ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടരുന്ന മൗനത്തില്‍ പ്രതിഷേധിച്ച് ബീഹാറിലെ ബിജെപി വക്താവ് വിനോദ് ശര്‍മ്മ പാര്‍ട്ടി അംഗത്വമടക്കം രാജിവച്ചു.
മോഡിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം പ്രധാനമന്ത്രി ഇപ്പോഴും ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാര്‍ട്ടിക്കില്ലെന്നും കുറ്റപ്പെടുത്തി. ബിജെപിയുടെ സ്ത്രീ ശാക്തീകരണവും ഹിന്ദു ധര്‍മ സംരക്ഷണവും ഇതോണോയെന്നും വിനോദ് ശര്‍മ ചോദിച്ചു.
മണിപ്പൂരില്‍ സംഭവിച്ചതു പോലെ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവങ്ങള്‍ നിരവധിയുണ്ടെന്ന മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങിന്റെ പ്രസ്താവന രാജ്യത്തെ നാണം കെടുത്തുന്നതാണ്. ഇതുപോലൊരു സംഭവം പുറത്തു വന്നപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും നീക്കേണ്ടതായിരുന്നു.
ഒരു മനുഷ്യനെന്ന നിലയില്‍ ഇത് സഹിക്കാനാകുന്നില്ല. ഇതുപോലൊരു സംഭവം ഇനി രാജ്യത്ത് ഒരിടത്തും ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പിനഡ്ഡയ്ക്കും കത്തയച്ചിട്ടുണ്ടെന്നും വിനോദ് ശര്‍മ പറഞ്ഞു.
അതിനിടെ മണിപ്പൂര്‍ കലാപത്തെ ചൊല്ലി പാര്‍ലമെന്റില്‍ തുടര്‍ച്ചയായ ആറാം ദിവസവും വന്‍ പ്രതിഷേധം അരങ്ങേറി. കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷം നടപടികള്‍ സ്തംഭിപ്പിച്ചു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളടക്കം മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ നടത്തിയ പ്രസംഗം ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം തടസപ്പെടുത്തി.
പ്രധാനമന്ത്രി സംസരിച്ചേ മതിയാവൂയെന്ന കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റ് വളപ്പിലും പ്രതിഷേധിച്ചു. പ്രതിഷേധം കൂടുതല്‍ കടുത്തതോടെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കുള്ള തിയതി പത്ത് ദിവസത്തിനുള്ളില്‍ സ്പീക്കര്‍ തീരുമാനിക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.