ബിജെപി ഭരിക്കുന്നിടത്ത് നടപടിയില്ല; മറ്റ് സര്‍ക്കാരുകളോട് തീവ്ര നിലപാട്; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ബിജെപി ഭരിക്കുന്നിടത്ത് നടപടിയില്ല; മറ്റ് സര്‍ക്കാരുകളോട് തീവ്ര നിലപാട്; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: സ്വന്തം പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി. നാഗാലാന്‍ഡിലെ സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്നതില്‍ പരാജയപ്പെട്ടത് സംബന്ധിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.

'എന്തുകൊണ്ടാണ് നിങ്ങള്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാത്തത്? മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിങ്ങള്‍ തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുന്നു. എന്നാല്‍ നിങ്ങളുടെ സര്‍ക്കാര്‍ ഉള്ളിടത്ത് ഒന്നും ചെയ്യുന്നില്ല'- ജസ്റ്റിസ് എസ്.കെ കൗള്‍ പറഞ്ഞു.

നാഗാലാന്‍ഡില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. നാഗാലാന്‍ഡ് സര്‍ക്കാരിനോടും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോടും ആയിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

എന്നാല്‍ ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. സംവരണം ഒരു മിനിമം പ്രാതിനിധ്യം ഉറപ്പാക്കുന്നു. സംവരണം എന്നത് സ്ഥിരീകരണ പ്രവര്‍ത്തനത്തിന്റെ ഒരു ആശയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജീവിതത്തിന്റെ എല്ലാ തുറകളിലും സ്ത്രീകള്‍ തുല്യമായി ഇടപെടുമ്പോള്‍ എന്തിനാണ് സ്ത്രീകളുടെ പങ്കാളിത്തത്തിനെതിരെ പ്രതിരോധമുയര്‍ത്തുന്നത് എന്നും കോടതി ആരാഞ്ഞു. ഒന്നും ചെയ്യാന്‍ ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല.

നാഗാലാന്‍ഡിന്റെ പ്രത്യേക അവസ്ഥ, ഇളവുകള്‍ എന്നിവയെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. പക്ഷേ, ഭരണഘടനാ വ്യവസ്ഥ പ്രകാരം ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ അത് എങ്ങനെ നടപ്പാക്കാതിരിക്കും എന്നും കോടതി ചോദിച്ചു. വിഷയത്തില്‍ കൈ കഴുകാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.