കുവൈറ്റ് സിറ്റി: ഭാരതത്തിന്റെ അപ്പസ്തോലനായ തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് കുവൈറ്റ് എസ്എംസിഎ അബ്ബാസിയ ഏരിയ നടത്തിയ മാർത്തോമ്മാ പ്രയാണം ആറു ദിനത്തെ പ്രയാണത്തിന് ശേഷം വെള്ളിയാഴ്ച അവസാനിച്ചു. സമാപന സമ്മേളനത്തിൽ കുവൈറ്റ് സീറോ മലബാർ എപ്പിസ്‌കോപ്പൽ വികാർ ഫാ. ജോണി ലോണിസ് മഴുവൻഞ്ചേരി, അബ്ബാസിയ സെന്റ് ഡാനിയേൽ പാരിഷ് അസിസ്റ്റന്റ് വികാരി ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
ജൂൺ 25 നു അബ്ബാസിയ ഇടവക പള്ളിയിൽ നിന്നും ആരംഭിച്ച പ്രയാണം തുടർന്നുള്ള ആറു ദിവസങ്ങളിലായി ആറു സോണുകളിലൂടെ കടന്നു പോയി. ഓരോ സോണിലെയും തിരഞ്ഞെടുക്കപ്പെട്ട കുടുംബയൂണിറ്റുകളിലൂടെ ആഘോഷമായി സ്ലീവായും വിശുദ്ധ ഗ്രന്ഥവും തോമ്മാശ്ലീഹായുടെ രൂപവും വഹിച്ചുള്ള പ്രദക്ഷിണത്തിന് ബാലദീപ്തിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം കൊഴുപ്പുകൂട്ടി.
മാർത്തോമ്മായുടെ പൈതൃകം പേറുന്ന മാർത്തോമ്മാ നസ്രാണികൾക്ക് ദുക്റാന ദിനം അത്യധികം പ്രധാനപ്പെട്ടതാണ്. ദുക്റാനക്ക് ഒരുക്കമായി യാമപ്രാർത്ഥനകളും പ്രത്യേക നമസ്‍കാരങ്ങളും പാരമ്പര്യമായി നടത്തി വന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അബ്ബാസിയ ഏരിയായും മാർത്തോമ്മാ സന്ദേശ യാത്ര നടത്തിയത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരു നവ്യാനുഭവമായി ഈ പ്രയാണം മാറി എന്ന് കൺവീനർ ഷാജു ദേവസ്സി താനാതൻ പറഞ്ഞു. പ്രവാസനാട്ടിൽ ഇത്തരത്തിലുള്ള മാർത്തോമ്മാ പ്രയാണം ആദ്യമായിട്ടാണ് നടക്കുന്നത് എന്ന് അബ്ബാസിയ ഏരിയ സെക്രട്ടറി മാത്യു ഫിലിപ്പ് മാർട്ടിൻ പാലാത്രക്കടവിൽ അഭിപ്രായപ്പെട്ടു.
അബ്ബാസിയ ഏരിയ കൺവീനർ ഷാജു ദേവസ്സി താനാതൻ, സെക്രട്ടറി മാത്യു ഫിലിപ്പ് പാലാത്രക്കടവിൽ, ട്രഷറർ റിജോ ജോർജ് കിഴക്കേകുതിരവേലി, കൾച്ചറൽ കമ്മിറ്റി കൺവീനർ മോൻസ് ജോസഫ് കല്ലുകളം എന്നിവരും കേന്ദ്ര- സോണൽ ഭാരവാഹികളും മാർത്തോമ്മാ പ്രയാണത്തിന് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.