മണിപ്പൂര്‍ കലാപം: മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രമേയം പാസാക്കി യൂറോപ്യന്‍ യൂണിയന്‍

മണിപ്പൂര്‍ കലാപം:  മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രമേയം പാസാക്കി യൂറോപ്യന്‍ യൂണിയന്‍

വംശീയവും മതപരവുമായ അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സ്ട്രാസ്ബര്‍ഗ് (ഫ്രാന്‍സ്): മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രമേയം പാസാക്കി യൂറോപ്യന്‍ യൂണിയന്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സിലെത്തുന്നതിന് തൊട്ടു മുന്‍പാണ് പ്രമേയം പാസാക്കിയത്.

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളില്‍ മോഡി സര്‍ക്കാര്‍ തുടരുന്ന നിഷ്‌ക്രിയത്വത്തിനെ പ്രമേയം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ബുധനാഴ്ച യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഈ നിര്‍ദേശം കൊണ്ടുവന്നപ്പോള്‍ ഇന്ത്യ എതിര്‍ത്തിരുന്നു.

മണിപ്പൂര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും യൂറോപ്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച പാടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും വിഷയം യൂറോപ്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുകയും പ്രമേയം പാസാക്കുകയും ചെയ്തു.

മണിപ്പൂരില്‍ രണ്ട് മാസമായി നടക്കുന്ന അക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന മോഡി സര്‍ക്കാരിന്റെ രീതികള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നു. ഹിന്ദു ഭൂരിപക്ഷ വാദത്തെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തിലും ഭിന്നിപ്പിക്കുന്ന നയങ്ങളിലും തങ്ങള്‍ ആശങ്കാകുലരാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

വംശീയവും മതപരവുമായ അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ സമുദായങ്ങളോടുള്ള അസഹിഷ്ണുതയാണ് മണിപ്പൂരിലെ അക്രമങ്ങള്‍ക്ക് ആക്കം കൂട്ടിയത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ഇന്റര്‍നെറ്റ് തടയാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെയും പ്രമേയം വിമര്‍ശിച്ചു.

ഐക്യരാഷ്ട്ര സഭയുടെ ശുപാര്‍ശകള്‍ പാലിച്ച് സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFPSA) പിന്‍വലിക്കാനും സുരക്ഷാ സേനയുടെ ബലപ്രയോഗം സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനും പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ നിലവില്‍ മതസ്വാതന്ത്ര്യം കുറഞ്ഞു. ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ആദിവാസി സമൂഹങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിവേചനപരമായ നിയമങ്ങളും സമ്പ്രദായങ്ങളും പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. മണിപ്പൂരിനോട് എല്ലാ ഭാഗത്തു നിന്നും സംയമനം പാലിക്കാന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം യൂറോപ്യന്‍ യൂണിയന്റെ ഈ നിര്‍ദേശം ഇന്ത്യ പൂര്‍ണമായും നിരസിച്ചു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങളുമായി ഇത് സംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.