പ്രണയ വിവാഹങ്ങള്‍ക്കും മാതാപിതാക്കളുടെ അനുമതി; പുതിയ നീക്കവുമായി ഗുജറാത്ത് സര്‍ക്കാര്‍

പ്രണയ വിവാഹങ്ങള്‍ക്കും മാതാപിതാക്കളുടെ അനുമതി; പുതിയ നീക്കവുമായി ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധി നഗര്‍: പ്രണയവിവാഹങ്ങള്‍ക്ക് പുതിയൊരു വ്യവസ്ഥ കൊണ്ടുവരാന്‍ ഒരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്തില്‍ താമസിക്കുന്ന ആളുകള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന വ്യക്തിയുമായി വിവാഹം കഴിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി വാങ്ങേണ്ടി വന്നേക്കുമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നല്‍കുന്ന സൂചന.

പ്രണയ വിവാഹങ്ങളില്‍ രക്ഷകര്‍ത്താക്കളുടെ അനുമതി നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ ഭരണഘടനാ പരമായി സാധ്യമാണോ എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠിക്കുമെന്ന് ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു. ഇത്തരം വിവാഹങ്ങളില്‍ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന് പാട്ടിദാര്‍ സമുദായത്തിലെ ചില വിഭാഗങ്ങള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മെഹസാനയില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. പ്രണയ സാക്ഷാത്കാരത്തിനായി പെണ്‍കുട്ടികള്‍ ഒളിച്ചോടുന്ന സാഹചര്യങ്ങളെക്കുറിച്ച് പഠനം നടത്തണമെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
പ്രണയ വിവാഹങ്ങളില്‍ പെണ്‍കുട്ടികള്‍ രക്ഷിതാക്കളെ അവഗണിക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്യുന്ന സാഹചര്യം കൂടി വരുന്നതിനാലാണ് ഭരണഘടനാ പരമായി സാധ്യമായ ഒരു പ്രത്യേക സംവിധാനം സൃഷ്ടിക്കാന്‍ ആലോചിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.