കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ ദീര്‍ഘിപ്പിക്കാന്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വേ നടപടികള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. മലപ്പുറം കളക്ടറേറ്റില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സമരസമിതി എന്നിവരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍വേ നടപടികളുടെ ഭാഗമായി ജില്ല റവന്യൂ ഉദ്യോഗസ്ഥര്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഭൂഉടമകളെ വീടുകളില്‍ ചെന്ന് സന്ദര്‍ശിച്ച് നഷ്ടപരിഹാര തുക സംബന്ധിച്ച് ബോധ്യപ്പെടുത്തും. ഭൂമി, വീട്, കെട്ടിടങ്ങള്‍ എന്നിവ വിട്ടുകൊടുക്കുന്നവര്‍ക്ക് പ്രത്യേകമായി നഷ്ടം കണക്കാക്കി വിശദീകരിക്കും.
ഒരു സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്തിന് 4500 രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഇത് കുറവാണെന്ന് തോന്നുന്നില്ല. നഷ്ടം തിട്ടപ്പെടുത്തിയാല്‍ മാത്രമേ എത്രയാണ് നഷ്ടക്കണക്കെന്ന് ബോധ്യപ്പെടുകയുള്ളൂ. നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ഏഴ് ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമടക്കം ആകെ 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. തിങ്കളാഴ്ച പള്ളിക്കല്‍ വില്ലേജിലും ബുധനാഴ്ച നെടിയിരുപ്പ് വില്ലേജിലും സര്‍വേ നടത്തും. ശേഷം ഓരോരുത്തര്‍ക്കുമുള്ള നഷ്ടപരിഹാരം കണക്കാക്കും. നഷ്ടപരിഹാരം ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് നീങ്ങൂ എന്നും മന്ത്രി വ്യക്തമാക്കി.
വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്കും മരങ്ങള്‍, കിണറുകള്‍ തുടങ്ങിയവക്കെല്ലാം നിലവിലെ മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കും. ഇതോടൊപ്പം വീട് നഷ്ടമാകുന്നവര്‍ക്ക് പുനരധിവാസത്തിന് നേരത്തേ നിശ്ചയിച്ച 4.6 ലക്ഷം രൂപ 10 ലക്ഷമാക്കി വര്‍ധിപ്പിച്ച് പുതിയ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായും മന്ത്രി പറഞ്ഞു. വിമാനത്താവളത്തില്‍ നിന്നുള്ള മലിനജലം സമീപ പ്രദേശങ്ങളിലേക്ക് ഒഴുക്കുന്നുണ്ടെന്ന പരാതി പരിശോധിക്കുന്നതിനായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിമാനത്താവള അധികൃതര്‍ എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.