തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം അംഗങ്ങളുടെ കൂട്ടരാജി. സ്ഥിരം സമിതി അധ്യക്ഷരും സമിതിയിലെ എൽഡിഎഫ് അംഗങ്ങളുമാണ് രാജിവെച്ചിരിക്കുന്നത്. മേയറുടെ രാജിയും ഉടൻ ഉണ്ടായേക്കും.
സ്ഥിരംസമിതി അധ്യക്ഷരായ എസ്.സലാം (ക്ഷേമകാര്യം), ജമീലാ ശ്രീധരൻ (ആരോഗ്യം), എൽ.എസ്. ആതിര (വികസനം), ജിഷാ ജോൺ (നഗരാസൂത്രണം), ഡോ. കെ.എസ്. റീന (വിദ്യാഭ്യാസം) എന്നിവരാണ് ചൊവ്വാഴ്ച വൈകീട്ട് രാജിക്കത്ത് കൈമാറിയത്.
മുന്നണിയിലെ ധാരണ പ്രകാരം രണ്ടര വർഷം പൂർത്തിയായതിനെ തുടർന്നാണ് രാജിയെന്നാണ് വിശദീകരണം. എന്നാൽ അഴിമതി ആരോപണങ്ങളിൽ നിരന്തരം ചീത്തപ്പേര് കേൾക്കുന്ന കോർപറേഷൻ ഭരണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം ആണെന്നും അഭിപ്രായം ഉണ്ട്.
കത്ത് വിവാദത്തിൽ മരാമത്ത് അധ്യക്ഷനായിരുന്ന ഡി.ആർ. അനിൽ രാജിവെച്ചതിനെത്തുടർന്ന് സ്ഥാനത്തെത്തിയ മേടയിൽ വിക്രമൻ, ഘടകകക്ഷിയുടെ പക്കലുള്ള നികുതി അപ്പീൽ കമ്മിറ്റിയുടെ അധ്യക്ഷൻ പാളയം രാജൻ എന്നിവർ രാജി നൽകിയിട്ടില്ല.
എല്ലാവരുടെയും രാജി അംഗീകരിച്ചതായി സെക്രട്ടറി അറിയിച്ചു. സ്ഥിരംസമിതി തിരഞ്ഞെടുപ്പ് 14 ദിവസത്തിനുള്ളിൽ നടക്കും.
ഏറെ വിവാദങ്ങളിൽപ്പെട്ട കോർപ്പറേഷൻ ഭരണസമിതിയുടെ ഒരുഭാഗം പൊളിച്ചുപണിയാൻ സിപിഎം പുതുമുഖങ്ങളെ ഇറക്കി നടത്തിയ പരീക്ഷണം അത്ര വിജയമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്ഥിരം സമിതി അധ്യക്ഷൻമാരെ മാറ്റാൻ പാർട്ടി തീരുമാനിച്ചത്.
ജില്ലാ കമ്മിറ്റി തീരുമാനപ്രകാരമാണ് മാറ്റങ്ങൾ. മേയറെ മാറ്റുന്നതും പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റാണ് അന്തിമതീരുമാനം എടുക്കേണ്ടത്.
മേയർ മാറുകയാണെങ്കിൽ ഷാജിദാ നാസറിനെയാകും പരിഗണിക്കുക. സ്ഥിരം സമിതി അധ്യക്ഷൻമാരുടെ മാറ്റത്തിനുശേഷമാകും ഇക്കാര്യം പാർട്ടി പരിഗണിക്കുക.
ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന നിലയിൽ ദേശീയതലത്തിൽത്തന്നെ ആര്യാ രാജേന്ദ്രൻ ശ്രദ്ധനേടിയ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെകൂടി അഭിപ്രായം തേടിയശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.