മോസ്കോ: ജയിൽ ശിക്ഷ അനുഭവിക്കുന്ന റഷ്യൻ പ്രതിപക്ഷനേതാവ് അലക്‌സി നവാൽനിയ്ക്ക് 19 വർഷം കൂടി അധിക തടവ്. നവൽനിയ്ക്ക് 20 കൊല്ലം കൂടി തടവു ശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുതിന്റെ ഏറ്റവും വലിയ വിമർശകനെ നിശബ്ദനാക്കാനുള്ള ഏറ്റവും ഒടുവിലത്തെ നീക്കമാണ് വെള്ളിയാഴ്ചത്തെ കോടതിവിധിയെന്ന് നവാൽനിയുടെ അനുയായികൾ ആരോപിച്ചു.
വഞ്ചനാക്കുറ്റം, കോടതിയലക്ഷ്യം എന്നിവയ്ക്ക് ഒമ്പത് കൊല്ലത്തെ ജയിൽ ശിക്ഷയും പരോൾ ലംഘനത്തിന് രണ്ടരക്കൊല്ലത്തെ ശിക്ഷയും അനുഭവിക്കുകയാണ് നവാൽനി. ഭരണകൂടത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഭീകരവാദം തുടങ്ങിയ തീവ്രമാായ കുറ്റ കൃത്യങ്ങളാണ് നവാൽനിയുടെ മേൽ ചുമത്തിയിട്ടുള്ളത്. പരമാവധി ശിക്ഷ നവാൽനിയ്ക്ക് നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. റഷ്യൻ നിയമ ചരിത്രത്തിൽ ഒരു നേതാവിന് ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ശിക്ഷാകാലാവധിയാണ് 47കാരനായ നവാൽനിയ്ക്ക് ലഭിച്ചിരിക്കുന്നത്.
മോസ്‌കോയ്ക്ക് കിഴക്കുള്ള ഒരു പീനൽ കോളനിയിൽ നടന്ന വിചാരണയിൽ പങ്കെടുക്കാൻ നവാൽനി എത്തിച്ചേരുന്ന വീഡിയോദൃശ്യം പുറത്തുവന്നിരുന്നു. കറുത്ത ജയിൽവസ്ത്രമണിഞ്ഞ് കൈകെട്ടി നിന്ന് വിധിപ്രസ്താവം കേൾക്കുന്ന നവാൽനിയെ വീഡിയോയിൽ കാണാമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുടിന്റേയും റഷ്യൻ ഭരണകൂടത്തിന്റേയും അഴിമതിക്കഥകൾ ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാൽനി പൊതു രംഗത്ത് സജീവമായത്. പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയതോടെ നവാൽനി പുടിന് കൂടുതൽ തലവേദനയായി. തുടർന്ന് വിവിധ കേസുകൾ ചുമത്തി അറസ്റ്റ് ചെയ്തെങ്കിലും നവാൽനി പുടിനെതിരെ വിമർശനം തുടരുകയും ഇദ്ദേഹത്തിന് ജന പിന്തുണയേറുകയും ചെയ്തു. 2020-ൽ വിഷ പ്രയോഗത്തിലൂടെ നവാൽനിയെ കൊലപ്പെടുത്താൻ ശ്രമം നടന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നു. വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.