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.