ജനക്കൂട്ടത്തെ തനിച്ചാക്കി സ്‌നേഹത്തിന്റെ മഹാ മാന്ത്രികന്‍ മടങ്ങി

ജനക്കൂട്ടത്തെ തനിച്ചാക്കി സ്‌നേഹത്തിന്റെ മഹാ മാന്ത്രികന്‍ മടങ്ങി

ജനപ്രിയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി സെമിത്തേരിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ സംസ്‌കരിച്ചു.

കോട്ടയം: കരഞ്ഞ് കണ്ണീര്‍ വറ്റിനിന്ന ജനസാഗരത്തെ തനിച്ചാക്കി ഉമ്മന്‍ ചാണ്ടി എന്ന മഹാത്ഭുതം മടങ്ങി. ജീവിതത്തിലെന്ന പോലെ മരണശയ്യയിലും കൂടെക്കൂടിയ ആള്‍ക്കൂട്ടം പുതുപ്പള്ളി പള്ളിയിലെ കല്ലറ വരെ നീണ്ടു.

അര നൂറ്റാണ്ടിലധികം നെഞ്ചോട് ചേര്‍ത്തു വച്ച സ്വന്തം തട്ടകമായ പുതുപ്പള്ളിയിലേക്ക് പ്രിയ നേതാവിന്റെ ചേതനയറ്റ ശരീരം എത്തിയപ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി പരാതികളൊന്നും ബോധിപ്പിക്കാനില്ലാതെ ജനക്കൂട്ടം അദ്ദേഹത്തെ പൊതിഞ്ഞു. പിന്നീട് വിതുമ്പലടക്കി വിട പറഞ്ഞു. ചിലര്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.

ഉച്ചയ്ക്ക് രണ്ടിന് തിരുനക്കര മൈതാനിയില്‍ നിന്നാരംഭിച്ച വികാരഭരിതമായ വിലാപയാത്ര അഞ്ചരയോടെയാണ് പുതുപ്പള്ളിയിലെത്തിയത്. തുടര്‍ന്ന് കരോട്ട് വള്ളക്കാലില്‍ തറവാട്ട് വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെത്തിച്ച് പ്രാര്‍ത്ഥനയും പൊതുദര്‍ശനവും നടത്തി.

രാത്രി 8.20 ന് മൃതദേഹവുമായുള്ള അവസാന യാത്ര നിത്യനിദ്രയ്ക്കായി ഒരുക്കിയിരിക്കുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയങ്കണത്തിലേക്ക് തിരിച്ചു. 9.05 വിലാപയാത്ര പള്ളിയിലെത്തി. തുടര്‍ന്ന് ഭൗതികദേഹം വീണ്ടും പൊതുദര്‍ശനത്തിന് വച്ചു. അപ്പോഴും ജനസാഗരം ഒഴുകിയെത്തിക്കൊണ്ടിരുന്നു.


ഇതോടൊപ്പം നടന്ന അനുശോചന യോഗത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മന്ത്രിയാരായ കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, വി.എന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, പി.പ്രസാദ്, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി, തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഞ്ച് മന്ത്രമാര്‍ ചേര്‍ന്ന് പുഷ്പചക്രം സമര്‍പ്പിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി എ.കെ ആന്റണി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് രാഷ്ട്രീയ നേതാക്കള്‍, വിവിധ മത മേലധ്യക്ഷന്‍മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സിനിമാ താരങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രിയ നേതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുശേചന സന്ദേശം ആന്റോ ആന്റണി എംപി വായിച്ചു.


മൃതസംസ്‌കാരത്തിന്റെ അവസാനവട്ട ശുശ്രൂഷ രാത്രി 10.33 ന് ദേവാലയത്തിനുള്ളില്‍ ആരംഭിച്ചു. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്നിഹിതനായിരുന്നു. വിവിധ മത മേലധ്യക്ഷന്‍മാരും വൈദികരും സഹകാര്‍മ്മികരായി. 11.29 ന് ദേവാലയത്തിലുള്ള സംസ്‌കാര ശുശ്രൂഷകള്‍ അവസാനിച്ചു. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

11.44 ന് മൃതദേഹവുമായി സെമിത്തേരിയിലേക്ക്. അശ്രു സാഗരത്തെ സാക്ഷിയാക്കി 12 ന് സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയായി. അങ്ങനെ ഉമ്മന്‍ ചാണ്ടിയെന്ന മനുഷ്യസ്‌നേഹി... മഹാനുഭാവന്‍... നിത്യവിസ്മയം നിത്യതയുടെ സ്വര്‍ഗീയ തീരത്തേക്ക് യായ്രയായി.

ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ 4.25 ന് അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ഉച്ചകഴിഞ്ഞ് രണ്ടിനാണ് തിരുവനന്തപുരത്തെത്തിച്ചത്. തലസ്ഥാന നഗരിയിലെ വിവിധയിടങ്ങളിലെ പൊതുദര്‍ശനങ്ങള്‍ക്ക് ശേഷം രാത്രി ഏറെ വൈകിയാണ് തിരുവനന്തപുരത്തെ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി ഹൗസില്‍ ഭൗതികദേഹം എത്തിച്ചത്.


ബുധനാഴ്ച രാവിലെ 7.15 ന് പുതുപ്പള്ളി ഹൗസില്‍ നിന്നാരംഭിച്ച വിലാപയാത്ര വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം തിരുനക്കരയില്‍ എത്തിയത്. അവിടെ വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കളും സിനിമാ താരങ്ങളുമെത്തി അന്തിമോപചാരമര്‍പ്പിച്ചു.

വിശ്രമമില്ലാതെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിക്ക് വിട നല്‍കാന്‍ എം.സി റോഡിന് ഇരുവശവും ജനസാഗരം മണിക്കൂറുകളോളം വിശ്രമമറിയാതെ കാത്ത് നിന്നിരുന്നു. തിരുവനന്തപുരത്തു നിന്ന് 12 മണ