അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്; പുടിന്‍ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കില്ല: രക്ഷകനായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്; പുടിന്‍ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കില്ല: രക്ഷകനായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബര്‍ഗില്‍ അടുത്ത മാസം നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പങ്കെടുക്കില്ല. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറണ്ട് പുടിനെതിരെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഉച്ചകോടി നടക്കുന്നതിനിടയില്‍ പുടിനെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനാണിത്. പുടിന് പകരം വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവാകും റഷ്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുക്കുക.

ഉക്രെയ്ന്‍ അധിനിവേശത്തിനിടെ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര കോടതിയുമായി ധാരണയുള്ളതിനാല്‍ ഈ അറസ്റ്റ് വാറണ്ട് പാലിക്കാന്‍ ദക്ഷിണാഫ്രിക്ക ബാധ്യസ്ഥരാണ്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണ പ്രകാരമാണ് ഐസിസി അംഗരാജ്യം കൂടിയായ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഉച്ചകോടിയില്‍ നിന്ന് പുടിന്‍ വിട്ടു നില്‍ക്കുന്നതെന്നാണ് വിവരം.

റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കുന്നു.

റഷ്യയുമായി മികച്ച സൗഹൃദം പുലര്‍ത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മാസങ്ങളായി ഉച്ചകോടിയുടെ നടത്തിപ്പ് തലവേദന സൃഷ്ടിച്ചിരുന്നു. ബ്രിക്‌സ് ഉച്ചകോടിക്കിടയില്‍ പുടിനെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ പരമാവധി ശ്രമിച്ചിരുന്നു. മുമ്പ് ഉക്രെയ്ന്‍ അധിനിവേശത്തെ അപലപിക്കാന്‍ മടിച്ച ദക്ഷിണാഫ്രിക്ക റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് തീരുമാനിച്ചത്.

പുടിനെ അറസ്റ്റ് ചെയ്യുന്നത് മറ്റൊരു യുദ്ധത്തിന് ആഹ്വാനം നല്‍കുന്നതിന് തുല്യമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് പ്രതികരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് സഖ്യത്തിന് നല്‍കിയ മറുപടിയിലായിരുന്നു റമഫോസയുടെ പ്രതികരണം.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുടിന്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റിക് അലയന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രിട്ടോറിയ കോടതിയെയാണ് സമീപിച്ചിരുന്നത്. കേസ് കോടതി വെള്ളിയാഴ്ച കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റഷ്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും പുറമെ ബ്രസീല്‍, ഇന്ത്യ, ചൈന രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉക്രെയ്‌നുമായി ഉണ്ടാക്കിയ ധാന്യ കയറ്റുമതി കരാറില്‍ നിന്ന് റഷ്യ പിന്മാറിയിരുന്നു. ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് റഷ്യയുടെ പിന്മാറ്റം തിരിച്ചടിയാകും. 20 ശതമാനത്തിലേറെ ധാന്യമാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ഉണ്ടായിരുന്നത്. എന്നാല്‍ കയറ്റുമതി തുടരാന്‍ തയ്യാറാണെന്നാണ് ഉക്രെയ്‌ന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.