തീവ്രവാദികളുടെ പിടിയിലും ആശ്രയമായത് ബൈബിള്‍ വചനങ്ങളെന്ന് ആഫ്രിക്കയില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഓസ്‌ട്രേലിയന്‍ ഡോക്ടര്‍

തീവ്രവാദികളുടെ പിടിയിലും ആശ്രയമായത് ബൈബിള്‍ വചനങ്ങളെന്ന് ആഫ്രിക്കയില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഓസ്‌ട്രേലിയന്‍ ഡോക്ടര്‍


പെര്‍ത്ത്: ആഫ്രിക്കയില്‍ ഏഴു വര്‍ഷം തീവ്രവാദികളുടെ പിടിയില്‍ അകപ്പെട്ടപ്പോഴും പെര്‍ത്ത് സ്വദേശിയായ ഡോക്ടര്‍ക്കു തുണയായത് ബൈബിള്‍ വചനങ്ങളും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും. ദരിദ്ര രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള സംഘം തടവിലാക്കിയ 80-കാരനായ ഡോ. കെന്നത്ത് എലിയറ്റാണ് ഏഴു വര്‍ഷത്തിലേറെ താന്‍ നേരിട്ട ഭയാനകമായ അനുഭവങ്ങളും വിശുദ്ധ ഗ്രന്ഥത്തെ ആശ്രയിച്ച് അതിനെ നേരിട്ടതും ഒരു പൊതു ചടങ്ങില്‍ പങ്കുവച്ചത്.

2016-ലാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സ്വദേശിയായ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെന്നത്ത് എലിയറ്റിനെയും ഭാര്യ ജോസ്ലിനെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്നത്. ദമ്പതികള്‍ 1972 മുതല്‍ ബുര്‍ക്കിന ഫാസോയിലെ ഒരു പട്ടണമായ ജിബോയില്‍ മെഡിക്കല്‍ ക്ലിനിക്ക് നടത്തിവരികയായിരുന്നു. അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള എമിറേറ്റ് ഓഫ് സഹാറ എന്ന സംഘടനയാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോയി മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ജോസ്‌ലിനെ സംഘം വിട്ടയച്ചിരുന്നു. തുടര്‍ന്ന് ഏലിയറ്റിന്റെ മോചനത്തിനായി അപേക്ഷിച്ച് ജോസ്‌ലിന്‍ രംഗത്തെത്തിയിരുന്നു. ഈ വര്‍ഷം മെയിലാണ് ഡോ. കെന്നത്ത് മോചിതനായത്.

അടുത്തിടെ യു.കെയില്‍ നടന്ന ഒരു ക്രിസ്ത്യന്‍ കണ്‍വെന്‍ഷനിലാണ്, മോചനത്തിനു ശേഷം ഇതുവരെ പ്രതികരിക്കാതിരുന്ന ഡോ. കെന്നത്ത് എലിയറ്റ് താന്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവച്ചത്. നേരത്തെ കുടുംബം സ്വകാര്യതയ്ക്കായി മാധ്യമങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു.

ഏഴു വര്‍ഷത്തെ തടവില്‍ ദൈവം എങ്ങനെ താങ്ങിനിര്‍ത്തിയെന്ന് സമ്മേളനത്തില്‍ എലിയറ്റിനോട് ചോദ്യം ഉയര്‍ന്നു. മൃദുഭാഷിണിയായ വിയോധികന്‍ പതിഞ്ഞ ശബ്ദത്തില്‍ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു - 'ഏറ്റവും നന്നായി ദൈവം നടത്തി'.

തീവ്രവാദികളുടെ പിടിയില്‍ പലപ്പോഴും തനിക്ക് ശാരീരികമായ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവന്നതായി അദ്ദേഹം തുറന്നുപറഞ്ഞു. 'ഒരു ഘട്ടത്തില്‍ നടക്കാന്‍ പോലും കഴിഞ്ഞില്ല. തന്റെ മെഡിക്കല്‍ ജീവിതത്തില്‍ സ്‌കര്‍വി എന്ന രോഗാവസ്ഥയുടെ ഒരു കേസ് മാത്രമാണു കണ്ടിട്ടുള്ളത്, അത് ഞാന്‍ തന്നെയായിരുന്നു - എലിയറ്റ് വികാരാധീനനായി പറഞ്ഞു.

