ഇംഫാൽ: മണിപ്പൂരില്‍ തെന്‍ഗ്നൊപാല്‍ ജില്ലയില്‍ സുരക്ഷാ സേനയെ മൊറേ നഗരത്തിലേക്ക് കടക്കുന്നത് തടഞ്ഞ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം. ഇവര്‍ റോഡ് ഉപരോധിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രദേശത്ത് സേനകളെ വിന്യസിക്കേണ്ടെന്ന നിലപാടിലാണ് കുക്കി ഗോത്ര വിഭാഗക്കാര്‍.
സുരക്ഷാ സേനയും, കുക്കി വിഭാഗവും തമ്മില്‍ അടുത്തിടെ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സുരക്ഷാ സേന ഇവിടേക്ക് പ്രവേശിക്കേണ്ടതെന്ന് സ്ത്രീകള്‍ നിര്‍ദേശിച്ചത്.
നിരോധനാജ്ഞയിൽ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ അവശ്യ വസ്തുക്കൾക്കായി നഗരത്തിലെത്തിയ സ്ത്രീകളും പൊലീസും തമ്മിലായിരുന്നു സംഘർഷമുണ്ടായത്. സുരക്ഷാ സേനയുടെ നടപടിയിൽ പ്രകോപിതരായ ജനക്കൂട്ടം സേനാംഗങ്ങൾ താല്‍ക്കാലിക വാസത്തിനായി ഉപയോഗിച്ചിരുന്ന വീടുകൾക്ക് തീയിട്ടു.
മേയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ 180 ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. 40,000 ത്തിലേറെപ്പേർ പലായനം ചെയ്തു. സംസ്ഥാനത്ത് സുരക്ഷാ വിന്യാസം വർധിപ്പിച്ചിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ മോശമായി തുടരുകയാണ്.
അതിനിടെ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ മണിപ്പൂർ സന്ദർശനം ഇന്നും നാളെയുമായി നടക്കും. ഇന്ത്യ സഖ്യത്തിലെ 16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 21 എംപിമാരാണ് കലാപ കലുഷിതമായ മണിപ്പൂരിലെത്തുന്നത്. ആദ്യം മലയോര മേഖലകളും പിന്നീട് താഴ് വരയും സന്ദർശിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ അറിയിച്ചിരിക്കുന്നത്.
രണ്ട് സംഘങ്ങളായിട്ടാണ് സന്ദർശനം. കേരളത്തിൽ നിന്നുള്ള എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), എൻകെ പ്രേമചന്ദ്രൻ (ആർഎസ്‌പി), എ.എ. റഹീം (സിപിഎം), സന്തോഷ് കുമാർ (സിപിഐ) എന്നിവർക്കൊപ്പം ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും അടങ്ങുന്ന സംഘം മണിപ്പൂരിലെ കുക്കി, മെയ്‌തെയ് ക്യാമ്പുകൾ സന്ദർശിക്കും. ഞായാറാഴ്ച്ച പര്യടനം പൂർത്തിയാക്കി രാഷ്ട്രപതിക്കും സർക്കാറിനും റിപ്പോർട്ട് സമർപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.