3262 പേജിലായ് വചനത്തെ കരങ്ങളിലൊതുക്കി ഒരു വീട്ടമ്മ

3262 പേജിലായ് വചനത്തെ കരങ്ങളിലൊതുക്കി ഒരു വീട്ടമ്മ

നെടുംകുന്നം : സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി നെടുകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറാനാ പള്ളി ഇടവകാംഗം ബിൻസി ബിനോദ് പുളിക്കൽ ,അനേകർക്ക്‌ പ്രചോദനമായി മാറുകയാണ്. ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപ് തൂവാനിസ ധ്യാനകേന്ദ്രത്തിൽ വച്ച് ഡാനിയേൽ പൂവണ്ണത്തിലച്ചന്റെ ധ്യാനത്തിൽ പങ്കെടുത്തത് മുതൽ വിശുദ്ധ ഗ്രന്ഥവുമായി ഉറച്ച ബന്ധം പുലർത്തുവാൻ സാധിച്ചു .


ഈ അവസരത്തിലാണ് ഇടവക ദൈവാലയത്തിൽ സൺഡേ സ്കൂൾ കുട്ടികളും മതാദ്ധ്യാപകരും ചേർന്ന് നിശ്ചിത അധ്യായങ്ങൾ വീതിച്ചുകൊടുത്ത് ബൈബിൾ എഴുതി പൂർത്തിയാക്കുന്ന പദ്ധതി വരുന്നത് . അതിൽ ആവേശ പൂർവം പങ്കെടുത്തു പത്തു അദ്ധ്യായങ്ങൾ എഴുതി. എഴുതും തോറും വീണ്ടും എഴുതാൻ ഉള്ള ആഗ്രഹം മനസിൽ നിറഞ്ഞു . അങ്ങനെ സ്വന്തമായി ബൈബിൾ എഴുതുക എന്ന തീരുമാനത്തിലേക്ക് ബിൻസി എത്തി . 2020 ജനുവരി ഒന്നാം തീയതിയാണ് ബിൻസി ബൈബിൾ എഴുതുവാൻ തുടങ്ങുന്നത്. ആദ്യം പുതിയ നിയമം മാത്രം എഴുതുവാനാണ് തീരുമാനിച്ചിരുന്നത്. ഏതാണ്ട് മൂന്നു മാസം കൊണ്ട് പുതിയ നിയമം എഴുതിക്കഴിഞ്ഞു.അതിനു ശേഷം പഴയ നിയമം കൂടി എഴുതുവാനുള്ള ശ്രമം ആരംഭിച്ചു. അങ്ങനെ നവംബർ മാസത്തിൽ പി ഒ സി ബൈബിൾ ഒന്നാം താളുമുതൽ അവസാന താളുവരെ പകർത്തിയെഴുതുക എന്ന ഉദ്യമം വിജയകരമായി പൂർത്തീകരിച്ചു .

മതാദ്ധ്യാപിക ആയ ബിൻസിക്ക് എൽ കെ ജി , യു കെ ജി കുട്ടികൾക്ക് ഈശോയെ പങ്കു വയ്ച്ചു കൊടുക്കുന്നതാണ് ഏറെ ഇഷ്ടം . ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ച നിമിഷങ്ങൾ ആയിരുന്നു വിശുദ്ധ ഗ്രന്ഥം പകർത്തിയെഴുതിയ നിമിഷങ്ങൾ എന്ന് ബിൻസി സീന്യൂസ് ലൈവിനോട് പങ്കു വച്ചു.

എഴുതുമ്പോൾ മനസിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഭാഗങ്ങളായിരുന്നു പത്തു കല്പനകളെ കുറിച്ച് പ്രതിപാദിക്കുന്ന വചന ഭാഗങ്ങൾ . മനുഷ്യ ജീവിതത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടതും ഈ കല്പനകൾ പാലിക്കുവാൻ തന്നെ; ബിൻസി പറഞ്ഞു. മകന്റെ പേനകൾ ഉപയോഗിച്ച് നീല മഷിയിൽ ആദ്യം എഴുതി തുടങ്ങിയത് . പിന്നീട് ഒരേ തരത്തിലുള്ള പേനകൾ വാങ്ങിച്ച് എഴുത്ത് തുടർന്നു. ഇടയ്ക്കു ശാരീരിക അസ്വസ്ഥകൾ ഉണ്ടായെങ്കിലും അതെല്ലാം പ്രാർത്ഥനയുടെ ശക്തിയിൽ തരണം ചെയ്താണ് എഴുത്തു പൂർത്തിയാക്കിയത് .

ഒരു ദിവസം അഞ്ചുമണിക്കൂർ വരെ എഴുത്തും , പക്ഷെ തുടർച്ചയായി ഒരു മണിക്കൂർ മാത്രമേ എഴുതുകയുള്ളായിരുന്നു. അനേകർക്ക്‌ ഈ പകർത്തിയെഴുത്ത് പ്രചോദനം ആകുന്നുണ്ട് . അവർക്കുള്ള ബിൻസിയുടെ ഉപദേശം; എല്ലാ ദിവസവും കുറച്ചു വീതം എഴുതുക എന്നത് തന്നെ.    ഈ ഉദ്യമത്തിൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവ് ബിനോദിന്റെ പ്രോത്സാഹനവും തന്നെ സഹായിച്ചതായി ബിൻസി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.