വിറ്റാമിന്‍ സി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് സ്‌കര്‍വി. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന രോഗമാണ് സ്‌കര്‍വി. 'അവസാനം എന്നെ പിടികൂടിയവര്‍ എനിക്കായി കുറച്ച് വിറ്റാമിന്‍ സി ഗുളികകള്‍ കണ്ടെത്തി' - ഡോ. കെന്നത്ത് കൂട്ടിച്ചേര്‍ത്തു.

തീവ്രവാദികള്‍ ബൈബിള്‍ അനുവദിക്കാത്തതിനാല്‍ മനഃപാഠമാക്കിയ വേദഭാഗങ്ങളാണ് മനസില്‍ ഉരുവിട്ടു കൊണ്ടിരുന്നത്. ബൈബിള്‍ വചനങ്ങള്‍ ഒരു വലിയ സഹായമായിരുന്നു, കാരണം ധ്യാനിക്കാനും എനിക്കും എന്നെ പിടികൂടിയവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും എനിക്ക് കഴിഞ്ഞു - അദ്ദേഹം പറഞ്ഞു.

ദരിദ്രരെ സഹായിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ച ദമ്പതികള്‍ സേവനത്തിനായി ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളിലൊന്നായ ബുര്‍ക്കിന ഫാസോ തെരഞ്ഞെടുക്കുകയായിരുന്നു. ഇവിടെ മെഡിക്കല്‍ സേവനങ്ങള്‍ ഏറെ അപര്യാപ്തമാണ്. അതിനാല്‍ ദമ്പതികളെ തട്ടിക്കൊണ്ടു പോയതില്‍ പ്രദേശവാസികള്‍ വലിയ ആശങ്കയിലായിരുന്നു.

കണ്‍വെന്‍ഷനില്‍ ജോസ്‌ലിനും അനുഭവങ്ങള്‍ പങ്കുവച്ചു. 2016 ജനുവരിയിലെ ഒരു സായാഹ്നത്തിലാണ് തീവ്രവാദികള്‍ ദമ്പതികള്‍ താമസിച്ച വീടിന്റെ വാതിലില്‍ മുട്ടിയത്. തുടര്‍ന്ന് ഒരു
പിക്കപ്പ് വാഹനത്തിന്റെ പിന്നിലേക്കു ബലമായി കയറ്റി ഓടിച്ചുപോകുകയായിരുന്നു.

'മൂന്നാഴ്ചയ്ക്കുള്ളില്‍ ഞങ്ങളെ മൂന്ന് ക്യാമ്പുകളിലേക്കു മാറ്റി. അവിടങ്ങളിലെ അവസ്ഥ മോശമായിരുന്നു. എന്നാല്‍ അവര്‍ പരുഷമായി പെരുമാറിയില്ല. ആ സമയത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്കു മനസിലായില്ല, തങ്ങളെ വെടിവച്ചു കൊല്ലുമെന്നു തന്നെയാണ് ആദ്യ ദിനങ്ങളില്‍ കരുതിയത് - ജോസ്‌ലിന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ മെഡിക്കല്‍ പ്രൊഫഷനെ തീവ്രവാദികള്‍ ഉപയോഗപ്പെടുത്തിയില്ലെന്നും ജോസ്‌ലിന്‍ വെളിപ്പെടുത്തി.

ബുര്‍ക്കിന ഫാസോയില്‍ ജിഹാദികള്‍ ഉള്‍പ്പെടെ വിവിധ സായുധ ഗ്രൂപ്പുകള്‍ തമ്മിലുള്ള കലാപം 2015 മുതല്‍ തുടര്‍ന്നുവരികയാണ്. തീവ്രവാദി ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും കൊള്ളയടിക്കലും കണക്കിലെടുത്ത് ബുര്‍ക്കിന ഫാസോയിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ, വ്യാപാര വകുപ്പ് ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

താഴ്ന്ന വരുമാനമുള്ള ഒരു രാജ്യമാണ് ബുര്‍ക്കിന ഫാസോ. കൃഷിയെയും പരുത്തി ഉല്‍പാദനത്തെയും ആശ്രയിച്ചാണ് ജനങ്ങള്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. സ്വര്‍ണ്ണ ഖനികളുണ്ടെങ്കിലും അതു രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.