കണക്കെടുപ്പ് നടത്തിയപ്പോള്‍ സംസ്ഥാനത്ത് 1920 കാട്ടാനകള്‍; വയനാട്ടില്‍ 84 കടുവകള്‍

കണക്കെടുപ്പ് നടത്തിയപ്പോള്‍ സംസ്ഥാനത്ത് 1920 കാട്ടാനകള്‍; വയനാട്ടില്‍ 84 കടുവകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കണക്കെടുപ്പ് പൂര്‍ത്തിയാക്കുമ്പോള്‍ 1920 കാട്ടാനകളും വയനാട് മേഖലയില്‍ 84 കടുവകളും ഉണ്ടെന്ന് വനം വകുപ്പിന്റെ കണക്ക്. 2018 ലെ കണക്കെടുപ്പില്‍ 120 കടുവകള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. 29 ആണ്‍കടുവകള്‍, 47 പെണ്‍കടുവകള്‍ എന്നിവയെ തിരിച്ചറിഞ്ഞു. എട്ടു കടുവകളുടെ ആണ്‍ പെണ്‍ വ്യത്യാസം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2017 ല്‍ ബ്ലോക്ക് തിരിച്ചുള്ള കണക്കെടുപ്പില്‍ 3322 കാട്ടാനകളും ആനപ്പിണ്ടം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കെടുപ്പില്‍ 5706 കാട്ടാനകളും സംസ്ഥാനത്തെ വനമേഖലയില്‍ ഉണ്ടെന്നാണ് വിലയിരുത്തിയിരുന്നത്. ബ്ലോക്ക് തിരിച്ചുള്ള കണക്കെടുപ്പില്‍ 1920 ആനകള്‍ കേരളത്തില്‍ സ്ഥിരമായി ഉണ്ടെന്നാണ് കണ്ടെത്തല്‍. കൂടാതെ, ആനപ്പിണ്ടം അടിസ്ഥാനമാക്കി 2386 ആനകള്‍ ഉണ്ടാകും എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

2017 ല്‍ നടത്തിയ അതേ തീയതിയിലാണ് ഇത്തവണയും കണക്കെടുപ്പ് നടത്തിയത്. 2017 ല്‍ കര്‍ണാടക, തമിഴ്‌നാട് വനമേഖലകളില്‍ വരള്‍ച്ച, കാട്ടുതീ എന്നിവ ഉണ്ടായിരുന്നതിനാല്‍ ആനകള്‍ കേരള വനമേഖലയിലേക്ക് എത്തിയിട്ടുണ്ടാകുമെന്നാണ് കണക്കുക്കൂട്ടല്‍.

വയനാട്, ആറളം, കണ്ണൂര്‍, കൊട്ടിയൂര്‍ എന്നീ വന്യജീവി സങ്കേതങ്ങളും സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, കണ്ണൂര്‍ എന്നീ വന ഡിവിഷനുകളിലെ കര്‍ണാടകത്തിലെ വനത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളും ചേര്‍ന്നതാണ് വയനാട് വന പ്രദേശം.

കേരളത്തില്‍ ആനകളുടെ എണ്ണം കുറയുന്നൂവെന്ന പ്രചരണം വസ്തുതാപരമല്ലെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു. കടുവകളുടെ എണ്ണത്തിലും കുറവു വന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.