ആക്ഷനും കട്ടും റീടേക്കുമില്ലാത്ത ലോകത്തേക്ക് തനിയെ യാത്രയായി മലയാളത്തിന്റെ പ്രിയ സിദ്ദിഖ്

ആക്ഷനും കട്ടും റീടേക്കുമില്ലാത്ത ലോകത്തേക്ക് തനിയെ യാത്രയായി മലയാളത്തിന്റെ പ്രിയ സിദ്ദിഖ്

കൊച്ചി: സൗമ്യമായ ചിരി മറ്റുള്ളവര്‍ക്ക് സമ്മാനിച്ച് ചിരികള്‍ ഇല്ലാത്ത ലോകത്തേക്ക് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സിദ്ദിഖ് യാത്രയാകുമ്പോള്‍ മലയാള സിനിമ ശാഖയ്ക്ക് നഷ്ടമാകുന്നത് നല്ലൊരു ചിരി വസന്തത്തിന്റെ പുതിയ കാലവും അടുത്ത അധ്യായവുമാണ്.

1989ല്‍ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിംഗ് ഇന്ന് മലയാള ചലച്ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കൈപിടിച്ചു കയറിയ പ്രിയ സിദ്ദിഖ് നടനും നിര്‍മ്മാതാവും തിരക്കഥാകൃത്തും ആയി ശോഭിച്ചു. മിമിക്രിക്കാരെ വളര്‍ത്തിക്കൊണ്ടുവന്ന എറണാകുളത്തെ ആബേല്‍ അച്ചന്റെ കലാഭവന്‍ എന്ന സ്ഥാപനത്തെ നമുക്ക് ഏവര്‍ക്കും അറിയാം. മിമിക്രി വേദികളില്‍ സജീവമായിരുന്ന അദേഹം കലാഭവനിലും ഹരിശ്രീയിലും അംഗമായിരുന്നു.

സിദ്ദിഖ് എന്ന പേരിനോടൊപ്പം ചേര്‍ത്തുവച്ച ലാലും
മലയാളത്തില്‍ എപ്പോഴും ചില പേരുകള്‍ക്കൊപ്പം മറ്റ് ചില പേരുകളും കൂടി ചേര്‍ത്താലേ ഒരു പൂര്‍ണത ഉണ്ടാവുകയുള്ളൂ. അത്തരത്തില്‍ ഒരു സൗഹൃദ വലയം തീര്‍ത്ത സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചത് എക്കാലത്തെയും മികച്ച ചിത്രങ്ങള്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്നെന്ന പോലെ ആ ഹാസ്യരംഗങ്ങള്‍ പുതുമയാര്‍ന്ന അനുഭവത്തിലൂടെ വീണ്ടും വീണ്ടും കാണുന്നുവെന്ന തോന്നല്‍ പ്രേക്ഷകനില്‍ ജനിപ്പിക്കുന്നു.

ലാലിനൊപ്പം റാംജിറാവ് സ്പീക്കിങ് കൂടാതെ ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങളാണ് ഇവര്‍ ഒരുമിച്ച് ചെയ്തത്. മലയാളത്തിന്റെ പ്രിയ കന്നാസും കടലാസുമായിരുന്നു സിദ്ദിഖ് ലാല്‍ എന്ന സൗഹ്യദ വലയം. എന്നാല്‍ ഇവരുടെ സൗഹൃദത്തില്‍ അവസാനമായി ഒരുമിച്ച് ചെയ്തത് 1994ല്‍ പുറത്തിറങ്ങിയ കാബൂളിവാല യായിരുന്നു.

കോമഡി വേദികളില്‍ നിന്നും ക്യാമറ കണ്ണിലൂടെ അഭിനേതാക്കളുടെ അഭിനയത്തെ രൂപപ്പെടുത്തി എടുക്കുന്ന സംവിധായകലേക്കുള്ള യാത്ര സുഗമമാക്കിയത് ഫാസിലായിരുന്നു. ബോളിവുഡ്ഡും കോളിവുഡ്ഡും കടന്ന് ബോളിവുഡില്‍ വരെ സ്റ്റാര്‍ട്ട് -ആക്ഷന്‍ -ക്യാമറ - കട്ട് എന്ന് പറയാനുള്ള ഒരു ഒരു ഭാഗ്യമുണ്ടാവുക എന്നുള്ളത് അത്ര ചെറിയ കാര്യമല്ല.

ഒരു അഭിമുഖത്തിനിടെയില്‍ സിദ്ദിഖ് പറഞ്ഞത് ചെറുപ്പത്തില്‍ തന്നെ പൊട്ടക്കന്നാസ് എന്ന് കളിയാക്കി വിളിക്കാറുണ്ടായിരുന്നെന്നാണ്. ജീവിതത്തില്‍ പലയിടത്തും പരാജയപ്പെട്ടിട്ടുണ്ടന്നും താന്‍ പരാജയപ്പെട്ടയിടം തനിക്ക് പറ്റിയ മേഖല അല്ലായിരുന്നു എന്ന തിരിച്ചറിവും അദേഹത്തിനുണ്ടായിരുന്നു.

