'മണിപ്പൂര്‍ കലാപം ഭരണകൂടം സ്പോണ്‍സര്‍ ചെയ്തത്'; ആനി രാജ അടക്കമുള്ള സിപിഐ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

'മണിപ്പൂര്‍ കലാപം ഭരണകൂടം സ്പോണ്‍സര്‍ ചെയ്തത്'; ആനി രാജ അടക്കമുള്ള സിപിഐ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

ഇംഫാല്‍: മണിപ്പൂരില്‍ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ആനി രാജ അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് ഇംഫാല്‍ പൊലീസ്. മണിപ്പൂര്‍ കലാപം ഭരണകൂടം സ്പോണ്‍സേര്‍ഡ് ചെയ്തതാണെന്ന പരാമര്‍ശത്തെത്തുടര്‍ന്നാണ് കേസെടുത്തത്. എന്‍എഫ്ഐഡബ്ല്യു നേതാവ് നിഷ സിദ്ദു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

എസ് ലിബെന്‍ സിങ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഗൂഢാലോചന, കലാപം നടത്താന്‍ കരുതിക്കൂട്ടിയുള്ള പ്രകോപനം, ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനുള്ള നീക്കം അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആനി രാജയുടെ നേതൃത്വത്തില്‍ മൂന്നംഗ എന്‍എഫ്ഐഡബ്ല്യു സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മണിപ്പൂരിലേത് ഭരണകൂടം സ്പോണ്‍സേര്‍ഡ് ചെയ്ത കലാപമാണെന്ന് ആനി രാജ പറഞ്ഞത്.

ജൂലൈ ഒന്നിന് ഇംഫാലില്‍ മൂന്നംഗ സമിതി നടത്തിയ വാര്‍ത്താ സമ്മേളനത്തെക്കുറിച്ച് സിങ് തന്റെ പരാതിയില്‍ പറയുന്നത് മണിപ്പൂരിലെ അക്രമത്തെ 'നിര്‍ണ്ണായകമായ തെളിവുകളൊന്നുമില്ലാതെ' സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതായി അവര്‍ പരാമര്‍ശിച്ചു എന്നാണ്.

'ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇത്തരം പ്രസ്താവനകള്‍. സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് പ്രസ്താവന. സര്‍ക്കാരിനും സമുദായങ്ങള്‍ക്കിടയിലും ശത്രുതയുണ്ടാക്കുകയും സംസ്ഥാനത്തിന്റെ ഈ അസ്ഥിരമായ സാഹചര്യത്തില്‍ അവര്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്നും പരാതിയില്‍ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കുന്നു.

ജൂണ്‍ 17 ന് നടത്തിയ പ്രസ്താവനകളുടെ പേരില്‍ ഇംഫാല്‍ നിവാസിയായ മൊയ്റംഗ്തെം മണിഹര്‍ സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് സര്‍വകലാശാല പ്രൊഫസര്‍ ഖം ഖാന്‍ സുവാന്‍ ഹൗസിങിന് ഇംഫാല്‍ ഈസ്റ്റിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സമന്‍സ് അയച്ചിരുന്നു. സോമി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ അംഗങ്ങള്‍ക്കെതിരെ 'ഇനിവിറ്റബിള്‍ സ്പ്ലിറ്റ് - ഡോക്യുമെന്റ്‌സ് ഓണ്‍ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് എത്‌നിക് ക്ലീന്‍സിംഗ് ഇന്‍ മണിപ്പൂര്‍ 2023' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന് മണിപ്പൂര്‍ ഹോം കമ്മീഷണര്‍ ടി രഞ്ജിത് സിങ് ഞായറാഴ്ച ഡിജിപിക്ക് കത്തയച്ചിരുന്നു. സോമി സ്റ്റുഡന്റ്സ് ഫെഡറേഷനും കുക്കി സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് മെയിലാണ് 96 പേജുള്ള പുസ്തകം പ്രസിദ്ധീകരിച്ചത്. രചയിതാവിനും സംഘടനയ്ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും അതിന്റെ തുടര്‍ പ്രസിദ്ധീകരണം നിരോധിക്കാനും പുസ്തകം കണ്ടുകെട്ടാനും ആവശ്യമായ സെര്‍ച്ച് വാറണ്ടുകള്‍ നല്‍കാനും വിശദമായ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളാനും ഹോം കമ്മീഷണര്‍ ഡിജിപിയോട് അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.