തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കമായി. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉമ്മന്‍ ചാണ്ടിക്കും മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന വക്കം പുരുഷോത്തമനും ചരമോപചാരം അര്‍പ്പിച്ച് അനുശോചന പ്രമേയം അവതരിപ്പിച്ചു.
53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. സ്പീക്കര്‍ അനുശോചന പ്രമേയം വായിക്കുന്ന സമയം മുഴുവന്‍ സഭാംഗങ്ങളെല്ലാം എഴുന്നേറ്റ് നിന്നു കൊണ്ട് അന്തരിച്ച നേതാക്കളോടുള്ള ആദരവ് പ്രകടിപ്പിച്ചു.ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുനെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും സ്പീക്കര്‍ അനുസ്മരിച്ചു. അനുകരണീയ മാതൃകകള്‍ സൃഷ്ടിച്ച സ്പീക്കറായിരുന്നു വക്കം പുരുഷോത്തമനെന്നും എഎന്‍ ഷംസീര്‍ ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തിരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുന്നതിനൊപ്പം തിരഞ്ഞെടുപ്പിനെ നേരിട്ട 12 തവണകളില്‍ ഒരു തവണ പോലും പരാജയമെന്തെന്ന് അറിയാനിടവരാതിരിക്കുകയും ചെയ്ത് നേതാവായിരുന്നു അദ്ദേഹം. 53 വര്‍ഷക്കാലത്തോളം നിയമസഭാ സാമാജികനായി തുടര്‍ന്നതിലൂടെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ ഇടംനേടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരുപാട് പീഡാനുഭവങ്ങളിലൂടെ കടന്നുപോയ നേതാവ് കൂടിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭരണാധികാരിയായിരിക്കുമ്പോഴും സാധാരണക്കാര്‍ക്കിടയില്‍ ജീവിക്കാന്‍ ആഗ്രഹിച്ച നേതാവായിരുന്നു അദ്ദേഹം. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നും അവരെ എങ്ങനെ ഒരുമിച്ച് നിര്‍ത്തണമെന്നും ഉമ്മന്‍ചാണ്ടി കാണിച്ചുതന്നതായും വി.ഡി സതീശന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും മകള്‍ മരിയ ഉമ്മനും ചെറുമകനും കുടുംബാംഗങ്ങളും നിയമസഭയുടെ വിസിറ്റേഴ് ഗാലറിയിലെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.