കോവിഡ് വാക്സിനെടുത്തവരില്‍ ഹൃദയാഘാതം വ്യാപകമെന്ന് വ്യാജ പ്രചാരണം: ആശങ്ക വേണ്ടന്ന് ആരോഗ്യ വിദഗ്ധര്‍

കോവിഡ് വാക്സിനെടുത്തവരില്‍ ഹൃദയാഘാതം വ്യാപകമെന്ന് വ്യാജ പ്രചാരണം: ആശങ്ക വേണ്ടന്ന് ആരോഗ്യ വിദഗ്ധര്‍

കൊച്ചി : കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കിടയില്‍ ഹൃദയാഘാതം വ്യാപകമാണെന്ന വ്യാജ പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും സജീവമായതോടെ ഇതിനെതിരെ ആരോഗ്യ വിദഗ്ധര്‍ രംഗത്ത് വന്നു. 'കോവിഡ് വാക്സിന്‍ എടുത്തവരില്‍ ഹൃദയാഘാതം കൂടുന്നുവെന്നും ഡി ഡൈമര്‍ ടെസ്റ്റ് നടത്തി വൈദ്യസഹായം ചെയ്യുക' എന്നുമാണ് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ കാണുന്നത്.

മുമ്പും ഇത്തരം പ്രചാരണമുണ്ടായിരുന്നുവെന്നും അത് തെറ്റായിരുന്നുവെന്നും കോവിഡ് രോഗ വിദഗ്ധനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം ഉപദേശക സമിതിയംഗവുമായ ഡോ. രാജീവ് ജയദേവന്‍ വ്യക്തമാക്കി. കോവിഡ് വാക്സിനുകളും ഡി ഡൈമര്‍ ലെവലുമായി യാതൊരു ബന്ധവുമില്ലെന്നും അദേഹം പറഞ്ഞു.

കോവിഡ് അഡിനോവൈറസ് വെക്ടര്‍ വാക്സിന്‍ എടുത്തവരില്‍ അപൂര്‍വമായി രക്തം കട്ട പിടിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അത് ഹൃദയ രക്തക്കുഴലുകളില്‍ അല്ല. കാലുകളിലെയും തലച്ചോറിലെയും രക്തക്കുഴലുകളിലാണ്. അതാകട്ടെ ലക്ഷത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കു മാത്രവും. ഇതിന് മതിയായ ചികിത്സ ലഭ്യമാണെന്നും ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു.

ഡി ഡൈമര്‍ ടെസ്റ്റ് ചിലവേറിയതാണ്. വിദഗ്ധ നിര്‍ദേശമില്ലാതെ നേരിട്ട് പോയി ലാബുകളില്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും വിദഗ്ധര്‍ പറയുന്നു. കോവിഡ് വരാത്തവരും എന്നാല്‍ വാക്സിന്‍ എടുത്തവരുമായവരില്‍ ഹൃദയാഘാതം കൂടുന്നുണ്ടോ എന്ന് ഇതുവരെയും തെളിയിക്കപ്പെട്ടിട്ടുമില്ല.

അതേസമയം കോവിഡ് വന്നവര്‍ക്ക് രോഗാനന്തരം ചില വിഷമതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുമൂലം ഹൃദയാഘാതം, തലച്ചോറിലെ രക്തം കട്ടപിടിക്കല്‍ തുടങ്ങിയ അസുഖങ്ങള്‍ വരുന്നത് കൂടുതലാണ്. കോവിഡ് മാറി ഏറെ നാളുകള്‍ കഴിഞ്ഞും കോവിഡിനെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ ചിലരില്‍ മാത്രം നിലനിന്നേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.