ദൈവ സ്നേഹമെന്ന അമൂല്യമായ നിധിയെ വിവേചിച്ചറിയാനും സ്വന്തമാക്കാനും കഴിയണമെന്ന് ഫ്രാന്‍സിസ് പാപ്പ

ദൈവ സ്നേഹമെന്ന അമൂല്യമായ നിധിയെ  വിവേചിച്ചറിയാനും സ്വന്തമാക്കാനും കഴിയണമെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ നിധി അന്വേഷിച്ച് കണ്ടെത്തി നമ്മുടെ ജീവിതത്തിലേക്കു സ്വാഗതം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ത്രികാല പ്രാര്‍ത്ഥനയോടനുബന്ധിച്ച് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ.

ദിവ്യബലി മധ്യേ വായിച്ച വിശുദ്ധ മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം നാല്‍പത്തിനാലു മുതല്‍ അന്‍പത്തിരണ്ടു വരെയുള്ള വചനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മാര്‍പ്പാപ്പയുടെ സന്ദേശം. ദൈവരാജ്യത്തെ സംബന്ധിച്ച ഉപമകളിലേക്കു ശ്രദ്ധ ക്ഷണിക്കുന്ന യേശുവിന്റെ വാക്കുകളാണ് സുവിശേഷ ഭാഗത്തിന്റെ ഇതിവൃത്തം. സുവിശേഷ ഭാഗം, അന്ത്യവിധിയെക്കുറിച്ചും എപ്രകാരം അതിനായി ആത്മീയമായ ഒരുക്കം നടത്തണമെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

സ്വര്‍ഗരാജ്യം നല്ല രത്നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യമെന്ന ഉപമയാണ് യേശു വിശദീകരിക്കുന്നത്. വ്യാപാരിയുടെ മൂന്ന് പ്രവൃത്തികള്‍ മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടുന്നു - ഈ പ്രവൃത്തികള്‍ നമുക്കും നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും.

വിലയേറിയ ഒരു മുത്ത് കണ്ടെത്തുന്ന വ്യാപാരി തനിക്കുള്ളതെല്ലാം വിറ്റ്, അതു കരസ്ഥമാക്കാന്‍ യത്‌നിക്കുമ്പോള്‍, അവന്‍ ചെയ്യുന്ന മൂന്നു പ്രവൃത്തികളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കാന്‍ പാപ്പാ ആഹ്വാനം ചെയ്യുന്നു: അന്വേഷിക്കുക, കണ്ടെത്തുക, സ്വന്തമാക്കുക.

അമൂല്യമായ മുത്തുകള്‍ തേടാനുള്ള വ്യാപാരിയുടെ മനോഭാവമാണ് നാം ശ്രദ്ധിക്കേണ്ടത്. തനിക്കുള്ളത് കൊണ്ട് തൃപ്തിപ്പെട്ടുകൊള്ളാം എന്നു പറഞ്ഞ് മടിയനായി ജീവിതം കഴിച്ചു കൂട്ടുന്ന വ്യാപാരിയെയല്ല യേശു നമുക്ക് കാണിച്ചുതരുന്നത്. മറിച്ച് നല്ല സ്വപ്നങ്ങള്‍ നട്ടുവളര്‍ത്താനും പുതുതായി എന്തെങ്കിലും അന്വേഷിക്കാനുമുള്ള അവന്റെ ആഗ്രഹത്തെയാണ് യേശു നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.

ഈ ജിജ്ഞാസയും പ്രേരണയുമാണ് നാം പിന്തുടരേണ്ടത്. ഇതിനെ ആത്മാവിന്റെ നവീകരണമെന്നു വിളിക്കാമെന്ന് പാപ്പാ പറഞ്ഞു. ഈ മനോഭാവം നമ്മുടെ ആത്യന്തിക സ്വഭാവമാകണമെന്നും പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു.

