മണിപ്പൂരിലെ അക്രമണങ്ങൾ ന്യായീകരിക്കാനാവില്ല; കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീം കോടതി

മണിപ്പൂരിലെ അക്രമണങ്ങൾ ന്യായീകരിക്കാനാവില്ല; കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീം കോടതി

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മണിപ്പൂരിൽ സംഭവിച്ച കാര്യങ്ങൾ രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലും സംഭവിക്കുന്നു എന്ന് പറഞ്ഞ് ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മണിപ്പൂർ സംഘർഷങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

സാമുദായിക അക്രമങ്ങൾക്കിടയിൽ സ്ത്രീകൾക്കെതിരെ സംഭവിച്ച അതിക്രമങ്ങളെയാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. ബംഗാളിലും സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് പറയാനാകില്ല, ഇവിട സ്ഥിതി വ്യത്യസ്തമാണ്. മണിപ്പൂരിൽ സംഭവിച്ചത് മറ്റെവിടെയും സംഭവിച്ചുവെന്ന് പറഞ്ഞ് ന്യായീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ സംവിധാനം രൂപപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കോടതി, മെയ് മുതൽ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങളിൽ എത്ര എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ചോദിച്ചു.

മണിപ്പൂരിലെ അക്രമസംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം കോടതി നിരീക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാരിന് എതിർപ്പില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം അസ്വസ്ഥതയുണ്ടാക്കിയതായി ജൂലൈ 20 ന് കോടതി നിരീക്ഷിച്ചിരുന്നു. അക്രമം നടത്താനുള്ള ഉപകരണമായി സ്ത്രീകളെ ഉപയോഗിക്കുന്നത് ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

സംഭവത്തിൽ അടിയന്തര പരിഹാരവും പ്രതിരോധ നടപടികളും സ്വീകരിക്കാനും സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാനും കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും കോടതി നിർദേശം നൽകി. സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് കൈമാറിയതായി കേന്ദ്രം ജൂലൈ 27ന് കോടതിയെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.