ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ടു. പേടകം ചന്ദ്രന്റെ ഭ്രമണ പഥം ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി. ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ഇരുപത് മിനിറ്റോളമെടുത്താണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എന്‍ജിന്‍ 22 മിനിറ്റ് നേരം ജ്വലിപ്പിച്ചു. പിന്നീട് പേടകം ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.
ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാന്‍ മൂന്ന് ഇത്രയും നാള്‍ ഭൂഗുരുത്വ ബലത്തിന്റെ സ്വാധീനത്തിലായിരുന്നു. ആദ്യം ഭൂമിക്ക് അടുത്തുള്ള പാര്‍ക്കിങ് ഓര്‍ബിറ്റിലിലായിരുന്നു പരിക്രമണം. ഘട്ടം ഘട്ടമായി ഭൂമിയില്‍ നിന്ന് ദൂരെയുള്ള ഭ്രമണപഥത്തിലെത്തി. അഞ്ച് തവണ ഭ്രമണപഥമുയര്‍ത്തി.
ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം ആണ് അടുത്ത നിര്‍ണായക ഘട്ടം. അടുത്ത നാല് ദിവസം ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്റ്ററിയിലൂടെ ചന്ദ്രന്റെ അടുത്തേക്ക് നീങ്ങുന്ന പേടകം ഓഗസ്റ്റ് അഞ്ചോടെ ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ സഞ്ചാരം തുടങ്ങും.
പിന്നീട് ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ച് കൊണ്ടുവരും. ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലത്തില്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡറും തമ്മില്‍ വേര്‍പ്പെടും. ഓഗസ്റ്റ് 17 ഇത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 23 ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ്
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് യു ഗര്‍ത്തത്തിന് അടുത്താണ് ചന്ദ്രയാന്‍ ലാന്‍ഡര്‍ ഇറങ്ങാന്‍ പോകുന്നത്. ലാന്‍ഡിങ്ങ് കഴിഞ്ഞാല്‍ റോവര്‍ പുറത്തേക്ക് വരും. ലാന്‍ഡറിലെ ശാസ്ത്ര ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകല്‍ നേരമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.