മലയാളികളുടെയും പ്രിയപ്പെട്ട ബോളിവുഡ് താരമായ സല്‍മാന്‍ ഖാനുമായി ചേര്‍ന്ന് ഒരുക്കിയ ബോഡിഗാര്‍ഡ് ശതകോടി ക്ലബ്ബിലെത്തിയാണ് ചരിത്രം രചിച്ചത്. മലയാളത്തില്‍ ദിലീപ് - നയന്‍താര കൂട്ടുകെട്ടില്‍ ഇറങ്ങിയ ബോഡിഗാര്‍ഡ് തമിഴില്‍ വിജയിയേയും ഉപയോഗിച്ച് റീമേക്ക് ചെയ്തപ്പോള്‍ അവിടെയും അത് വിജയ ചരിത്രം തീര്‍ത്തു.

1996 ല്‍ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയായി മമ്മൂട്ടിയെ അവതരിപ്പിച്ചുകൊണ്ട് അദേഹം സ്വതന്ത്ര സംവിധായകനായി തുടക്കം കുറിച്ചു. ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍ ,ബോഡിഗാര്‍ഡ്, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയ ചിത്രങ്ങള്‍ സ്വതന്ത്രമായി സംവിധാനം ചെയ്തത്.

സിദ്ദിഖ് എന്ന സംവിധായകന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് അത്യപൂര്‍വ്വമായ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ചിത്രങ്ങളായിരുന്നു. ബാലകൃഷ്ണനെയും ഗോപാലകൃഷ്ണനെയും മാന്നാര്‍ മത്തായി ചേട്ടനെയും മലയാളികള്‍ ഓര്‍ക്കുമെങ്കില്‍ തീര്‍ച്ചയായും വിട്ടുപിരിഞ്ഞു പോയ സിദ്ദിഖിനെയും മനസില്‍ മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കും.

അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ ഒരു മലയാളിയും മറക്കില്ല. വീണ്ടും വീണ്ടും കാണുമ്പോഴും പുതുമ തോന്നുന്ന ചിത്രമാണ് ഗോഡ് ഫാദര്‍. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് സിദ്ദിഖും ലാലും ചേര്‍ന്നായിരുന്നു. 'വെക്കടാ നിന്റെ അമ്മയുടെ ചെവിട്ടിലും പഞ്ഞി ' എന്ന് ഹാസ്യരൂപേണയുള്ള ആനപ്പാറ അച്ചാമ്മയുടെ സംഭാഷണം കേട്ടിരിക്കാന്‍ എന്ത് രസമാണ്. തിരുവനന്തപുരത്തെ ഒരു തീയറ്ററില്‍ ഈ ചിത്രം തുടര്‍ച്ചായായി 405 ദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചിരുന്നു.

കോളനി ജീവിതത്തെ കുറിച്ച് കഥയെഴുതാന്‍ വന്ന ജി.കൃഷ്ണമൂര്‍ത്തിയെയും കെ.കെ ജോസഫിനെയും അവതരിപ്പിച്ച ചിത്രമായിരുന്നു 1992 ലെ വിയറ്റ്‌നാം കോളനി. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ സംവിധാനവും രചനയും നിര്‍വഹിച്ച ചിത്രമായിരുന്നു ഇത്. പച്ചയായ മനുഷ്യരുടെ ജീവിതം തുറന്നുകാട്ടുന്നതാണ് ഈ ചിത്രം.

അങ്ങനെ തമാശകളിലൂടെ മാത്രമല്ല; സംഭാഷണങ്ങളിലൂടെ കരയിപ്പിക്കുകയും ചെയ്ത സംവിധായകനാണ് അദേഹം. ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിലെ അവസാന രംഗത്ത് തന്റെ സഹോദരങ്ങളെ വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ ഒരുങ്ങുന്ന മാധവന്‍കുട്ടി എന്ന മൂത്ത ജ്യേഷ്ഠന്‍ പറയുന്ന വേദനാജനകമായ സംഭാഷണങ്ങളും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തിട്ടുണ്ട്.

മലയാളികള്‍ എന്താണോ കാണാനും കേള്‍ക്കാനും ആഗ്രഹിച്ചത് അത് തന്റെ സംവിധാനത്തിലൂടെയും രചനയിലൂടെയും മലയാളികള്‍ക്ക് സമ്മാനിച്ച ഈ മഹാവിസ്മയം കാലത്തിന്റെ യവനികയിലേക്ക് മാറ്റപ്പെടുമ്പോള്‍ അനശ്വരമാക്കിയ ഒരുപാട് നല്ല സുന്ദര ദൃശ്യങ്ങള്‍ വരുന്ന തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.