ഇറാനില്‍ മതാചാരപ്രകാരമുള്ള വസ്ത്രധാരണം അടിച്ചേല്‍പ്പിക്കാന്‍ നടപടിയുമായി ഭരണകൂടം; സദാചാര പൊലീസ് വീണ്ടും രംഗത്ത്

ഇറാനില്‍ മതാചാരപ്രകാരമുള്ള വസ്ത്രധാരണം അടിച്ചേല്‍പ്പിക്കാന്‍ നടപടിയുമായി ഭരണകൂടം; സദാചാര പൊലീസ് വീണ്ടും രംഗത്ത്

ടെഹ്‌റാന്‍: ഇറാനില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ട് ഹിജാബ് നിയമം വീണ്ടും കര്‍ശനമാക്കുന്നു. സ്ത്രീകള്‍ ഇസ്ലാമിക രീതിയില്‍ വസ്ത്രം ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സദാചാര പൊലീസ് പട്രോളിങ് പുനരാരംഭിച്ചു. മഹ്‌സ അമിനിയുടെ മരണശേഷം രാജ്യത്തുയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ത്തലാക്കിയ സദാചാര പൊലീസിങ്ങാണ് വീണ്ടും ആരംഭിച്ചത്. ശരീര ഭാഗങ്ങളോ മുടിയോ പുറത്തുകാണാത്ത വിധം സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രാജ്യത്തെ തെരുവുകളില്‍ പരിശോധന കര്‍ശനമാക്കാനാണ് നീക്കം.

ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി മരിച്ച് കൃത്യം 10 മാസത്തിന് ശേഷമാണ് ഇറാനില്‍ വീണ്ടും ഹിജാബ് നിയമം ശക്തമാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് പരിശോധനക്കിടെ മഹ്‌സ അമിനിയെന്ന യുവതിയെ ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിനിരയായ മഹ്‌സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യം സാക്ഷ്യം വഹിച്ചത് വലിയ പ്രക്ഷോഭങ്ങള്‍ക്കാണ്.

മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങളുടെ സമ്മര്‍ദത്തിനൊടുവില്‍ സദാചാര പൊലീസിങ്ങില്‍ നിന്ന് ഇറാന്‍ ഭരണകൂടം പിന്നോട്ടുപോയി. ഹിജാബ് പരിശോധന പുനരാരംഭിക്കണമെന്ന ആവശ്യവുമായി തീവ്ര ഇസ്ലാമിക സംഘടനകള്‍ അന്നു മുതലേ രംഗത്തുണ്ടായിരുന്നു.

ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ മതനിയമം അനുശാസിക്കുന്ന വസ്ത്രധാരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം സ്ത്രീകള്‍ നിര്‍ബന്ധമായും ശിരോവസ്ത്രം കൊണ്ട് മുടി മറയ്ക്കുകയും നീണ്ടതും അയഞ്ഞതുമായ വസ്ത്രം കൊണ്ട് ശരീരം മറയ്ക്കുകയും വേണം. നിയമം തെറ്റിച്ച് വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

നിയമങ്ങള്‍ പാലിക്കാത്ത സ്ത്രീകള്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുമെന്ന് പൊലീസ് വക്താവ് സയീദ് മൊണ്ടസോറോള്‍ മഹ്ദി അറിയിച്ചു. എന്നിട്ടും നിയമം അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

മഹ്‌സയുടെ ശവസംസ്‌കാര ചടങ്ങിനിടെ നൂറുകണക്കിന് സ്ത്രീകളാണ് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. സദാചാര പൊലീസിനും ഇറാനിയന്‍ സര്‍ക്കാരിനുമെതിരെയാണ് ജനരോഷം പൊട്ടിപ്പുറപ്പെട്ടത്. പൊതുമധ്യത്തില്‍ ഹിജാബുകള്‍ ഊരിയെറിഞ്ഞും മതപരമായ വസ്ത്രങ്ങള്‍ തീയിട്ടും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് ഇറാന്‍ ജനത പ്രതിഷേധിച്ചത്. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം സൈന്യത്തെ നിയോഗിച്ചതോടെ, തെരുവുകള്‍ പോരാട്ടക്കളങ്ങളായി.1979-ലെ വിപ്ലവത്തിന് ശേഷം ഇറാനിയന്‍ ഭരണത്തിനതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയ വര്‍ഷമായിരുന്നു 2022.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.