75 വയസ് തികഞ്ഞാല്‍ നേതാക്കള്‍ വിരമിക്കണമെന്ന് മോഹന്‍ ഭാഗവത്; മോഡിക്കുള്ള മുന്നറിയിപ്പെന്ന് പ്രതിപക്ഷം

75 വയസ് തികഞ്ഞാല്‍ നേതാക്കള്‍ വിരമിക്കണമെന്ന് മോഹന്‍ ഭാഗവത്; മോഡിക്കുള്ള മുന്നറിയിപ്പെന്ന്  പ്രതിപക്ഷം

നാഗ്പൂര്‍: നേതാക്കള്‍ 75 വയസായാല്‍ വിരമിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തെച്ചൊല്ലി വിവാദം ചൂടുപിടിക്കുന്നു.

നാഗ്പൂരില്‍, അന്തരിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രായ പരിധി സംബന്ധിച്ച മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

75 വയസ് തികയുമ്പോള്‍ നിങ്ങളെ ഷാള്‍ നല്‍കി ആദരിക്കുകയാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ക്ക് വയസായി, മാറിക്കൊടുത്ത് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക എന്ന് മോറോപന്ത് പിംഗ്ലെ പറഞ്ഞത് മോഹന്‍ ഭാഗവത് ഓര്‍മപ്പെടുത്തി.

രാഷ്ട്ര സേവനത്തോട് സമര്‍പ്പണം ഉണ്ടായിരുന്നിട്ടും പ്രായമായി എന്ന് തിരിച്ചറിഞ്ഞ് മാന്യമായി പിന്മാറണമെന്നതില്‍ മൊറോപാന്ത് വിശ്വസിച്ചിരുന്നുവെന്ന് ആര്‍എസ്എസ് മേധാവി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മോഹന്‍ ഭാഗവതിനും വരുന്ന സെപ്റ്റംബറില്‍ 75 വയസ് തികയുകയാണ്. ഈ സാഹചര്യത്തില്‍ ഭാഗവതിന്റെ പരാമര്‍ശം മോഡിക്കുള്ള മുന്നറിയിപ്പാണെന്നാണ് പ്രതിപക്ഷം പറയുന്നത്.

എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ മുന്‍നിര ബിജെപി നേതാക്കളെയെല്ലാം 75 വയസ് തികഞ്ഞപ്പോള്‍ മോഡി വിരമിക്കാന്‍ നിര്‍ബന്ധിച്ചു. ഇപ്പോള്‍ അദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് നോക്കാമെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് ഇതേപ്പറ്റി പ്രതികരിച്ചത്.

മാര്‍ച്ചില്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് മോഡി സന്ദര്‍ശനം നടത്തിയത് തന്റെ വിരമിക്കല്‍ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നുവെന്ന് സഞ്ജയ് റാവത്ത് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ബിജെപി തള്ളിയിരുന്നു.

മോഹന്‍ ഭഗവത് പ്രസ്താവന നടത്തിയ അതേ ദിവസം തന്നെ വിരമിക്കലിന് ശേഷമുള്ള തന്റെ ആഗ്രഹങ്ങളെക്കുറിച്ച് അമിത് ഷാ തുറന്നു പറഞ്ഞത് കൗതുകമായി. ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അമിത് ഷാ തന്റെ ആഗ്രഹങ്ങള്‍ വ്യക്തമാക്കിയത്.

വിരമിക്കലിനു ശേഷം വേദങ്ങള്‍, ഉപനിഷത്തുകള്‍, ജൈവ കൃഷി എന്നിവയ്ക്കായി സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാല്‍ എപ്പോഴാണ് വിരമിക്കാന്‍ ലക്ഷ്യമിടുന്നത് എന്ന് അദേഹം വ്യക്തമാക്കിയില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.