തുടര്‍ന്ന് വ്യാപാരിയുടെ രണ്ടാമത്തെ പ്രവൃത്തിയിലേക്ക് പാപ്പ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുന്നു. പലതരം വിലപിടിപ്പുള്ള വസ്തുക്കള്‍ക്കിടയില്‍നിന്നും ഏറ്റവും അമൂല്യമായ മുത്ത് വ്യാപാരി കണ്ടെത്തുന്നു. ശ്രദ്ധാപൂര്‍വമുള്ള വിവേചനത്തിന്റെ ഈ രീതിയാണ് നാം മാതൃകയാക്കേണ്ടത്. നല്ലതും വിലയേറിയതും എന്താണെന്ന് നാം വിവേചിച്ചറിയണം.

നമ്മുടെ ജീവിതത്തിന് പ്രാധാന്യമുള്ളതും മൂല്യമുള്ളതും അന്വേഷിച്ച് കണ്ടെത്താന്‍ സ്വയം പരിശീലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപയോഗമോ പ്രയോജനമോ ഇല്ലാത്തവയ്ക്കു വേണ്ടി ജീവിതം പാഴാക്കരുതെന്നും മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു. അമൂല്യമായവയെ അന്വേഷിക്കുമ്പോള്‍ നിസാര കാര്യങ്ങള്‍ക്കുവേണ്ടി നമ്മുടെ സമയവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്താന്‍ ഇടയാവുകയില്ലയെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

അവസാനമായി വ്യാപാരിയുടെ സ്വന്തമാക്കല്‍ എന്ന പ്രവൃത്തിയെക്കുറിച്ചും പാപ്പാ വിശദീകരിച്ചു. ഒരു കാര്യത്തിന്റെ മൂല്യം വിവേചിച്ചറിഞ്ഞു കൊണ്ട് അവയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുമ്പോള്‍, തന്റെ പക്കലുള്ളതെല്ലാം വില്‍ക്കുകയും, ത്യാഗം ചെയ്യുകയും ചെയ്യുന്ന മനോഭാവമാണ് നാം ജീവിതത്തില്‍ സ്വീകരിക്കേണ്ടത്.

അന്വേഷിക്കുവാനും കണ്ടെത്തുവാനും സ്വന്തമാക്കാനുമുള്ള ജീവന്റെ വിലയേറിയ മുത്ത് എന്താണെന്നും പാപ്പാ പറഞ്ഞു. അത് ക്രിസ്തുവാണ്. അതിനാല്‍ കര്‍ത്താവിനെ അന്വേഷിക്കാനും, കണ്ടെത്താനും, സ്വന്തമാക്കാനുമുള്ള വലിയ ക്ഷണമാണ് ഇന്നത്തെ സുവിശേഷഭാഗം നമുക്ക് നല്‍കുന്നതെന്നുള്ള വലിയ തിരിച്ചറിവിലേക്ക് നാം വളരണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. നമ്മുടെ ജീവിതത്തെ സമൂലം മാനസാന്തരപ്പെടുത്തുവാന്‍ ക്രിസ്തുവുമായുള്ള ഈ കണ്ടുമുട്ടലിനു സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ദൈവസ്‌നേഹത്തിന്റെ ആശ്ലേഷത്തില്‍ ആത്യന്തികമായ ആനന്ദം കണ്ടെത്തുമെന്നും മാര്‍പ്പാപ്പ പറഞ്ഞു.

ജ്ഞാനിയായ വ്യാപാരിയുടെ മൂന്ന് പ്രവര്‍ത്തനങ്ങളെ സംഗ്രഹിച്ചുകൊണ്ട്, ജീവിതത്തില്‍ നാം യഥാര്‍ത്ഥത്തില്‍ എന്താണ് അന്വേഷിക്കുന്നതെന്നും ദൈവത്തെ അന്വേഷിക്കാനും കണ്ടെത്താനും, സ്വന്തമാക്കാനും അതുവഴി നന്മ ചെയ്യാനും നാം ശ്രമിക്കുന്നുണ്ടോ എന്നും സ്വയം ചോദിക്കണമെന്ന് പാപ്പാ പറഞ്ഞു.

ഉപസംഹാരമായി, കര്‍ത്താവിനെ നമ്മുടെ ജീവിതത്തിലേക്ക് പൂര്‍ണ്ണ ഹൃദയത്തോടെ അന്വേഷിക്കാനും കണ്ടെത്താനും സ്വാഗതം ചെയ്യാനും പരിശുദ്ധ അമ്മയുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.