തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍സ്ര് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന് കുടുംബം. മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതി ഒഴിവാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു.
പിതാവിന്റെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മനും അറിയിച്ചു. പിതാവിന്റെ അന്ത്യാഭിലാഷം പോലെ മതി സംസ്‌കാര ചടങ്ങുകളെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മരണത്തിലും സാധാരണക്കാരനാകാന്‍ ആഗ്രഹിച്ചയാളാണ് അപ്പ. അതുകൊണ്ടാണ് സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ വേണ്ട എന്ന് പറഞ്ഞതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജനങ്ങള്‍ നല്‍കുന്ന യാത്രാ മൊഴിയാണ് അപ്പയ്ക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് മകള്‍ അച്ചു ഉമ്മനും പ്രതികരിച്ചു.
അതേസമയം വിലാപയാത്ര കോട്ടയത്ത് എത്താന്‍ നിശ്ചയിച്ചതിലും ഏറെ വൈകും. കോട്ടയം തിരുനക്കര മൈതാനിയില്‍ ആളുകളെ തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൊതുദര്‍ശനതിന് ക്യു ഏര്‍പ്പെടുത്തും. ജനങ്ങളെ കൃത്യമായി നിയന്ത്രിക്കാനുള്ള തീരുമാനമാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്. മൈതാനിയില്‍ സുരക്ഷാ ക്രമീകരണത്തിന് 2000 പൊലീസുകാരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പൊലീസ് മേധാവി പറഞ്ഞു. ജില്ലയില്‍ ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അഭിപ്രായം തേടാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അഗാധമായ ദുഖം രേഖപ്പെടുത്തി.
മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയം
മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. അദേഹത്തിന്റെ പ്രിയപ്പെട്ടവരെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭാ യോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം. കെഎസ്‌യുവിലൂടെ കോണ്‍ഗ്രസിലെത്തി പാര്‍ട്ടിയുടെ നേതൃത്വത്തിലും ഗവണ്‍മെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു.
ജനക്ഷേമത്തിലും സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന്‍ എന്ന നിലയ്ക്കും ജനകീയ പ്രശ്‌നങ്ങള്‍ സമര്‍ത്ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃതലത്തിലെ പ്രമുഖന്‍ എന്ന നിലയ്ക്കുമൊക്കെ ശ്രദ്ധേയനായി. 1970 ല്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയില്‍ എത്തിയ ഉമ്മന്‍ചാണ്ടി പിന്നീടിങ്ങോട്ട് എല്ലാക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. 53 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി എംഎല്‍എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തില്‍ നിന്നു തന്നെ തിരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡാണ്.
പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചത്. തൊഴില്‍, ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.