ന്യൂഡല്‍ഹി: വൈബി ചവാന്‍ സെന്ററില്‍ ശരദ് പവാറിനെ അപ്രതീക്ഷിതമായി സന്ദര്‍ശിച്ച് ആശീര്‍വാദം തേടി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) സ്ഥാപകനായ ശരദ് പവാറിനെ അനുനയിപ്പിക്കാനുള്ള ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ജൂലൈ രണ്ടിനാണ് അജിത് പവാറും എട്ട് എന്‍സിപി എംഎല്‍എമാരും മഹാരാഷ്ട്ര സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഈ അപ്രതീക്ഷിത നീക്കം ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള സംഘടനയെ പിളര്‍പ്പിലേക്ക് നയിച്ചു.
'ഞങ്ങള്‍ എല്ലാവരും ഞങ്ങളുടെ ദൈവം ശരദ് പവാറില്‍ നിന്ന് അനുഗ്രഹം വാങ്ങാന്‍ വന്നതാണ്. പവാര്‍ സാഹിബ് ഇവിടെയുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കി. അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാന്‍ ഇവിടെയെത്തി'- മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
എന്‍സിപി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് തങ്ങള്‍ ശരദ് പവാറിനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അദ്ദേഹം ഇതിനോട് പ്രതികരിച്ചില്ലെന്നും മഹാരാഷ്ട്ര നിയമസഭയുടെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പട്ടേല്‍ വ്യക്തമാക്കി. അജിത് പവാര്‍ തന്റെ അമ്മാവനെതിരെ നിലപാടെടുത്ത് ജൂലൈ രണ്ടിന് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേര്‍ന്നതിന് ശേഷം ശരദ് പവാറും വിമത എന്‍സിപി എംഎല്‍എമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ശരദ് പവാര്‍ വിഭാഗത്തില്‍ നിന്നുള്ള സുപ്രിയ സുലെ, ജയന്ത് പാട്ടീല്‍, ജിതേന്ദ്ര അവാദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അടുത്തിടെ എന്‍സിപി മേധാവിയുടെ ഔദ്യോഗിക വസതിയായ സില്‍വര്‍ ഓക്ക് അജിത് പവാര്‍ സന്ദര്‍ശിച്ചിരുന്നു. ശരദ് പവാറിന്റെ ഭാര്യ പ്രതിഭ പവാറിനെ കാണാനാണ് അദ്ദേഹം ഇവിടേയ്ക്ക് എത്തിയത്. 2019 നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ അജിത് പവാറും ദേവേന്ദ്ര ഫഡ്നാവിസും ഒരു ഹ്രസ്വകാല സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം അദ്ദേഹത്തെ എന്‍സിപിയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ അവര്‍ നിര്‍ണായക പങ്ക് വഹിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.