മെല്‍ബണ്‍: ഒന്നു തൊട്ടാല്‍ പോലും അസഹനീയമായ വേദന കൊണ്ടു പുളയുന്ന അത്യപൂര്‍വ രോഗാവസ്ഥയില്‍ വലയുകയാണ് ഓസ്ട്രേലിയന്‍ സ്വദേശിയായ ബെല്ലാ മേസിയെന്ന പത്തു വയസുകാരി. ശരീരം അനങ്ങിയാലോ ആരെങ്കിലും സ്പര്‍ശിക്കുമ്പോഴോ വലതു കാലിന് താങ്ങാനാകാത്ത വേദനയാണ് ആ കുരുന്ന് അനുഭവിക്കുന്നത്. ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറം വേദന ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ള കോംപ്ലക്സ് റീജിയണല്‍ പെയ്ന്‍ സിന്‍ഡ്രോം ആണ് കുട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെല്‍ബണ്‍ സ്വദേശിനിയായ ബെല്ലാ മേസിയുടെ ദുരിത ജീവിതം ഓസ്‌ട്രേലിയയിലെ സെവന്‍ന്യൂസ്, ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുടുംബവുമായി ഫിജിയില്‍ അവധി ആഘോഷിക്കാനെത്തിയപ്പോള്‍ വലതുകാലില്‍ ഒരു കുമിളയുണ്ടായതോടെയാണ് ബെല്ലയുടെ ദുരിത ജീവിതം തുടങ്ങുന്നത്. ഈ കുമിളയില്‍ അണുബാധയുണ്ടായതോടെ മെല്‍ബണ്‍ ആല്‍ഫ്രഡ് ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ കോംപ്ലക്സ് റീജിയണല്‍ പെയിന്‍ സിന്‍ഡ്രോം (സി.ആര്‍.പി.എസ്) ആണെന്നു കണ്ടെത്തി.
അത്യപൂര്‍വമായ രോഗാവസ്ഥയാണിതെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ബാല്യത്തില്‍ത്തന്നെ ഈ രോഗം പിടിപെട്ടതോടെ ബെല്ലയുടെ ജീവിതം തന്നെ താളംതെറ്റി. കടുത്ത വേദന കാരണം വലതുകാല്‍പാദമോ കാലോ ബെല്ലയ്ക്ക് അനക്കാനോ ചലിപ്പിക്കാനോ കഴിയില്ല. എപ്പോഴും കിടക്കയില്‍ത്തന്നെ കഴിയേണ്ടിവരുന്ന ബെല്ല മുറിയ്ക്കു പുറത്തേക്കു പോകണമെങ്കില്‍പ്പോലും വീല്‍ചെയറിന്റെ സഹായം ആവശ്യമാണ്. എന്നാല്‍ വലിയ വേദന സഹിക്കണം എന്നതിനാല്‍ സ്വന്തം മുറിയല്ലാതെ മറ്റൊരിടവും കുറച്ചു നാളുകളായി ബെല്ല കണ്ടിട്ടില്ല.
ബെല്ല കുടുംബത്തിനൊപ്പം
കാലില്‍ പുതപ്പ് ഇട്ടാല്‍പ്പോലും അതികഠിനമായ വേദനയാണ്. ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് തുടച്ചാല്‍പ്പോലും വേദന സഹിക്കാനാകില്ലെന്നു ബെല്ല പറയുന്നു.
പലപ്പോഴും ചെറിയ പരുക്കുകളോ ശസ്ത്രക്രിയകളോ മൂലമുണ്ടാകുന്ന അപൂര്‍വ അവസ്ഥയാണ് ഇപ്പോള്‍ ബെല്ലയുടെ ജീവിതത്തെ തകിടംമറിച്ചിരിക്കുന്നതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
അത്യപൂര്‍വ രോഗത്തില്‍ പകച്ചു നില്‍ക്കുകയാണ് ബെല്ലയും കുടുംബവും. യുഎസില്‍ മാത്രമാണ് നിലവില്‍ രോഗത്തിന് ചികിത്സയുള്ളത്. ചികിത്സാച്ചെലവ് താങ്ങാനാവാത്തതിനാല്‍ ഗോഫണ്ട്മീ എന്ന പേരില്‍ ബെല്ലയുടെ ചികിത്സയ്ക്കായി ഒരു ക്യാമ്പെയ്ന്‍ തുടങ്ങിയിട്ടുണ്ട് കുടുംബം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.