കാന്‍ബറ: അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന രാജ്യാന്തര കുറ്റവാളി ശൃംഖലയിലെ 98 പേര്‍ ഓസ്‌ട്രേലിയയിലും അമേരിക്കയിലുമായി അറസ്റ്റില്‍. 13 കുട്ടികളെ കുറ്റവാളികളില്‍ നിന്ന് രക്ഷിച്ചതായി യുഎസ്, ഓസ്ട്രേലിയന്‍ പോലീസ് അധികൃതര്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (എഫ്ബിഐ) ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസും (എഎഫ്പി) സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ അമേരിക്കയില്‍ നിന്ന് 79 അറസ്റ്റുകളും ഓസ്‌ട്രേലിയയില്‍നിന്ന് 19 അറസ്റ്റുകളും രേഖപ്പെടുത്തി. രാജ്യാന്തര തലത്തില്‍ വ്യാപിച്ചുകിടക്കുന്ന പീഡോഫിലുകളുടെ (പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവര്‍) വിശാലമായ ശൃംഖലയിലെ അംഗങ്ങളാണ് പിടിയിലായവരെന്ന് എഫ്ബിഐ വെളിപ്പെടുത്തി.
രണ്ട് വര്‍ഷം മുന്‍പ് പീഡോഫീലിയ ശൃംഖലയെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ രണ്ട് എഫ്ബിഐ ഏജന്റുമാര്‍ ഫ്‌ളോറിഡയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വീഡിയോകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ കൈവശം വച്ച ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇരുവരും വെടിയേറ്റു മരിച്ചത്.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ലൈംഗിക ദുരുപയോഗത്തിന്റെ ആപത്തുകള്‍ക്കെതിരേ വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിനും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധ നേടിയവരായിരുന്നു രണ്ടു എഫ്ബിഐ ഏജന്റുമാരും. ഇരുവരുടെയും കൊലപാതകം എഫ്ബിഐയ്ക്ക് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഇതുശേഷം വിപുലമായ അന്വേഷണമാണ് രാജ്യാന്തര തലത്തില്‍ നടത്തിക്കൊണ്ടിരുന്നത്.
പിടിയിലായവര്‍ അത്യാധുനികമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് സമൂഹത്തില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്നതെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമാന്‍ഡര്‍ ഹെലന്‍ ഷ്നൈഡര്‍ പറഞ്ഞു.
'കുട്ടികളെ ദുരുപയോഗിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഉള്‍പ്പെടെ കാണുന്നതും വിതരണം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. പോലീസ് കണ്ടെത്തുന്നത് ഒഴിവാക്കാന്‍ ഈ നെറ്റ്വര്‍ക്ക് നടത്തുന്ന ശ്രമങ്ങള്‍ ഇവര്‍ എത്രത്തോളം അപകടകാരികളായിരുന്നു എന്നതിന്റെ സൂചനയാണ്. ഇതു പോലുള്ള ആളുകള്‍ പിടിയിലാകാതിരിക്കുന്ന കാലത്തോളം കുട്ടികളെ ദുരുപയോഗിക്കുന്നതിന്റെ കാലയളവും വര്‍ധിക്കുന്നു. ചില കുറ്റവാളികള്‍ 10 വര്‍ഷത്തിലേറെയായി ഇതേ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ്' - ഹെലന്‍ ഷ്നൈഡര്‍ വ്യക്തമാക്കി.
അന്വേഷണത്തിലൂടെ കണ്ടെത്തിയ ദുരുപയോഗത്തിന്റെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതും ആഴത്തില്‍ അസ്വസ്ഥതയുളവാക്കുന്നതുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അറസ്റ്റുകള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഹെലന്‍ വ്യക്തമാക്കി.
കുട്ടികളെ ചൂഷണം ചെയ്യുന്ന കണ്ടന്റുകള്‍ അടങ്ങിയ ഫയലുകള്‍ രഹസ്യമായി പങ്കിടാനും ചാറ്റ് ചെയ്യാനുമൊക്കെ പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. നിയമപാലകരുടെ കണ്ണില്‍പെടാതിരിക്കാന്‍ വലിയ മുന്‍കരുതലാണ് സംഘം സ്വീകരിച്ചിരുന്നത്.
2022-ലാണ് ഓസ്ട്രേലിയന്‍ പോലീസ് ഈ കേസില്‍ എഫ്ബിഐയുമായി സഹകരിക്കാന്‍ ആരംഭിച്ചത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വീഡിയോകള്‍ ഡാര്‍ക്ക് വെബില്‍ പങ്കുവെക്കുന്ന ശൃംഖലയിലെ ഓസ്ട്രേലിയന്‍ അംഗങ്ങളുടെ വിശദാംശങ്ങള്‍ എഫ്ബിഐ കൈമാറിയതോടെയാണ് ഓസ്ട്രേലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.
'ഈ അന്വേഷണം വളരെ സങ്കീര്‍ണ്ണമായിരുന്നു' - കാന്‍ബെറയിലെ എഫ്ബിഐയുടെ പ്രതിനിധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഈ പ്ലാറ്റ്ഫോമുകളുടെ സങ്കീര്‍ണ്ണതയും അജ്ഞാത സ്വഭാവവും അര്‍ത്ഥമാക്കുന്നത് ഒരു ഏജന്‍സിക്കോ രാജ്യത്തിനോ ഒറ്റയ്ക്ക് ഇത്തരം ഭീഷണികളെ നേരിടാന്‍ കഴിയില്ല എന്നാണ്'. അന്വേഷണം രാജ്യാന്തര തലത്തില്‍ തുടരുമെന്നും പ്രതിനിധി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.