തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്തവിധം ജനകീയതയുടെ മറുപേരാണ് ഉമ്മന്‍ചാണ്ടി. സ്‌നേഹത്തിന്റെയും കരുണ്യത്തിന്റെയും രാഷ്ട്രീയമുഖമായി കേരളം അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തെ അനുസ്മരിക്കുന്നവര്‍ക്കൊക്കെ പറയാനുള്ളതും ആ സ്‌നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചുമൊക്കെയാണ്. അഞ്ചു പതിറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നിന്ന ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടില്‍ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക മേഖലകളില്‍ നിന്ന് അനുശോചന പ്രവാഹമാണ്.
പിണറായി വിജയന്‍ (മുഖ്യമന്ത്രി)
കേരള രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍. ജനജീവിതത്തില്‍ ഇഴുകി ചേര്‍ന്ന് നിന്ന വ്യക്തിയാണ് അദ്ദേഹം. ഒരേ വര്‍ഷമാണ് തങ്ങള്‍ ഇരുവരും നിയമസഭയില്‍ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാര്‍ത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തില്‍ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു.
വി.ഡി. സതീശന്‍ (പ്രതിപക്ഷ നേതാവ്)
തീക്ഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ നിന്ന നേതാവാണ് ഉമ്മന്‍ചാണ്ടി. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്. 'കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു. ഉമ്മന്‍ ചാണ്ടിയെപ്പോലെ മറ്റൊരാളില്ല.
വി. മുരളീധരന്‍ (കേന്ദ്ര സഹമന്ത്രി)
കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായിരുന്നു ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ അതികായന്റെ നഷ്ടം നികത്താന്‍ ആകാത്തതാണ്. ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി ഒരു പാഠപുസ്തകം തന്നെയാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കളുടെയും വേദനയില്‍ പങ്കുചേരുന്നു.
കെ.സുധാകരന്‍ (കെപിസിസി പ്രസിഡന്റ്)
'സ്‌നേഹം' കൊണ്ട് ലോകം ജയിച്ച രാജാവായിരുന്നു ഉമ്മന്‍ചാണ്ടി. ആ രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു. ഉമ്മന്‍ചാണ്ടിയെന്ന ജനനായകനെയാണ് നഷ്ടമായത്.
രമേശ് ചെന്നിത്തല (മുന്‍ പ്രതിപക്ഷ നേതാവ്)
സാധാരണക്കാര്‍ക്ക് വേണ്ടി ജീവിച്ച നേതായിരുന്നു ഉമ്മന്‍ചാണ്ടി. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കി മാറ്റിയ ജനപ്രിയനായ നേതാവ്. രാഷ്ട്രീയ വളര്‍ച്ചയുടെ കൊടുമുടി കയറുമ്പോഴും ജന്‍മനാടുമായും നാട്ടുകാരുമായും സൂക്ഷിച്ച ഹൃദയബന്ധമാണ് ഉമ്മന്‍ചാണ്ടിയെ വ്യത്യസ്തനാക്കിയിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഒരു ജേഷ്ഠ സഹോദരനെയാണ് തനിക്ക് നഷ്ടപ്പെട്ടത്.
എ.കെ. ആന്റണി (മുന്‍ മുഖ്യമന്ത്രി)
വ്യക്തി ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗം. ഉമ്മന്‍ചാണ്ടി ഇല്ലായിരുന്നെങ്കില്‍ തനിക്കൊരു കുടുംബ ജീവിതം ഉണ്ടാകില്ലായിരുന്നു. എന്റെ ഭാര്യ എല്‍സിയെ എനിക്കായി കണ്ടെത്തിയത് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയാണ്. ഞങ്ങള്‍ തമ്മില്‍ ഒരു രഹസ്യങ്ങളുമില്ല. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ പോലും മനസ് തുറന്നായിരുന്നു ഞങ്ങളുടെ സംസാരം. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറ്റവുമധികം സംഭാവന ചെയ്ത നേതാവിന്റെ വിയോഗം കേരളത്തിലെ ജനങ്ങള്‍ക്കാണ് ഏറ്റവും വലിയ നഷ്ടം.
പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍)
കേരളത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിനും തീരാ നഷ്ടം. മായാത്ത മുദ്ര പതിപ്പിച്ചയാളാണ് ഉമ്മന്‍ചാണ്ടി. ജനങ്ങളോടുള്ള അടുപ്പവും ആദരവും പ്രകടിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജനസമ്പര്‍ക്ക പരിപാടികള്‍. പതിറ്റാണ്ടുകളോളം രാഷ്ടീയ മണ്ഡലത്തില്‍ നിലകൊണ്ട അദ്ദേഹം വലിയ സംഭാവനകളാണ് കേരളത്തിന് നല്‍കിയത്.
എം.വി. ഗോവിന്ദന്‍ (സിപിഎം സംസ്ഥാന സെക്രട്ടറി)
ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തില്‍ നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രായോഗിക രാഷ്ടീയത്തെ കോണ്‍ഗ്രസ് രാഷ്ടീയത്തിന്റെ ചട്ടക്കൂടിന്റെ അകത്ത് നിന്ന് കൊണ്ട് കൈകാര്യം ചെയ്യാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരോടും സൗഹൃദം നിലനിര്‍ത്തി മുമ്പോട്ട് പോയ രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ചാണ്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.