സാങ്കേതിക സര്‍വകലാശാലയില്‍ പുതിയ എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്ക് അനുമതി; സീറ്റ് വര്‍ദ്ധിപ്പിക്കാനും തീരുമാനം

സാങ്കേതിക സര്‍വകലാശാലയില്‍ പുതിയ എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്ക് അനുമതി; സീറ്റ് വര്‍ദ്ധിപ്പിക്കാനും തീരുമാനം

തിരുവനന്തപുരം: 2023-24 അധ്യയന വര്‍ഷത്തില്‍ 64 നവീന എന്‍ജിനീയറിങ് കോഴ്സുകള്‍ക്ക് അംഗീകാരം കൊടുക്കാന്‍ എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല തീരുമാനിച്ചു. കൂടാതെ രണ്ട് പുതിയ എന്‍ജിനീയറിങ് കോളജുകള്‍ ആരംഭിക്കാനുള്ള നിരാക്ഷേപ പത്രം നല്‍കാനും ഈ കോളജുകളില്‍ വിദഗ്ധ പരിശോധന നടത്താനും തീരുമാനമായി.

140 എന്‍ജിനീയറിങ് കോളജുകളുടെ അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ കോഴ്സുകള്‍ ആരംഭിക്കുന്ന കോളജുകളുടെ പട്ടികയും നിലവിലുള്ള കോഴ്സുകളിലെ സീറ്റ് വര്‍ധനവിന്റെ വിവരങ്ങളും സര്‍ക്കാരിന് കൈമാറി. എഐസിടിഇ അക്കാദമിക് കലണ്ടര്‍ പ്രകാരം സര്‍വ്വകലാശാലകള്‍ അഫിലിയേഷന്‍ അനുവദിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 31 ാണ്.

64 എന്‍ജിനീയറിങ് കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനും 47 കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാനും സര്‍വകലാശാല ഉത്തരവായി. പുതിയ പഠന മേഖലകളിലായി നവീന എന്‍ജിനീയറിങ് കോഴ്‌സുകള്‍ നിരവധി കോളജുകളില്‍ ആരംഭിക്കുന്നതോടെ എന്‍ജിനീയറിങ് പഠനം ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തില്‍ തന്നെ പഠിക്കുന്നതിനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്.

നിലവിലുള്ള ബി ടെക്, ബി ആര്‍ക്ക്, ബി ഡെസ് കോഴ്‌സുകള്‍ക്ക് പുറമെ ഈ അധ്യയന വര്‍ഷം മുതല്‍ ബി വോക് കോഴ്‌സുകളും സര്‍വകലാശാല ആരംഭിക്കും. നിലവില്‍ ഒരു കോളജിന് സൈബര്‍ സെക്യൂരിറ്റിയിലാണ് ബി വോക് അനുവദിച്ചിട്ടുള്ളത്. എമേര്‍ജിങ് എന്‍ജിനീയറിങ് മേഖലയില്‍ വിഎല്‍എസ്‌ഐ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി, ഡിസൈന്‍ മേഖലയില്‍ ബാച്ലര്‍ ഓഫ് ഇന്ററാക്ഷന്‍ ഡിസൈന്‍, ബാച്ലര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍ എന്നിവയാണ് പുതിയതായി ആരംഭിക്കുന്ന കോഴ്‌സുകള്‍.

എംബിഎ സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകളായ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നിവയും ഈ വര്‍ഷം ആരംഭിക്കും. കമ്പ്യൂട്ടര്‍ സയന്‍ സിലും അനുബന്ധ മേഖലയിലുമാണ് പുതിയ കോഴ്‌സുകള്‍ കൂടുതലും അനുവദിച്ചിരിക്കുന്നത്. ഈ മേഖലയിലെ തൊഴില്‍ സാധ്യതകളെ കാണിക്കിലെടുത്താണ് ഈ തീരുമാനം.

തൊഴില്‍, വിദ്യാഭ്യാസ മേഖലകള്‍ തമ്മിലുള്ള അന്തരം കുറക്കാനും നൈപുണ്യ വികസനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതുമായ ബി ടെക്ക് കരിക്കുലം റിവിഷനും ധൃതഗതിയില്‍ പുരോഗമിക്കുകയാണ്. അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എഐസിടിഇ നല്‍കിയ അന്തിമ തീയതിയിലും വളരെ മുന്‍പേയാണ് സര്‍വകലാശാല പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.