സെലന്‍സ്‌കിയെ വധിക്കാന്‍ ഗൂഢാലോചന; റഷ്യന്‍ ചാര യുവതി അറസ്റ്റിലായെന്ന് ഉക്രെയ്ന്‍

സെലന്‍സ്‌കിയെ വധിക്കാന്‍ ഗൂഢാലോചന; റഷ്യന്‍ ചാര യുവതി അറസ്റ്റിലായെന്ന് ഉക്രെയ്ന്‍

കീവ്: ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ റഷ്യന്‍ ചാര യുവതിയെ അറസ്റ്റ് ചെയ്തതായി സുരക്ഷാ ഏജന്‍സി. ഉക്രെയ്ന്‍ സുരക്ഷാ ഏജന്‍സിയായ എസ്.ബി.യു ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജൂലൈയില്‍ തെക്കന്‍ മൈകോലൈവില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സെലന്‍സ്‌കി സന്ദര്‍ശിച്ചിരുന്നു. പ്രദേശത്തെ സൈനിക താവളത്തിന് സമീപത്തെ കടയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഉക്രെയ്ന്‍ സൈനികര്‍ക്കു സാധനങ്ങളും വിറ്റിട്ടുണ്ട്. ഇവിടെ വെച്ച് സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ യുവതി പകര്‍ത്തിയിരുന്നു.

റഷ്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശപ്രകാരം സെലന്‍സ്‌കിയുടെ ഇങ്ങോട്ടുള്ള യാത്രാപദ്ധതി അറിയാനും ശ്രമിച്ചു എന്നാണ് എസ്.ബി.യു ആരോപിക്കുന്നത്. ഇത് മുന്‍കൂട്ടി അറിഞ്ഞ സെക്യൂരിറ്റി സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ പിടികൂടുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സെലന്‍സ്‌കിയുടെ സന്ദര്‍ശനത്തിന് അധിക സുരക്ഷ നല്‍കിയിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

സ്ത്രീയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ ഉക്രെയ്ന്‍ സുരക്ഷാ ഏജന്‍സി (എസ്ബിയു) തയാറായില്ല. എന്നാല്‍ മുഖംമറച്ച ചിത്രങ്ങള്‍ പുറത്തുവിട്ടു. യുവതി സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുക്കു നില്‍ക്കുന്ന ചിത്രമാണു പുറത്തുവന്നത്. കുറ്റം തെളിഞ്ഞാല്‍ 12 വര്‍ഷം വരെ തടവാണ് ശിക്ഷയായി ലഭിക്കുക. അറസ്റ്റിനെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.

റഷ്യയെ പിന്തുണയ്ക്കുന്ന പ്രദേശവാസികള്‍ റഷ്യന്‍ സൈന്യത്തെ സഹായിക്കാന്‍ വിവരങ്ങള്‍ കൈമാറുന്നുവെന്ന് ഉക്രെയ്ന്‍ എല്ലായ്‌പ്പോഴും കുറ്റപ്പെടുത്താറുണ്ട്.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയശേഷം പന്ത്രണ്ടിലേറെ കൊലപാതക ശ്രമങ്ങളെ സെലന്‍സ്‌കി അതിജീവിച്ചെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.