ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച കേസ്: വിനായകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച കേസ്: വിനായകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച കേസില്‍ നടന്‍ വിനായകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കേസില്‍ അന്വേഷണം ആരംഭിച്ചു. വിനായകന്റെ വീഡിയോ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയെന്നും അന്വേഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നോര്‍ത്ത് പൊലീസിനാണ് അന്വേഷണ ചുമതല.

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുവെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് വിനായകനെതിരെ പൊലീസ് കേസെടുത്തത്. സാമൂഹിക മാധ്യമത്തിലൂടെയുള്ള പരാമര്‍ശമായതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കില്ലെന്നും അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും പൊലീസ് വ്യക്തമാക്കി. പ്രകോപനപരമായി സംസാരിക്കല്‍, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം തന്റെ വീടിനു നേരെ അക്രമം നടത്തിയതിനെതിരെ നടന്‍ പൊലീസില്‍ പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചു എന്നാരോപിച്ച് വിനായകന്‍ നോര്‍ത്ത് പൊലീസിലാണ് പരാതി നല്‍കിയത്. കലൂരിലെ ഫ്‌ളാറ്റിലെത്തിയ സംഘം ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഈ പരാതിയില്‍ കേസെടുത്തിട്ടില്ല.

വിനായകന്റെ പേരില്‍ കേസെടുക്കേണ്ട കാര്യമില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ഇന്നലെ പറഞ്ഞിരുന്നു. പിതാവ് ഉണ്ടായിരുന്നെങ്കില്‍ അദേഹവും ഇതേ അഭിപ്രായമാവും പറയുകയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്നാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.