അധ്യക്ഷ സ്ഥാനങ്ങള്‍ക്കായി പലയിടത്തും അട്ടിമറി, പൊട്ടിത്തെറി, കൈയ്യാങ്കളി

അധ്യക്ഷ സ്ഥാനങ്ങള്‍ക്കായി  പലയിടത്തും  അട്ടിമറി, പൊട്ടിത്തെറി, കൈയ്യാങ്കളി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് പലയിടത്തും അട്ടിമറിക്കും സംഘര്‍ഷങ്ങള്‍ക്കും കൈയ്യാങ്കളിക്കും കാരണമായി.

കോര്‍പറേഷന്‍, നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പുകളില്‍ അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പേരില്‍ പാര്‍ട്ടിയ്ക്കകത്തും മുന്നണിയിലുമുള്ള പ്രശ്നങ്ങള്‍ മുതല്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ അറിഞ്ഞോ, അറിയാതെയോ സംഭവിച്ച അപാകതകള്‍ വരെ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി. പലയിടത്തും മണിക്കൂറുകള്‍ നീണ്ട അനിശ്ചിതാവസ്ഥകള്‍ക്കു ശേഷമാണ് അധ്യക്ഷ-ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

ആലപ്പുഴ നഗരസഭ അധ്യക്ഷ പദവിയിലെ തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എം നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാര്‍ട്ടിയില്‍ സീനിയറും ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ. ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗണ്‍സിലര്‍ ആയ സൗമ്യ രാജിനെ അധ്യക്ഷ പദവയിലേക്ക് തിരഞ്ഞെടുത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം കൂടിയായ കെ.കെ. ജയമ്മയ്ക്ക് പകരം സൗമ്യ രാജിനെ തിരഞ്ഞെടുത്തത് കോഴ വാങ്ങിയാണെന്നാരോപിച്ച് നേതൃത്വത്തിനെതിരേ നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടികൊടിയും മുദ്രാവാക്യവുമായി തെരുവിലിറങ്ങി. പി.പി. ചിത്തരഞ്ജന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരേയാണ് പ്രധാനമായും മുദ്രാവാക്യം ഉയര്‍ന്നത്.

നെടുമങ്ങാട് നഗരസഭയില്‍ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുണ്ടായ പോരാട്ടവും ഇത്തവണത്തെ വേറിട്ട കാഴ്ചയായി. സി.പി.ഐയ്ക്ക് ഉപാധ്യക്ഷ സ്ഥാനം നല്‍കാമെന്ന് നേരത്തെയുണ്ടാക്കിയിരുന്ന ധാരണ തെറ്റിച്ചതാണ് ഇവിടെ സി.പി.എം.-സി.പി.ഐ. ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചത്. തുടര്‍ന്ന് ഉപാധ്യക്ഷ സ്ഥാനത്തേക്ക് സി.പി.എമ്മും സി.പി.ഐയും സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു.

സി.പി.എം സ്ഥാനാര്‍ഥി ഹരികേശന്‍ നായരാണ് 24 വോട്ടിന്‌വിജയിച്ചത. മൂന്ന് വോട്ടാണ് സി.പി.ഐ സ്ഥാനാര്‍ഥി എസ്. രവീന്ദ്രന് ലഭിച്ചത്. ധാരണ പ്രകാരം സി.പി.ഐക്കാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി തീരുമാനിച്ച എസ്. രവീന്ദ്രനെ അംഗീകരിക്കില്ലെന്ന് സി.പി.എം നേതാക്കള്‍ വ്യക്തമാക്കി. സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന എസ്. രവീന്ദ്രനെ അംഗീകരിക്കാനാവില്ലെന്നതായിരുന്നു സി.പി.എമ്മിന്റെ നിലപാട്. ഇതാണ് ഘടകകക്ഷികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചത്.

കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് തിരഞ്ഞെടുപ്പ് പ്രക്രിയ അനിശ്ചിതമായി നീളുന്നതിന് കാരണമായി. വൈകിയെത്തിയ സി.പി.എം അംഗങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് പ്രതിഷേധിച്ചത്. ഉച്ച കഴിഞ്ഞ് രണ്ടു മണിക്കായിരുന്നു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത് എന്നാല്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ എത്തിയത് രണ്ടുമണി കഴിഞ്ഞാണ്.

വൈകി എത്തിയ എല്‍.ഡി.എഫ് അംഗങ്ങളെ രജിസ്റ്ററില്‍ ഒപ്പിടാന്‍ അനുവദിക്കരുതെന്നും രണ്ടു മണിക്ക് കൗണ്‍സിലില്‍ എത്തിയ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തണം എന്നുമായിരുന്നു യു.ഡി.എഫിന്റെ ആവശ്യം. വരണാധികാരിയായ കളക്ടര്‍ ഇടപെട്ട് അംഗങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

വൈകിയെത്തിയ അംഗങ്ങള്‍ ഒപ്പിടാതിരിക്കുന്നതിന് രജിസ്റ്റര്‍ പിടിച്ചെടുക്കാനുള്ള ശ്രമവും നടന്നു. തുടര്‍ന്ന് കൈയ്യാങ്കളിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. രജിസ്റ്ററില്‍ ആരൊക്കെ വൈകിവന്ന് ഒപ്പിട്ടു എന്ന് പരിശോധിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.

പാലക്കാട് നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കൗണ്‍സിലര്‍ വോട്ട് മാറി ചെയ്തത് ബഹളത്തിനിടയാക്കി. ബിജെപി മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ വി. നടേശനാണ് വോട്ട് മാറി ചെയ്തത്. ബി.ജെ.പിക്ക് പകരം സി.പി.എമ്മിന് വോട്ട് രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. എന്നാല്‍ അബദ്ധം തിരിച്ചറിഞ്ഞ നടേശന്‍ ബാലറ്റ് തിരിച്ചെടുത്തു. എന്നാല്‍ ഇതിനെതിരെ എല്‍.ഡി.എഫും യു.ഡി.എഫും പ്രതിഷേധവുമായി രംഗത്തെത്തി.

ബോക്‌സിലിട്ടില്ലെന്ന പേരില്‍ ബാലറ്റ് സ്വീകരിക്കാമെന്ന നിലപാടാണ് വരണാധികാരി ആദ്യം കൈക്കൊണ്ടത്. ഇത് വലിയ ബഹളത്തിനിടയാക്കി. ബാലറ്റ് തിരിച്ചെടുത്ത് പുതിയ വോട്ട് സ്വീകരിക്കണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു. ബാലറ്റ് തിരിച്ച് നല്‍കിയില്ലെങ്കില്‍ നടപടി നേരിടുമെന്ന് വരണാധികാരി അറിയിച്ചു. തുടര്‍ന്ന് നടേശന്റെ വോട്ട് അസാധുവായതായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു.

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂരിലെ മുസ്ലിം ലീഗില്‍ രൂക്ഷമായ തര്‍ക്കം ഉടലെടുത്തു. ഇതേ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാത്രി വരെ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഡെപ്യൂട്ടി മേയറായി കെ.ഷബീനയെ തിരഞ്ഞെടുത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.

പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളിയാണ് ഷബീനയെ തിരഞ്ഞെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുള്‍ ഖാദര്‍ മൗലവിയെ തടയുകയും 15 മിനിട്ടോളം പ്രതിഷേധിക്കുകയും ചെയ്തു. കളമശേരി, കോട്ടയം, പരവൂര്‍ മുനിസിപ്പാലിറ്റികളില്‍ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് അധികാരം നിലനിര്‍ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.