മകന്റെ മൃതദേഹം എവിടെയാണെന്ന് തങ്ങള്‍ക്ക് ഇപ്പോഴും അറിയില്ലെന്ന് അമ്മ.
ഇംഫാല്‍: മണിപ്പൂരിലെ വംശഹത്യയുടെ മനസ് മരവിപ്പിക്കുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തു വരുന്നു. മുഖ്യമന്ത്രി ബിരേന്‍ സിങിനെ വിമര്‍ശിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടതിന് അറസ്റ്റിലായ ബിരുദ വിദ്യാര്‍ഥിയെ പൊലീസ് ജീപ്പില്‍ നിന്ന് വലിച്ചിറക്കി 800 ഓളം പേരടങ്ങുന്ന ജനത്തൂട്ടം തല്ലിക്കൊന്നു.
ഹങ്‌ലാല്‍ മുവന്‍ വൈഫെ (21) എന്ന യുവാവാണ് അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. മെയ് നാലിന് കൊല്ലപ്പെട്ട വൈഫെയുടെ മൃതദേഹം ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയിട്ടില്ല.
സംഭവം നടന്ന് 80 ദിവസം പിന്നിട്ടിട്ടും മകന്റെ മൃതദേഹം എവിടെയാണെന്ന് തങ്ങള്‍ക്ക് ഇപ്പോഴും അറിയില്ലെന്ന് ചുരാചന്ദ്പൂരിലെ തിങ്കാങ്ഫായ് സോമി ബെഥേലിലുള്ള വൈഫെയുടെ അമ്മ പറഞ്ഞു.
മൃതദേഹം ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇംഫാലിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഞങ്ങള്‍ക്കാവില്ലെന്നും കൊല്ലപ്പെട്ട യുവാവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് അറസ്റ്റിലായ ഹങ്‌ലാല്‍ മുവന്‍ വൈഫെയെ കോടതിയില്‍ നിന്ന് സജിവ ജയിലിലേക്ക് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ പൊറമ്പട് എന്ന സ്ഥലത്ത് വെച്ച് മെയ്‌തേയി വിഭാഗം തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
സായുധരായ ജനക്കൂട്ടം പൊലീസിന്റെ ആയുധങ്ങള്‍ കൊള്ളയടിക്കുകയും വൈഫെയെ മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നും കൂടെയുണ്ടായിരുന്ന പൊലീസ് ആത്മരക്ഷാര്‍ഥം വ്യത്യസ്ത ഭാഗങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് പറയുന്നു. മെയ് നാലിനാണ് പൊറമ്പട് പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് കലാപം, കൊലപാതകം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തത്.
കുക്കി-സോ ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മെയ്‌തേയി രാഷ്ട്രീയക്കാരാണെന്ന് ആരോപിച്ച് ബോണ്‍ ലീ എന്ന ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ ഏപ്രില്‍ 27ന് വന്ന വൈറല്‍ പോസ്റ്റ് ചുരാചന്ദ്പൂര്‍ കോളജിലെ ജ്യോഗ്രഫി വിദ്യാര്‍ഥിയായ വൈഫെ ഷെയര്‍ ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ പിന്തുണയോടെ മെയ്‌തേയി സമുദായത്തിലെ രാഷ്ട്രീയ നേതാക്കള്‍ മലയോരങ്ങളില്‍ കറുപ്പ് കൃഷി നടത്തുകയാണെന്നും ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാന്‍ തന്ത്രം മെനയുകയാണെന്നും പോസ്റ്റില്‍ ആരോപിച്ചിരുന്നു.
മണിപ്പൂരിലെ പ്രശ്നങ്ങളുടെ ഉറവിടം മെയ്‌തേയികളാണെന്നും അവര്‍ വംശീയ വാദികളും ഇന്ത്യ വിരുദ്ധരുമാണെന്നും ആരോപിച്ചിരുന്നു. ഈ പോസ്റ്റ് 24 മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്തിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഏപ്രില്‍ 30 ന് പൊലീസ് വീട്ടിലെത്തി വൈഫെയെ അറസ്റ്റ് ചെയ്തു. മെയ് മൂന്നിന് ഈ കേസില്‍ വൈഫെയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും ഇംഫാല്‍ പൊലീസ് സ്റ്റേഷനില്‍ ഇതേ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഈ കേസില്‍ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകവെയാണ് മെയ് നാലിന് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.