റോം: രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുള്ള ഇറ്റലിയിലെ ചരിത്ര സ്മാരകമായ കൊളോസിയത്തില്‍ കാമുകിയുടെയും തന്റെയും പേര് എഴുതിവെച്ച് വികൃതമാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് വിനോദ സഞ്ചാരി. ദിവസേന പതിനായിരങ്ങള്‍ സന്ദര്‍ശിക്കുന്ന കൊളോസിയത്തിന്റെ ഭിത്തിയില്‍ കൈയിലുണ്ടായിരുന്ന താക്കോല്‍ കൊണ്ടാണ് ഇംഗ്ലണ്ട് സ്വദേശിയായ യുവാവ് 'ഇവാന്‍ + ഹെയ്‌ലി 23' എന്നെഴുതിയത്. സംഭവം സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിവാദമായതോടെ പോലീസ് അന്വേഷണം തുടങ്ങി.
ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ സ്ഥിരതമസമാക്കിയ ബള്‍ഗേറിയന്‍ സ്വദേശിയും ഫിറ്റ്നസ് പരിശീലകനുമായ ഇവാന്‍ ദിമിത്രോവാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം റോമില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴാണ് കൊളോസിയത്തിന്റെ ഉള്‍ഭിത്തിയില്‍ 'ഇവാന്‍ + ഹെയ്‌ലി 23' എന്ന് കൊത്തിവെച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മറ്റു വിനോദസഞ്ചാരികള്‍ ചിത്രീകരിച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കൊളോസിയത്തില്‍ നടന്നത് അപരിഷ്‌കൃതവും അസംബന്ധവുമായ പ്രവൃത്തിയാണെന്നും അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റവാളിയെ തിരിച്ചറിഞ്ഞ പൊലീസിനെ അഭിനന്ദിക്കുന്നതായും സാംസ്‌കാരിക മന്ത്രി ജെന്നാരോ സാന്‍ഗുലിയാനോ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ക്ഷമാപണം നടത്തി ഇവാന്‍ ദിമിത്രോവാ റോമിലെ മേയര്‍ റോബര്‍ട്ടോ ഗ്വാള്‍ട്ടിയേരിക്ക് കത്ത് എഴുതി. ഇപ്പോഴാണ് താന്‍ ചെയ്ത പ്രവൃത്തിയുടെ ഗൗരവം തനിക്ക് മനസിലായതെന്ന് അദ്ദേഹം കത്തില്‍ എഴുതി. 'മനുഷ്യരാശിയുടെ പൈതൃകമായ ആസ്തിക്ക് സംഭവിച്ച നാശത്തിന് ഇറ്റലിക്കാരോടും ലോകത്തോടും ഹൃദയംഗമവും സത്യസന്ധവുമായ ക്ഷമാപണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൊളോസിയത്തിന്റെ
പൗരാണികതയും ചരിത്രവും തിരിച്ചറിയുന്നത് വൈകിയതില്‍ താന്‍ ലജ്ജിക്കുന്നു' - അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു.
കുറ്റം തെളിയിക്കപ്പെട്ടാല്‍ 15,000 യൂറോ (13.35 ലക്ഷം രൂപ) പിഴയും അഞ്ചു വര്‍ഷം വരെ തടവുശിക്ഷയും ഇയാള്‍ക്കു ലഭിക്കും.
ഇതിന് മുമ്പും കൊളോസിയത്തില്‍ ടൂറിസ്റ്റുകളുടെ ഭാഗത്തു നിന്ന് ഇത്തരം പ്രവൃത്തികള്‍ ഉണ്ടായിട്ടുണ്ട്. 2020 സെപ്റ്റംബറില്‍ 32 വയസുകാരനായ യുവാവ് തന്റെ പേരിന്റെ ആദ്യത്തെ അക്ഷരം ഒരു തൂണില്‍ വരച്ചുവെച്ചതിന് പിടിയിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. തൊട്ടടുത്ത മാസം 14 വയസുകാരിയായ ഒരു ജര്‍മന്‍ പെണ്‍കുട്ടിയും ഇതേ കുറ്റത്തിന് പിടിയിലായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.