ഹവായില്‍ കാട്ടുതീ ദുരന്തം; 36 മരണം, രക്ഷപ്പെടാന്‍ പസഫിക് സമുദ്രത്തിലേക്ക് ചാടി ജനങ്ങള്‍

ഹവായില്‍ കാട്ടുതീ ദുരന്തം; 36 മരണം, രക്ഷപ്പെടാന്‍ പസഫിക് സമുദ്രത്തിലേക്ക് ചാടി ജനങ്ങള്‍

ന്യൂയോര്‍ക്ക്: പശ്ചിമ അമേരിക്കയിലെ ഹവായ് ദ്വീപിന്റെ ഭാഗമായ മൗയിയില്‍ അതിവേഗം പടരുന്ന കാട്ടുതീയില്‍ 36 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഡോറ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കാട്ടുതീയാണ് ദ്വീപില്‍ നാശം വിതച്ചത്. പൊള്ളലേറ്റവരെ ചികിത്സ നല്‍കുന്നതിനായി ഒവാഹു ദ്വീപിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോയതായി അധികൃതര്‍ അറിയിച്ചു.

പ്രദേശത്ത് രാത്രിയും പകലുമായി ശക്തമായ തീപിടിത്തമുണ്ടായതോടെ ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍വിട്ട് ഓടേണ്ടിവന്നു. നിരവധി ആളുകളെ കാണാതായി. ഇവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ പ്രദേശവാസികള്‍ സ്വയരക്ഷയ്ക്കായി പസഫിക് സമുദ്രത്തിലേക്ക് എടുത്തുചാടി. ഇവരില്‍ മിക്കവരെയും യുഎസ് കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിച്ചു.

തീ അണയ്ക്കാനായി ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ശ്രമം തുടരുകയാണ്. വീടുകളില്‍ നിന്ന് ഒഴിപ്പിച്ചവര്‍ക്ക് അഭയമൊരുക്കുന്നതിനായി മൗയിയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എന്നാല്‍ തീ പടരുന്ന സാഹചര്യത്തില്‍ എല്ലാ ക്യാമ്പുകളിലും ആളുകള്‍ നിറഞ്ഞിരിക്കുകയാണ്.

തീപിടിത്തമുണ്ടായ ദ്വീപ് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ്. സഞ്ചാരികളോട് ഇങ്ങോട്ട് വരരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമായ ഫ്രണ്ട് സ്ട്രീറ്റില്‍ ഉള്‍പ്പെടെ ലഹൈനയില്‍ കാട്ടുതീ വലിയ നാശനഷ്ടമുണ്ടാക്കി.

റിസോര്‍ട്ടുകള്‍ ധാരാളമുള്ള വിനോദസഞ്ചാരകേന്ദ്രമായ ലഹൈന നഗരം പൂര്‍ണമായും തീപിടിത്തത്തില്‍ നശിച്ചുവെന്നാണ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ കത്തിനശിച്ചു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. തീപിടിത്തമുണ്ടായ മൂന്ന് മേഖലകളിലെ 13 ഇടങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റിമാര്‍പ്പിച്ചു. 11,000 ടൂറിസ്റ്റുകളെ ദ്വീപില്‍നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ്, യുഎസ് സിവില്‍ എയര്‍ പട്രോളും മൗയി അഗ്‌നിശമന വകുപ്പും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 271 കെട്ടിടങ്ങള്‍ക്ക് തീപിടിത്തത്തില്‍ നാശനഷ്ടം സംഭവിച്ചതായി കണ്ടെത്തി. എന്നാല്‍ നാശനഷ്ടത്തിന്റെ പൂര്‍ണ വ്യാപ്തി വിലയിരുത്താന്‍ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരുമെന്ന് മൗയി കൗണ്ടി വക്താവ് മഹിന മാര്‍ട്ടിന്‍ പറഞ്ഞു.

തീപിടിത്തത്തില്‍ ആളുകള്‍ മരിച്ചതില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുശോചിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലഹൈനയുടെ പലഭാഗങ്ങളില്‍നിന്നും പുക ഉയരുന്നതിന്റെ ആകാശദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ആരംഭിച്ച കാട്ടുതീയില്‍ ആയിരക്കണക്കിന് ഏക്കര്‍ കത്തിനശിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ക്കു വീടും മൃഗങ്ങളും ഉള്‍പ്പെടെ സര്‍വതും നഷ്ടമായെന്ന് അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.